ഇനി വെറും സലിം കുമാറല്ല, നെറ്റ്‌ഫ്ളിക്സ് സലിം കുമാർ! കൂടുതൽ മലയാളി പ്രേക്ഷകരെ ആകർഷിക്കാനായി നെറ്റ്ഫ്ളിക്സ് ഇറക്കിയ പുതിയ പ്രമോഷൻ വീഡിയോയിൽ സലിം കുമാർ ആറാടുകയാണ്.
നെറ്റ്ഫ്‌ളിക്‌സ് സലിം കുമാര്‍ ആണെങ്കില്‍ എങ്ങനെയിരിക്കും? എന്നാണ് വീഡിയോ പറയുന്നത്. നെറ്റ്ഫ്ളിക്സ് കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് സലിം കുമാർ.
ഓരോരുത്തരും സലിം കുമാറിനോട് (നെറ്റ്ഫ്ളിക്സിനോട്) അവരവര്‍ക്ക് ഇഷ്ടമുള്ള കണ്ടന്റുകള്‍ ചോദിക്കുന്നു. കണ്ണീർ സീരിയൽ അന്വേഷിച്ചെത്തിയ സ്ത്രീകൾക്ക് സൈന്റിഫിക് ഫിക്ഷന്‍ ത്രില്ലര്‍ സീരീസായ ഡാര്‍ക്കാണ് സലിം കുമാർ നിർദ്ദേശിക്കുന്നത്. ഡാർക്കിന്റെ കഥ സ്ത്രീകൾക്കായി സലിം കുമാർ വിശദീകരിക്കുന്ന രീതിയും ചിരിയുണർത്തും.
”ഒരു വീട്ടില്‍ കൊഞ്ചിച്ച് ഓമനിച്ച് വളര്‍ത്തിയ മിഖായേല്‍ എന്ന പൊന്നുമോന്‍ ഒരു ഗുഹയില്‍ ഒറ്റപ്പെടുന്നു. അവന്റെ അച്ഛന് ഭാര്യയല്ലാതെ വേറെ ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പൊന്നുമോനെ ജീവനായിരുന്നു. രാവിലെ കളിക്കാന്‍ പോയ മോന്റെ ബോഡി അവര്‍ക്ക് കിട്ടുന്നു. പക്ഷേ പയ്യന്‍ ഗുഹയില്‍ നിന്ന് ഇറങ്ങിവരുന്നത് 1986 കാലഘട്ടത്തില്‍. ഇടവേളയില്‍ പയ്യന്റെ അച്ഛന് അന്ന എന്ന സ്ത്രീയുമായി പ്രണയബന്ധം. അന്നയാണെങ്കിലോ മിഖായേലിന്റെ ഭാര്യയും. ചിറ്റപ്പനാണെങ്കില്‍ കുഞ്ഞമ്മയുടെ മോളെ മുത്തശ്ശിയായി കണ്ടും പോയി. മുത്തച്ഛിയാണെങ്കില്‍ പെറ്റിട്ടില്ല. മിഖായേല്‍ തിരിച്ചുവരുമോ,” എന്നിങ്ങനെ പോവുന്നു സലിം കുമാറിന്റെ കഥാവിവരണം.
എന്തായാലും സലിം കുമാറിന്റെ തഗ്ഗും ഡയലോഗുകളുമൊക്കെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. ഗൗതമി നായർ, അനീഷ് ഗോപാല്‍, ഗംഗ മീര തുടങ്ങിയവരും വീഡിയോയിലുണ്ട്. ‘നല്ല ബിഞ്ചന്‍പൊളി ഐറ്റംസ് ഉണ്ട്, കേറി വാ മക്കളേ,’ എന്ന സംഭാഷണത്തോടെയാണ് സലിം കുമാർ വീഡിയോ അവസാനിപ്പിക്കുന്നത്.