ഇഷ്ടപ്പെട്ടു തുടങ്ങുമ്പോഴേക്കും മാഞ്ഞു പോയ താരമാണ് മലയാളികള്‍ക്ക് സൗന്ദര്യ. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ രണ്ട് ചിത്രങ്ങളിലെ പ്രകടനം കൊണ്ട് തന്നെ താരം തന്നെ അടയാളപ്പെടുത്തിയിരുന്നു. മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ അപ്പോള്‍ വലിയ താരമായിരുന്നു സൗന്ദര്യ. തിളങ്ങി നില്‍ക്കുന്ന സമയത്താണ് വിമാനപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെടുന്നത്

തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയായിരുന്നു സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെടുന്നതും അവര്‍ മരിക്കുന്നത്. ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിലായിരുന്നു അതിന് മുമ്പ് സൗന്ദര്യ അഭിനയിച്ചത്. തന്റെ അവസാന ചിത്രമായിരിക്കും അതെന്ന് സൗന്ദര്യ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സംവിധായകന്‍ ആര്‍വി ഉദയകുമാര്‍ പറയുന്നത്.

സൗന്ദര്യയെ സിനിമിയിലേക്ക് കൊണ്ടു വന്നത് താനാണ്. തന്നെ അണ്ണന്‍ എന്നായിരുന്നു വിളിക്കുക. തനിക്ക് അവള്‍ സഹോദരിയായിരുന്നുവെന്നും തന്നോട് സൗന്ദര്യയ്ക്ക് പ്രത്യേക സ്‌നേഹവും ആദരവുമുണ്ടായിരുന്നുവെന്നും ഉദയകുമാര്‍ പറയുന്നു.

”ചന്ദ്രമുഖിയുടെ കന്നഡ റീമേക്കില്‍ അഭിനയിച്ചിരുന്നു. സിനിമ കഴിഞ്ഞ് അവള്‍ എന്നെ വിളിച്ചു. ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി അഭിനയിക്കാനുണ്ടാവില്ല. രണ്ട് മാസം ഗര്‍ഭിണിയാണെന്നും പറഞ്ഞു. എന്നോടും ഭാര്യയോടും അന്ന് സംസാരിച്ചു” ഉദയകുമാര്‍ പറഞ്ഞു.

തണ്ടഗന്‍ എന്ന ചിത്രത്തിന്റെ ഓഡീയോ ലോഞ്ചിങ്ങിനിടെയായിരുന്നു അദ്ദേഹം മനസ് തുറന്നത്. ജീവിച്ചിരുന്ന കാലത്ത് സൗന്ദര്യ ക്ഷണിച്ച ഒരു പരിപാടിക്കും പോകാന്‍ കഴിയാത്ത താന്‍ പോയത് അവരുടെ സംസ്‌കാര ചടങ്ങിനായിരുന്നുവെന്നും സൗന്ദര്യയുടെ വീട്ടിലെ തന്റെ വലിയ ചിത്രം കണ്ടതും പൊട്ടിക്കരഞ്ഞു പോയെന്നും അദ്ദേഹം പറഞ്ഞു.

Read Here: Onam Release: ഓണം ചിത്രങ്ങളുമായി 5 നവാഗത സംവിധായകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook