ബോളിവുഡ് താരസുന്ദരികളായ ദീപിക പദുക്കോണും ആലിയ ഭട്ടും ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളാണ്. ആലിയയുടെ ഭർത്താവും ബോളിവുഡ് താരവുമായ രൺബീർ കപൂറിന്റെ മുൻ കാമുകിയായിരുന്നു ദീപിക. അതുകൊണ്ടുതന്നെ, ആലിയ- ദീപിക സൗഹൃദം പലപ്പോഴും അഭിമുഖങ്ങളിൽ ചർച്ചാവിഷയമാവാറുണ്ട്. കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ 7-ാം സീസണിലെത്തിയ ആലിയ ഭട്ട് ദീപികയെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രൺബീറിന്റെ മുൻകാമുകിമാരായ കത്രീന കൈഫും ദീപിക എന്നിവരുമായും തനിക്ക് നല്ല സൗഹൃദമാണ് ഉള്ളതെന്ന് ആലിയ പറഞ്ഞു.
മുൻപ്, കോഫി വിത്ത് കരണിന്റെ ആറാം സീസണിൽ ദീപികയും ആലിയയും അതിഥികളായി എത്തിയിരുന്നു. വേർപിരിഞ്ഞെങ്കിലും രൺബീറുമായുള്ള ബന്ധത്തിന് താൻ എത്രത്തോളം വിലമതിക്കുന്നുവെന്ന് ദീപിക ഷോയ്ക്ക് ഇടയിൽ തുറന്നു പറഞ്ഞിരുന്നു. “ഞങ്ങളുടെ ബന്ധം മെച്ചപ്പെട്ടിട്ടേയുള്ളൂ. ഇന്ന് ഞങ്ങൾക്കിടയിലുള്ള ബന്ധത്തിനാണ് ഞാൻ ഏറ്റവും വിലമതിക്കുന്നത്. ഇതിലും മികച്ചതായിരിക്കാൻ കഴിയില്ല ഒരു സൗഹൃദത്തിനും,” എന്നാണ് ദീപിക പറഞ്ഞത്.

ദീപികയും രൺബീറും പരസ്പരം കാണുമ്പോഴും സംസാരിക്കുമ്പോഴും ആലിയയ്ക്ക് വിഷമം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ആലിയയോട് കരണിന്റെ ചോദ്യം. ”ഞാൻ അത്തരം കാര്യങ്ങളിൽ മുറുകെ പിടിക്കുന്നില്ല, വിഷമിക്കേണ്ടതായി ഒന്നുമില്ല. ഒരു അസ്വാഭാവിക സംഭാഷണമുണ്ടെങ്കിൽ, തീർച്ചയായും അത് ചില അസ്വസ്ഥതകൾ ഉളവാക്കും. അതെങ്ങനെയാണ്, അതിൽ വിഷമിക്കേണ്ട കാര്യമില്ല. ഞങ്ങൾ വളരെ സന്തുഷ്ടരാണ്, സമാധാനത്തിലും സംതൃപ്തിയിലുമാണ്,” എന്നായിരുന്നു ആലിയയുടെ മറുപടി.
ഒരു കോൾഡ്പ്ലേ കൺസേർട്ടിൽ പങ്കെടുത്തപ്പോഴാണ് ആലിയയുമായി കൂടുതൽ അടുത്തിടപഴകാൻ കഴിഞ്ഞതെന്നും ദീപിക പറഞ്ഞു. “രണ്ട് വർഷം മുമ്പ് ഐഐഎഫ്എയിലാണ് ഇതാരംഭിച്ചത്. ഞങ്ങൾ ഒരു കൺസേർട്ട് കാണാൻ പോയി, അപ്പോഴാണ് ഞങ്ങൾ ഒരുമിച്ചു കൂടുതൽ സമയം ചെലവഴിച്ചത്, അതൊട്ടും പ്ലാൻ ചെയ്ത ഒരു മീറ്റിംഗ് ആയിരുന്നില്ല. പക്ഷേ ഞങ്ങൾ ശരിക്കും കണക്റ്റ് ചെയ്തത് ആ രാത്രിയാണ്,” കൺസേർട്ടിനിടെ സ്ത്രീകളുടെ ശുചിമുറിക്ക് പുറത്ത് നീണ്ട ക്യൂ ഉണ്ടായിരുന്നതിനാൽ ഇരുവരും ഒന്നിച്ച് പുരുഷന്മാരുടെ വാഷ്റൂമിൽ പോയ ഒരനുഭവവും ദീപിക വിവരിച്ചു. ഞങ്ങൾ അത്തരത്തിലുള്ള നിരവധി കിറുക്കുകൾ ഒന്നിച്ചു ചെയ്തിട്ടുണ്ടെന്നാണ് ദീപികയുടെ വാക്കുകളെ പിന്താങ്ങി കൊണ്ട് ആലിയ പറഞ്ഞത്.
ദീപികയുടെ വ്യക്തിത്വത്തിന് മറ്റൊരു വശം താൻ കണ്ടെത്തിയതും അന്നാണെന്ന് ആലിയ പറഞ്ഞു. “ആ രാത്രി എനിക്ക് ഒരു വെളിപാടായിരുന്നു. കാരണം ദീപികയെ ഞാൻ എപ്പോഴും വളരെ സമചിത്തതയോടെയും ഒതുക്കത്തോടെയുമാണ് കണ്ടത്. എന്നാൽ ആ ദിവസം ദീപിക ക്രേസിയായിരുന്നു, ആകെ പൊട്ടിത്തെറിച്ച്,” ചിരിയോടെ ആലിയ പറഞ്ഞു.
ദീപികയോടും കത്രീനയോടും തനിക്കുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ആലിയ കൂട്ടിച്ചേർത്തു, “ഞാനും കത്രീനയും ജിമ്മിൽ വച്ച് കാണാറുള്ളതുകൊണ്ട് ധാരാളം സമയം ഒന്നിച്ച് ചിലവഴിച്ചിട്ടുണ്ട്. എന്നാൽ ദീപികയും ഞാനും തമ്മിലുള്ള ബന്ധം എപ്പോഴും വളരെ ഊഷ്മളമായിരുന്നു. ഒരു രാത്രി ഞാൻ ഡിപി (ദീപിക)യുമായി ഇരുന്നാൽ, എന്റെ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഞാൻ പങ്കുവെക്കും, അതോടെ ഞാൻ ഓകെയാവും. ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കാറില്ല, ആ അർത്ഥത്തിൽ ഞങ്ങൾ സുഹൃത്തുക്കളല്ല, എന്നാൽ ഞങ്ങൾ ഒരുമിച്ച് ഹാംഗ്ഔട്ട് ചെയ്യുമ്പോഴെല്ലാം ഞങ്ങൾക്കിടയിൽ ഒരു കംഫർട്ട് ലെവലുണ്ട്.”