/indian-express-malayalam/media/media_files/uploads/2018/12/aishwarya-rai.jpg)
അടുത്തിടെയാണ് ബോളിവുഡ് താരസുന്ദരിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ ചേരുന്നത്. അതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു ഐശ്വര്യ. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുക എന്നത് ഒരാളുടെ ജനപ്രിയതയുടേയും സമൂഹത്തിലെ സ്ഥാനത്തിന്റേയുമെല്ലാം പ്രതിഫലനമായാണ് ആളുകള്‍ കണക്കാക്കുന്നതെന്ന് ഐശ്വര്യ പറയുന്നു.
ഇതുവരെയുള്ള തന്റെ സോഷ്യല്‍ മീഡിയ യാത്ര, അല്ലെങ്കില്‍ ഇടപെടലുകള്‍ വളരെ സ്വാഭാവികമായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്.
'ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളെല്ലാം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ല. കാരണം അത് പിന്നെ ഒരു ജോലിയായി മാറും. നിങ്ങളുടെ ശ്രദ്ധ സ്ഥിരമായി അതിലേക്ക് വഴിതിരിയും. അതില്‍ പോസ്റ്റ് ചെയ്ത ശേഷമുണ്ടാകുന്ന റിസല്‍ട്ടിനെക്കുറിച്ചായിരിക്കും ചിന്ത, മറിച്ച് യഥാര്‍ത്ഥ അനുഭവത്തെക്കുറിച്ചായിരിക്കില്ല. എനിക്ക് എന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കാനാണ് താത്പര്യം,' ഐശ്വര്യ പറയുന്നു.
Read More: ലോകത്തെ ഏറ്റവും മികച്ച അമ്മയ്ക്ക്; ഐശ്വര്യയെ കിരീടമണിയിച്ച് ആരാധ്യ
പിന്നീട് എന്തുകൊണ്ടാണ് പെട്ടെന്നൊരു ദിവസം ഐശ്വര്യ സോഷ്യല്‍ മീഡിയയിലേക്ക് വന്നതെന്നുള്ള ചോദ്യത്തിനും മറുപടിയുണ്ട്.
'എന്റെ അഭ്യുദയകാംക്ഷികളുടെ ക്ഷമയും പ്രചോദനവും നിരന്തരമായ ആവശ്യവും കണക്കിലെടുത്തായിരുന്നു അത്. അതായത്, ലോകം അങ്ങനെയാണ്. അതെനിക്ക് മനസിലാകുന്നുണ്ട്. ഞാന്‍ കുറേ കാലം വിട്ടു നിന്നും, കാരണം അല്ലെങ്കില്‍ അതൊരു ബിസിനസായി മാറും. എല്ലാവര്‍ക്കും അക്കങ്ങളാണ് വേണ്ടത്. നിങ്ങളുടെ ജനപ്രീതിയുടേയും സമൂഹത്തിലെ സ്ഥാനത്തിന്റേയും പ്രതിഫലനമായി ആളുകള്‍ അതിനെ കാണുന്നു.'
സോഷ്യല്‍ മീഡിയയുടെ ആ ലോകത്തേക്ക് പൂര്‍ണമായും ഇറങ്ങിച്ചെല്ലാതെ തന്റെ സ്വന്തം ലോകത്ത് ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് മുമ്പും ഐശ്വര്യ വ്യക്തമാക്കിയിട്ടുണ്ട്. മകള്‍ ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യയുടെ ലോകം തന്നെ അതാണെന്ന് ജയ ബച്ചന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.
ആരാധ്യ ജനിച്ചതിനു ശേഷം നടത്തുന്ന യാത്രകൾ പോലും മകളുടെ ഇഷ്ടത്തിനാണെന്ന് ഐശ്വര്യ പറയുന്നു.
"എനിക്കും അഭിഷേകിനും എവിടെ പോകാനും സന്തോഷമാണ്. എന്നാൽ ആരാധ്യ ജനിച്ചതിനു ശേഷം ബീച്ചുകളിലേക്കുള്ള യാത്രകൾ കൂടിയിട്ടുണ്ട്," ഐശ്വര്യ പറയുന്നു.
യാത്ര ചെയ്യുമ്പോൾ എപ്പോഴും ബാഗിൽ കൊണ്ടു നടക്കുന്നതെന്തെന്ന ചോദ്യത്തിന് വളരെ രസകരമായിരുന്നു ഐശ്വര്യയുടെ മറുപടി
"അയ്യോ അത് ചോദിക്കരുത്! അഭിഷേക് എപ്പോഴും പറഞ്ഞ് ചിരിക്കും എന്റെ ബാഗ് മേരി പോപ്പിൻസ് ബാഗാണെന്ന്. ആരാധ്യ ജനിക്കുന്നതിന് മുമ്പും അങ്ങനെ തന്നെയായിരുന്നു. നിങ്ങൾക്ക് എന്തു വേണോ അതെല്ലാം അതിൽ കിട്ടും. നിങ്ങൾക്ക് ചിന്തിക്കാവുന്നതെല്ലാം ആ ബാഗിൽ ഉണ്ടാകും," ഐശ്വര്യ പറയുന്നു.
കോണ്ടെ നാസ്റ്റ് ട്രാവെലർ ഇന്ത്യ മാഗസിന്റെ 50ാം ലക്കത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ. മാഗസിന്റെ കവർ ചിത്രവും ഐശ്വര്യ തന്നെയാണ്.
ഐശ്വര്യ റായ് ഒരു 'ഒബ്‌സസീവ് മദര്‍' ആണെന്ന് മുന്‍പ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രതിവാര മുഖാമുഖം പരിപാടിയായ 'ഐഡിയ എക്‌സ്‌ചേഞ്ചി'ല്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. ''ഐശ്വര്യ ഒരു 'ഒബ്‌സസീവ് മദര്‍' ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ 'ഒബ്‌സസീവ്' ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്'', മരുമകള്‍ ഐശ്വര്യ റായ് ഒരു മുഴുവന്‍ സമയ സിനിമാ ജീവിതം 'മിസ്' ചെയ്യുന്നുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു ജയ ബച്ചന്റെ ഈ പ്രതികരണം.
സിനിമാ അഭിനയത്തിനും തന്റെ കരിയറിനും വരെ പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോള്‍ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകള്‍ക്കും ബ്രാന്‍ഡ് എന്‍ഡോര്‍സ്‌മെന്റ് ചടങ്ങുകള്‍ക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. നിരവധി പരിചാരകരും ആയമാരുമൊക്കെ ഉണ്ടായിട്ടും ആരാധ്യയുടെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഐശ്വര്യ, പലപ്പോഴും ഭര്‍ത്താവ് അഭിഷേകിനെ പോലും അത്ഭുതപ്പെടുത്തുന്നു. 'എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീ' എന്നാണ് മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കുറിപ്പില്‍ അഭിഷേക് ഐശ്വര്യയെ വിശേഷിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us