ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയചിത്രങ്ങളിൽ ഒന്നാണ് ‘കുച്ച് കുച്ച് ഹോത്താ ഹേ’. ചിത്രത്തിൽ റാണി മുഖർജി ചെയ്ത വേഷത്തിലേക്ക് സംവിധായകൻ ആദ്യം പരിഗണിച്ചത് ഐശ്വര്യറായിയെ ആയിരുന്നു. എന്നാൽ ആ സമയത്ത് മറ്റു ചില ചിത്രങ്ങളുമായി തിരക്കായതിനാൽ ഐശ്വര്യ ആ വേഷം ഉപേക്ഷിക്കുകയായിരുന്നു. അന്ന് താൻ ആ ചിത്രം ചെയ്തിരുന്നുവെങ്കിൽ താൻ ലിഞ്ച് ചെയ്യപ്പെട്ടേനേ എന്നാണ് പിന്നീട് ഐശ്വര്യ ഇതിനെ കുറിച്ച് പറഞ്ഞത്, കാരണം ആ ചിത്രം എല്ലാ അർത്ഥത്തിലും കാജോളിന്റേതായിരുന്നുവെന്നും ഐശ്വര്യ പറയുന്നു.
1990കളുടെ അവസാനത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്ത നടിമാരിൽ ഒരാളായിരുന്നു ഐശ്വര്യ റായ്. മിസ് വേൾഡ് ആകുന്നതിന് മുമ്പുതന്നെ, ഐശ്വര്യ അറിയപ്പെടുന്ന മോഡലായിരുന്നു. മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം യാഷ് ചോപ്ര, സൂരജ് ബർജാത്യ എന്നു തുടങ്ങി പ്രഗത്ഭരായ സിനിമാപ്രവർത്തകരിൽ നിന്നും നിരവധി ഓഫറുകളും ഐശ്വര്യയെ തേടിയെത്തി. ആ സമയത്ത് തന്നെയാണ്, കുച്ച് കുച്ച് ഹോതാ ഹേ, ഹം സാത്ത് സാത്ത് ഹേ തുടങ്ങിയ ചിത്രങ്ങളിൽ നിന്നും ഐശ്വര്യയ്ക്ക് ഓഫർ വന്നത്. എന്നാൽ തിരക്കു കാരണം ആ ഓഫറുകൾ സ്വീകരിക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചില്ല.
1999-ൽ ഫിലിംഫെയറിനു നൽകിയ അഭിമുഖത്തിൽ കരൺ ജോഹറിന്റെ സിനിമ നിരസിച്ചതിനെ കുറിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ, “കുച്ച് കുച്ച് ഹോതാ ഹേ’ എന്ന ചിത്രത്തിനായി കരൺ ജോഹർ എന്നെ സമീപിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന് ആവശ്യമായ തീയതികൾ നൽകാൻ അന്ന് കഴിയുമായിരുന്നില്ല. ആർകെ ചിത്രത്തിനായി കമ്മിറ്റ് ചെയ്ത ഡേറ്റായിരുന്നു അത്. ആ ചിത്രം കാജോളിന്റെതാണ്. അതിൽ സംശയമില്ല. റാണി മുഖർജി ചിത്രത്തിൽ മികച്ച രീതിയിൽ ജോലി ചെയ്തുവെന്ന് കൂടി കൂട്ടിച്ചേർക്കട്ടെ.”
“ഞാൻ ‘കുച്ച് കുച്ച് ഹോതാ ഹേ’ ചെയ്തിരുന്നെങ്കിൽ, ‘നോക്കൂ, ഐശ്വര്യ റായ് മുടി നേരെയാക്കി, മിനി ഡ്രസ്സ് ധരിച്ച്, ഗ്ലാമറസ് ആയി തന്റെ മോഡലിംഗ് കാലത്ത് ചെയ്‌തത് ചെയ്യാൻ തിരിച്ചെത്തി’ എന്ന് ആളുകൾ പറയുമായിരുന്നു. കഥാന്ത്യത്തിൽ നായകൻ യഥാർത്ഥ ആളിലേക്ക് തിരികെ പോവുകയും ചെയ്യും! അന്ന് ഞാൻ ‘കുച്ച് കുച്ച് ഹോതാ ഹേ’ ചെയ്തിരുന്നെങ്കിൽ ഞാൻ ‘ലിഞ്ച്’ ചെയ്യപ്പെടുമായിരുന്നെന്ന് എനിക്കറിയാം.”
‘കുച്ച് കുച്ച് ഹോതാ ഹേ’യിൽ റാണി മുഖർജി കഥാപാത്രത്തിനായി ഐശ്വര്യറായിയെ കൂടാതെ ട്വിങ്കിൾ ഖന്ന, ജൂഹി ചൗള, ഉർമിള മാതോന്ദ്കർ തുടങ്ങി നിരവധി അഭിനേതാക്കളെ കരൺ സമീപിച്ചിരുന്നു. എന്നാൽ എസ്ആർകെ-കജോൾ സിനിമയിലെ ത്രികോണപ്രണയത്തിന്റെ ഭാഗമാവാൻ ആരും ആഗ്രഹിച്ചില്ല.
ഐശ്വര്യ പിന്നീട് കരൺ ജോഹറിനൊപ്പം പ്രവർത്തിച്ചത്, 2016ൽ റിലീസ് ചെയ്ത ‘ഏ ദിൽ ഹേ മുഷ്‌കിൽ’ എന്ന ചിത്രത്തിലാണ്. രൺബീർ കപൂർ, അനുഷ്‌ക ശർമ്മ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.