കേരളത്തിനകത്തും പുറത്തും ഒരുപോലെ വിവാദമായിരിക്കുകയാണ് കേരളത്തെകുറിച്ച് കെട്ടിപ്പെടുത്ത ‘ദി കേരളാ സ്റ്റോറി’ എന്ന സിനിമ. കേരളത്തിലെ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും വ്യാപകമായി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നാണു ചിത്രം പറയുന്നത്. ഇതേക്കുറിച്ച് തങ്ങൾ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയതായി പറയപ്പെടുന്ന വിവരങ്ങൾ കഥാരൂപത്തിലാക്കിയാണ് ആണ് ചിത്രത്തിൽ പറയുന്നത് എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. ആദ്യ ടീസർ എത്തിയത് മുതൽ തന്നെ ഇതിൽ പറയുന്ന വാദങ്ങൾക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു, പ്രത്യേകിച്ച് കേരളത്തിൽ.
മെയ് ആദ്യവാരം സിനിമ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ഇപ്പോൾ കൂടുതൽ ഗൗരവമായ ചർച്ചകൾക്കും നടക്കുന്നുണ്ട്. ഈ ചർച്ചകളിൽ എല്ലാം ഫോക്കസിൽ വരുന്നത് സിനിമയുടെ സിനിമയുടെ ആശയം, കഥ എന്നിവയാണ്. എന്നാൽ അവ പരിശോധിക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് കൂടുതൽ അറിയുക എന്നതും.
ഏതൊരു സിനിമയുടെയും അണിയറയിലെ പ്രധാനികൾ സ്വാഭാവികമായും നിർമ്മാതാവും സംവിധായകനും ആയിരിക്കും. കേരളത്തിന്റെ കഥ പറയുന്നു എന്ന് അവകാശപ്പെടുന്ന സിനിമയുടെ അമരത്ത് ഒരു ഗുജറാത്തിയും (നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ) ബംഗാളിയുമാണ് (സുദീപ്തോ സെൻ).
വിപുൽ ഷാ, നിർമ്മാതാവ്
നാടക രംഗത്തു നിന്നും വിനോദ വ്യവസായ രംഗത്തെത്തിയ ആളാണ് ഗുജറാത്തിലെ കച്ച് സ്വദേശി ഷാ. ഇന്ന് ബോളിവുഡിലെ പ്രധാന നിർമ്മാതാക്കളിൽ ഒരാളാണ് ഇദ്ദേഹം. സംവിധായകനും കൂടിയായ വിപുൽ ഷാ സൺഷൈൻ പിക്ചേഴ്സ് എന്ന നിർമ്മാണകമ്പനി നടത്തി വരുന്നു. ‘വഖ്ത്,’ ‘ആംഖെൻ,’ ‘നമസ്തേ ലണ്ടൻ’ തുടങ്ങിയ സിനിമകളുടെ സംവിധായകൻ വിപുൽ ഷായായിരുന്നു. അക്ഷയ് കുമാർ നായകനായ ‘സിങ് ഈസ് കിങ്’ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവും വിപുൽ ഷായായിരുന്നു.
‘ആംഖെൻ’ ആയിരുന്നു വിപുൽ ഷാ സംവിധാനം ചെയ്ത ആദ്യ സിനിമ. ഈ സിനിമയിൽ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, സുസ്മിത സെൻ എന്നിവരാണ് അഭിനയിച്ചത്.
അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ഋഷി കപൂർ എന്നിവർ വിപുൽ ഷാ സംവിധാനം ചെയ്ത വിവിധ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. വിപുൽ ഷാ സംവിധാനം ചെയ്തതും നിർമ്മിച്ചതുമായ മിക്കവാറും എല്ലാ ചിത്രങ്ങളിലും അക്ഷയ് കുമാറിന് പ്രധാന റോൾ ഉണ്ടായിരുന്നു.
അഭിനേത്രിയായ ഷെഫാലി ഷാ ആണ് ഇദ്ദേഹത്തിന്റെ ഭാര്യ.
സുദീപ്തോ സെൻ, സംവിധായകൻ
ബംഗാളിലെ ജൽപായ്ഗുഡി സ്വദേശിയാണ് ‘കേരളാ സ്റ്റോറി’യുടെ സംവിധായകനായ സുദീപ്തോ സെൻ. ടെലിഫിലിം, ഡോക്യുമെന്ററി, സിനിമ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് ദശകങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. വിവാദമായ കഴിഞ്ഞ ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലെ രാജ്യാന്തര ജൂറിയിൽ ഇന്ത്യയിൽ നിന്നുള്ള അംഗമായിരുന്നു ഇദ്ദേഹം.
അഞ്ച് വർഷം മുമ്പ് ‘ഇൻ ദ് നെയിം ഓഫ് ലവ്: മെലങ്വലി ഓഫ് ഗോഡ്സ് ഓൺ കൺട്രി’ എന്ന പേരിൽ കേരളം, ലവ് ജിഹാദ് ഒക്കെ ഉന്നയിച്ച് സുദീപ്തോ സെൻ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. ഇത് പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജെ എൻ യുവിൽ 2018 ൽ വിവാദവും ഉണ്ടായിരുന്നു. ഗ്ലോബൽ ഇന്ത്യാ ഫൗണ്ടേഷൻ, വിവേകാനന്ദ വിചാർ മഞ്ച് എന്നിവരാണ് അന്ന് ഈ സിനിമ പ്രദർശനം സംഘടിപ്പിച്ചത്. വിദ്വേഷ പ്രചാരണമാണ് ഈ സിനിമയുടെ ഉള്ളടക്കം എന്ന് ചൂണ്ടിക്കാണണിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ വിമർശനവും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ എ ബി വിപി സിനിമയ്ക്കൊപ്പം നിലയുറപ്പിച്ചു. അത് ജെ എൻ യു വിൽ സംഘർഷാവസ്ഥ സംജാതമാക്കി.
അതേ വിഷയം തന്നെയാണ് ‘ദി കേരളാ സ്റ്റോറി’ എന്ന സിനിമയ്ക്ക് പിന്നിലുമാണ് എന്നാണ് ഈ സിനിമ സംബന്ധിച്ച പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനസിലാകുന്നത്. 2018ൽ വിവാദമായ കാലത്ത് ഈ സിനിമയുടെ പേരിൽ ‘ഇൻ ദ് നെയിം ഓഫ് ലവ്: മെലങ്വലി ഓഫ് ഗോഡ്സ് ഓൺ കൺട്രി’ എന്ന് ഉണ്ടായിരുന്നുവെങ്കിലും നിലവിൽ ‘ഇൻ ദ് നെയിം ഓഫ് ലവ്’ എന്ന് മാത്രമേ നൽകിയിട്ടുള്ളൂ. ഇതുമായി ബന്ധപ്പെട്ട കാണുന്ന ഉള്ളടക്കത്തെ കുറിച്ചുള്ള വിവരണങ്ങളിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് ‘ദി കേരളാ സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരണങ്ങളും.
അതേ സമയം, രേഖകളുടെ പിൻബലമുള്ള ഒരു യഥാർത്ഥ കഥയാണ് ‘കേരള സ്റ്റോറീസ്’ എന്നാണ് സുദീപ്‌തോ സെൻ വ്യക്തമാക്കുന്നത്. “കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഈ വിഷയത്തെ കുറിച്ചു പഠിക്കുന്നു. ഇന്ത്യൻ പ്രേക്ഷകർ അനുഭവിച്ചറിയാൻ പോകുന്ന അതുല്യമായൊരു കഥയാണിത്. ഞാൻ മൂന്ന് പെൺകുട്ടികളുടെ കഥയാണ് പറയുന്നത്: ഒരാൾ അഫ്ഗാനിസ്ഥാൻ ജയിലിൽ, ഒരാൾ ആത്മഹത്യ ചെയ്തു, മറ്റൊരാൾ ഒളിവിലാണ്,” സെൻ പറഞ്ഞു.