/indian-express-malayalam/media/media_files/uploads/2018/05/sasha-1.jpg)
മണിരത്നം സംവിധാനം ചെയ്ത 'കാട്ര് വെളിയിടെയ്' എന്ന ചിത്രത്തിലെ 'വാന്‍ വരുവാന്‍' എന്ന ഗാനത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ സാഷാ തിരുപതിയുടെ സംഗീത ജീവിതം തുടങ്ങുന്നത് തിരുപതിയിലല്ല, കാശ്മീരിലാണ്. വീട്ടിലെ പൂജാ വേളയില്‍ അമ്മയ്ക്കൊപ്പം പാടിക്കൊണ്ടിരുന്ന പെണ്‍കുട്ടിയില്‍ ഒരു ഗായികയുണ്ട് എന്ന് തിരിച്ചറിഞ്ഞത് ഒരു ബന്ധുവാണ്. തന്‍റെ സംഗീതയാത്രയെക്കുറിച്ച് സാഷാ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് മനസ്സ് തുറന്നു. ഏക്താ മാലിക്ക് നടത്തിയ അഭിമുഖം.
"ദൈവ വിശ്വാസമുള്ള കുടുംബമാണ് എന്റേത്. എന്നും ആരതി ഉഴിഞ്ഞ്, ഭജനുകള്‍ പാടുമായിരുന്നു എന്‍റെ അമ്മ. ഞാനും ഒപ്പം പാടും. അമ്മയേക്കാള്‍ ഉച്ചത്തില്‍ എന്‍റെ ശബ്ദം കേള്‍ക്കും.
എനിക്ക് നാലോ അഞ്ചോ വയസ്സേയുള്ളൂ അപ്പോള്‍. അത് കേട്ട എന്‍റെ അങ്കിള്‍ അച്ഛനോട് പറഞ്ഞുവത്രേ 'റിച്ച (സാഷയുടെ ശരിക്കുള്ള പേര്) നല്ല ഈണത്തില്‍ പാടുന്നല്ലോ' എന്ന്. അപ്പോള്‍ മുതലാണ് എന്‍റെ പാട്ടിനെ അച്ഛനും അമ്മയും ശ്രദ്ധിച്ചു തുടങ്ങിയത്.", 30 വയസ്സുള്ള സാഷാ പറയുന്നു.
ശ്രീനഗറില്‍ ജനിച്ചു കാനഡയിലെ വാന്‍കൂവറില്‍ വളര്‍ന്ന പെണ്‍കുട്ടി. രണ്ടു തലമുറകളായി സാഷയുടെ കുടുംബം വാന്‍കൂവറിലാണ്. ആറു വയസ്സ് മുതല്‍ അവിടെ സ്റ്റേജ്, ടി വി, റേഡിയോ ഷോകളില്‍ പങ്കെടുത്തു തുടങ്ങി.
"പല വിധ സംസ്കാരങ്ങളെ ഉള്‍ക്കൊണ്ടിരുന്ന ഒരിടമായിരുന്നു തൊണ്ണൂറുകളിലെ വാന്‍കൂവര്‍. കുടിയേറ്റക്കാര്‍ ധാരാളമുള്ളതു കൊണ്ടാവണമത്. പല തരത്തിലുള്ള 'കമ്മ്യൂണിറ്റി'കള്‍ക്ക് വേണ്ടി ടി വി, റേഡിയോ സ്റ്റേഷനുകള്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ പെര്‍ഫോര്‍മന്‍സ് നടത്താന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു", മൂന്നു മക്കളുള്ള കുടുംബത്തിലെ മൂത്ത കുട്ടിയായ സാഷാ ഓര്‍ക്കുന്നു.
ഇംഗ്ലീഷില്‍ വായിക്കാം: National Awardee Shashaa Tirupati on breaking into the music industry, carrying the weight of her name, and being surprised at every turn
നാല് ഇന്ത്യന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട് ഈ ഗായികയ്ക്ക് - ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി എന്നിങ്ങനെ.
"പഞ്ചാബിയിലും എഴുതാനും വായിക്കാനും അറിയാം എനിക്ക്. തമിഴില്‍ ആദ്യം പാടിത്തുടങ്ങിയപ്പോള്‍ അല്പം പ്രയാസമായി തോന്നി. എന്നാല്‍ വേഗം പഠിച്ചെടുക്കാന്‍ സാധിച്ചു. എ ആര്‍ റഹ്മാന്‍റെ മരുമകന്‍ ജി വി പ്രകാശിനെ ഒരു സുഹൃത്ത് മുഖാന്തരം പരിചയപ്പെട്ടു. 2008 ലായിരുന്നു അത്. എന്‍റെ ഒരു സി ഡി ഞാന്‍ പ്രകാശിന് കൊടുത്തു. കുറച്ചു മാസങ്ങള്‍ കഴിഞ്ഞു പ്രകാശ് എന്നെ വിളിച്ച് ഒരു തമിഴ് പാട്ട് പാടാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. ആദ്യം ഞാന്‍ തമിഴില്‍ പാടിയ ആ പാട്ട് ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ അതോടൊപ്പം ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്ത രാജാ റാണി എന്ന ചിത്രത്തിലെ ഗാനം സൂപ്പര്‍ ഹിറ്റായി." തമിഴ് സിനിമാ ഗാനരംഗത്തേക്കുള്ള ചുവടു വയ്പ്പിനെക്കുറിച്ച് സാഷാ പറയുന്നു.
ഒന്നില്‍ കൂടുതല്‍ ഹിറ്റ് ഗാനങ്ങള്‍ ഉണ്ടായിട്ടും തന്നിലെ ഗായിക വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നും സാഷാ കൂട്ടിച്ചേര്‍ക്കുന്നു. എല്ലാറ്റിനും കാരണം ആ പേരായിരുന്നു.
"സിനിമയുടെ ടൈറ്റില്‍ ക്രെഡിറ്റുകളില്‍ എന്നും എന്‍റെ പേരിന്‍റെ സ്പെല്ലിംഗ് തെറ്റിച്ചെഴുതുമായിരുന്നു. പലപ്പോഴും എന്‍റെ ഫസ്റ്റ് നെയിം മാത്രമാണ് വന്നിരുന്നത്." ഷല്‍മാലി ഖോള്‍ഗടെ എന്ന പേരിലായിരുന്നു അന്ന് സാഷാ അറിയപ്പെട്ടിരുന്നത്.
ഒരു പേരിനെ ചൊല്ലി സാഷയുടെ ജീവിതത്തില്‍ പുകിലുകള്‍ തുടങ്ങിയത് അപ്പോഴല്ല, പത്തു വയസ്സില്‍ സംഗീതം അഭ്യസിക്കാന്‍ പോയപ്പോള്‍ മുതലാണ്. ഹിന്ദുസ്ഥാനി സംഗീതഞ്ജന്‍ പണ്ഡിറ്റ് ജസ്രാജ് സാഷയെ ഇന്ത്യയിലേക്ക് സംഗീതം അഭ്യസിപ്പിക്കാന്‍ കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടിരുന്നു.
"മണ്മറഞ്ഞ കമല ബോസിന്‍റെ അടുക്കല്‍ നിന്നും സംഗീതം പഠിക്കാനായി ഞങ്ങള്‍ അലഹാബാദില്‍ എത്തി. അവിടെയാണ് ഞാന്‍ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്.
അലഹബാദില്‍ എല്ലാവരും എന്നെ 'ത്രിപാഠി' എന്നാണ് വിളിച്ചിരുന്നത്. എന്താണീ തിരുപതി, അങ്ങനെയെന്തെങ്കിലും ഉണ്ടോ, ത്രിപാഠി തന്നെയായിരിക്കും എന്ന് അവര്‍ വിധിയെഴുതി. കുറച്ചു നേരം എതിര്‍ച്ച ശേഷം ഞങ്ങളും അത് വിട്ടു.", ഒരു നെടുവീര്‍പ്പോട് കൂടി സാഷാ പറഞ്ഞു.
റിച്ച ശര്‍മ എന്ന ബോളിവുഡ് ഗായികയായി തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു സാഷയ്ക്ക്. "അപ്പോള്‍ മുതല്‍ അരങ്ങില്‍ റിച്ച എന്ന പേരും ഉപയോഗിക്കാതെയായി ഞാന്‍"
അവിടെ നിന്നുമൊക്കെ ഒരുപാട് ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു ഇപ്പോള്‍ ഈ ഗായിക. കോക്ക് സ്റ്റുഡിയോ സീസണ്‍ മൂന്നില്‍ വച്ച് കണ്ടുമുട്ടിയ എ ആര്‍ റഹ്മാന്‍ സാഷയുടെ ജീവിതം മാറ്റി മറിച്ചു.
അദ്ദേഹം സംഗീതം പകര്‍ന്ന സൗന്ദര്യ രജനികാന്ത് ചിത്രമായ 'കോച്ചഡയാനി'ലെ 'വാടാ വാടാ' എന്ന ഗാനം ആലപിക്കാന്‍ റഹ്മാന്‍ സാഷയെ ക്ഷണിച്ചു. അതിനു ശേഷം 'ഓ കെ കണ്മണി'യിലെ 'ഓ കാതല്‍ കണ്മണി' എന്ന ഗാനം, ഏറ്റവുമൊടുവില്‍ ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത 'വാന്‍ വരുവാന്‍' എന്നിങ്ങനെ റഹ്മാനോടൊപ്പം സഹകരിച്ച മൂന്ന് അവസരങ്ങള്‍.
"ഒരു പദം തന്നെ പല ഈണത്തില്‍ പാടുക എന്ന വെല്ലുവിളിയായിരുന്നു 'വാന്‍ വരുവാന്‍' എന്ന ഗാനം. ചെന്നൈയിലാണ് അത് റെക്കോര്‍ഡ് ചെയ്തത്. ഒരു ദിശയില്‍ തുടങ്ങി തീര്‍ത്തും അപ്രതീക്ഷിതമായ വഴികളില്‍ കൂടെ സഞ്ചരിച്ച് എത്തിയ ഒരു മനോഹര ഗാനമാണത്." ഗാനത്തെക്കുറിച്ച് സാഷയുടെ വാക്കുകള്‍.
കഴിഞ്ഞ വര്‍ഷം തന്നെ ഹിന്ദിയില്‍ 'ഓ കെ ജാനു' എന്ന ചിത്രത്തിലെ 'ഹമ്മ' എന്ന ഗാനവും 'ശുഭ് മംഗള്‍ സാവ്ധാന്‍' എന്ന ചിത്രത്തിലെ 'കാന്ഹ' എന്ന ഗാനവും, ശ്രീദേവിക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും എ ആര്‍ റഹ്മാന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരവും നേടിക്കൊടുത്ത 'മോം' എന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങളും സാഷാ ആലപിച്ചു.
റഹ്മാനുമായി പ്രവര്‍ത്തിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ 'എക്സ്ട്രാ സ്പെഷ്യല്‍' ആണ് എന്ന് സാഷാ പറയുന്നു.
"നിരന്തരമായി സ്വയം വിമര്‍ശനം നടത്തുന്ന ഒരാളാണ് അദ്ദേഹം. ആര്‍ക്കും കേട്ടാല്‍ ഇഷ്ടപ്പെടുന്ന ഒരു 'മെലഡി' ഉണ്ടാക്കും. പക്ഷേ അദ്ദേഹത്തിനു സംതൃപ്തി വരില്ല. കുറച്ചു കൂടി ഇതെങ്ങനെ നന്നാക്കാം എന്ന് ആലോചിച്ചുകൊണ്ടിരിക്കും.
അദ്ദേഹം സ്വന്തം ജോലിക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്ന അളവ്കോലുകള്‍ക്ക് വളരെ നീളമുണ്ട്. കോക്ക് സ്റ്റുഡിയോയില്‍ ഞാന്‍ പാടുന്നത് കേട്ട് അദ്ദേഹം എന്നെ വിളിച്ചപ്പോള്‍ ഞാന്‍ കരുതി, അതില്‍ നിന്നും എന്നെ പുറത്താക്കാനായിരിക്കും എന്ന്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു, 'നിങ്ങളുടെ ശബ്ദം ഒരു സംഗീത ഉപകരണം പോലെ മധുരമുള്ളതാണ്' എന്ന്." ഒരിക്കലും മറക്കാനാവാത്ത ആ സന്തോഷനിമിഷത്തെ സാഷാ ഇങ്ങനെ വിവരിച്ചു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ സാഷാ തിരുപതി എന്ന പേര് സംഗീത പ്രേമികളുടെ ഇടയില്‍ ഹരമായി തീര്‍ന്നു - ശാസ്ത്രീയ സംഗീതത്തില്‍ വേരുകളുള്ള, മാസ് പാട്ടുകള്‍ പാടുന്ന ഗായികയായി.
സിനിമാ സംഗീതം കൂടാതെ അണ്ടര്‍ഗ്രൌണ്ട് മ്യൂസിക്കും സാഷയുടെ ഇഷ്ടങ്ങളില്‍ ഒന്നാണ്. സോന്‍ (ന്യൂ സീലണ്ട്), മേലഡി ഗര്‍ഡോട്ട് (അമേരിക്ക) എന്നിവയോടൊക്കെ ഇഷ്ടമുണ്ട് ഈ ഗായികയ്ക്ക്. ഡെത്ത് മെറ്റല്‍ ഒഴിച്ച് എന്തും ഇഷ്ടമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റീമിക്സുകളുടെ അതിപ്രസരമുണ്ടെങ്കിലും ബോളിവുഡ് സംഗീതത്തില്‍ പ്രതീക്ഷയുണ്ട് സാഷയ്ക്ക്.
"അമിത് ത്രിവേദി, മിതൂന്‍, എ ആര്‍ റഹ്മാന്‍ എന്നിവരൊക്കെ ഓരോ ആല്‍ബം കൊണ്ടും നമ്മളെ അത്ഭുതപ്പെടുത്തുന്നവരാണ്." സാഷാ അഭിപ്രായപ്പെടുന്നു.
എട്ടു ഒറിജിനല്‍ ഗാനങ്ങള്‍ ഉള്ള തന്‍റെ സംഗീത ആല്‍ബം നിര്‍മ്മിക്കുന്നതിന്‍റെ തിരക്കിലാണ് സാഷാ ഇപ്പോള്‍. ഈവര്‍ഷം അവസാനം പുറത്തിറക്കാനാണ് പദ്ധതി. അരങ്ങിലും സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലുമാണ് ഈ ഗായിക. ഉല്‍ക മയൂര്‍ എഴുതിയ 'ഐ ക്ലൌഡ്' എന്ന നാടകത്തില്‍ അഭിനയിക്കുന്നുണ്ട് സാഷാ. മുംബൈയിലെ പ്രിത്വി തിയേറ്ററില്‍ അടുത്ത ആഴ്ച നാടകം അരങ്ങേറും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.