ഇന്ത്യൻ ഭരണഘടനയ്ക്കൊപ്പമാണ് തങ്ങൾ നില കൊള്ളുന്നതെന്ന നിലപാട് വ്യക്തമാക്കി വുമൺ ഇൻ സിനിമാ കലക്ടീവ്. സ്ത്രീകൾ, ട്രാൻസ് പേഴ്സൺസ് എന്നിവർ നേരിടുന്ന അവകാശലംഘനങ്ങൾക്കെതിരെ ഭരണഘടന വിഭാവനം ചെയ്ത തുല്യനീതിയുടെ അടിസ്ഥാനത്തിൽ പല കോടതിവിധികളും വന്നിരുന്നു. ഇതിലെ സുപ്രധാന വിധികളിലൊന്നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുളള സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി.
ശബരിമല വിഷയത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിൽ അനുകൂലവും പ്രതികൂലവുമായ നിരവധി വാദപ്രതിവാദങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭരണഘടനയ്ക്ക് ഒപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരിക്കുന്നത്.
“വുമൺ ഇൻ സിനിമാ കലക്ടീവ് ഇന്ത്യൻ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനുമൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു,” എന്നാണ് #ഭരണഘടനക്കൊപ്പം എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്യപ്പെട്ട കുറിപ്പിൽ ഡബ്ല്യുസിസി പറയുന്നത്.
രൂപീകരിക്കപ്പെട്ട അന്നുമുതൽ എടുത്തിട്ടുള്ള നിലപാടുകൾ കൊണ്ടും ഉയര്ത്തിപ്പിടിക്കുന്ന രാഷ്ട്രീയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ സ്ത്രീ സംഘടനയാണ് ഡബ്ല്യുസിസി. താരസംഘടനയായ എ എം എം എ ഉൾപ്പടെയുളള സിനിമാ സംഘടനകൾക്ക് ഉള്ളിൽ തന്നെ സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനുമുള്ള ഒരു പരാതി പരിഹാര സെൽ വേണം എന്നതാണ് ഡബ്ല്യുസിസി പ്രധാനമായും ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്ന്. ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റിയിരുന്നു. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഫെഫ്ക, മാക്ട, ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സാവകാശം തേടിയതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടിയത്.
ഡബ്ല്യുസിസിയുടെ പ്രധാന അംഗങ്ങളിൽ ഒരാളായ പാർവ്വതിയും കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിൽ വ്യക്തമായ നിലപാട് രേഖപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ നിലപാടാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വുമൺ ഇൻ സിനിമാ കലക്ടീവ് മുന്നോട്ടു വെയ്ക്കുന്നത്.