What’s in my bag with Deepika Padukone Video: സോഷ്യൽ/ന്യൂ മീഡിയ അഭിമുഖങ്ങളിൽ ഏറെ പ്രചാരമാർജ്ജിച്ച ഒരു സെഗ്മെന്റ് ആണ് ‘What’s inside my bag?’ എന്നത്. താരങ്ങളും സെലിബ്രിറ്റികളും, പ്രത്യേകിച്ച് വനിതകൾ, തങ്ങളുടെ ഹാൻഡ് ബാഗിൽ ഉള്ളത് എന്തെന്ന് ഓൺ ക്യാമറ വെളിപ്പെടുത്തുന്നത് ആണ് ഈ സെഗ്മെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
കാൻ ചലച്ചിത്ര മേളയിലെ തന്റെ ജൂറി അംഗത്വവുമായി ബന്ധപ്പെട്ടു നൽകിയ വിവിധ അഭിമുഖങ്ങളിൽ ഒന്നിൽ ‘What’s inside my bag?’ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരവും നിർമ്മാതാവുമായ ദീപിക പദുകോൺ.
‘വീട് മൊത്തത്തിൽ തന്നെ ബാഗിൽ കൊണ്ട് നടക്കുന്ന ഒരാളാണ് ഞാൻ,’ ‘വോഗ്’ മാഗസിനുമായി സംസാരിക്കവെ ദീപിക പറഞ്ഞു. ബാഗിൽ നിന്നും ആദ്യം പുറത്തെടുത്തത് അവരുടെ സൺഗ്ലാസ് ആയിരുന്നു. ‘കണ്ണിനു അൽപ്പം ക്ഷീണം തട്ടുകയോ അല്ലെങ്കിൽ കുറച്ചു ഗ്ലാമർ വേണമെന്ന് തോന്നുമ്പോഴോ അപ്പൊത്തന്നെ ഞാനിതെടുത്ത് വയ്ക്കും,’ ദീപിക കൂട്ടിച്ചേർത്തു.
തുടർന്ന് ക്രെഡിറ്റ് കാർഡുകളേക്കാൾ പ്രധാനപ്പെട്ട കാർഡുകൾ എന്ന് താൻ കരുതുന്ന എയർലൈൻ കാർഡുകൾ ദീപിക പരിചയപ്പെടുത്തി. പല ദേശങ്ങളിലേക്കും യാത്ര ചെയ്യുമ്പോൾ താൻ വിവിധ എയർലൈൻ കാർഡുകൾ വാങ്ങി സൂക്ഷിക്കാറുണ്ടെന്നും അതിൽ നിന്നും ലഭിക്കുന്ന പോയിന്റുകൾ പിന്നീട് ഉപയോഗിക്കാനായി കരുതിവയ്ക്കാറുണ്ടെന്നും ദീപിക പറഞ്ഞു. ട്രാവൽ ഏജന്റായ അമ്മ ഉജ്ജലയിൽ നിന്നും പഠിച്ച പാഠമാണ് ഇതെന്നും അവർ വെളിപ്പെടുത്തി.
അച്ഛൻ പ്രകാശ് പദുകോണിൽ നിന്നും പഠിച്ച ഒരു പാഠവും ദീപിക ബാഗിൽ കരുതുന്നുണ്ട്, പലതും കുറിച്ച് വയ്ക്കാറുള്ള ഒരു നോട്ട് ബുക്ക് ആണിത്. പലരും ഫോണിൽ കുറിക്കുന്നത് താൻ കണ്ടിട്ടുണ്ടെങ്കിലും തനിക്കത് ചെയ്യാനാവില്ല, അച്ഛന്റെ രീതിയാണ് താൻ പിന്തുടരുന്നതെന്നും ദീപിക.
ഹാങ്ങോവർ ഉള്ളപ്പോൾ കഴിക്കാൻ ആൽക്കസെൽസർ എന്ന മരുന്ന്, അത്യാവശ്യത്തിനു ടാമ്പോണ്‍, ഓറഞ്ച് മിസ്റ്റ് എന്നിവയും ബാഗിൽ കൊണ്ട് നടക്കാറുണ്ടെന്ന് ദീപിക പറഞ്ഞു.