മുംബൈ: നല്ല സിനിമകള്‍ ചെയ്യാന്‍ സിനിമാക്കാര്‍ക്ക് സ്വാതന്ത്ര്യവും അനുകൂലമായ അന്തരീക്ഷവും വേണമെന്ന് പ്രമുഖ നടിയും സെന്‍സര്‍ബോര്‍ഡ് മുന്‍ ചെയര്‍പേഴ്‌സണുമായ ഷര്‍മിള ടാഗോര്‍. 19ാമത് മുംബൈ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭാവനകളുടെ പേരിലുള്ള പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു ഷര്‍മിള ടാഗോര്‍. പ്രശസ്ത നടൻ ആമിർ ഖാൻ ഷർമിള ടാഗോറിന് പുരസ്കാരം സമ്മാനിച്ചു.

നാലു പതിറ്റാണ്ടുകളിലേറെയായി ഹിന്ദി, ബംഗാളി സിനിമാ മേഖലകളില്‍ ഒരേ സമയം ജോലി ചെയ്യുന്നത് ഒരു കലാകാരി എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും തന്റെ അതിരുകളെയും സാംസ്‌കാരിക വ്യത്യാസങ്ങളെയും മറികടക്കാന്‍ സഹായിച്ചുവെന്നും രണ്ടു തവണ ദേശീയ പുരസ്‌കാര ജേതാവായ ഷര്‍മിള പറഞ്ഞു.

‘ഓരോ തവണയും ബംഗാളി സിനിമയ്ക്കായി കൊല്‍ക്കത്തയില്‍ പോകുമ്പോള്‍ അവരെന്നോടു പറയും, ഇത് ബോംബെ സിനിമയല്ല. ദയവായി ഒന്നു നിര്‍ത്തി, ആലോചിച്ച് സംഭാഷണങ്ങള്‍ പറയുകയും അഭിനയിക്കുകയും ചെയ്യൂ എന്ന്. ഞാന്‍ ഇവിടെ സിനിമ ചെയ്യുമ്പോള്‍ ഇവിടെയുള്ളവര്‍ എന്നോട് പറയും ഇത് റായ് ചിത്രം അല്ല, ദയവായി അല്‍പ്പം വേഗത്തിലാക്കൂ എന്ന്.’ ഷര്‍മിള പറഞ്ഞു.

അര്‍ത്ഥവത്തായ സിനിമകള്‍ ചെയ്യണമെങ്കില്‍ നമുക്ക് അതിനുള്ള സ്വാതന്ത്ര്യം വേണം, അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം വേണമെന്നും, സിനിമകളില്‍ സ്ത്രീകള്‍ക്ക് അവരുടെ പ്രായഭേദമന്യേ നല്ല വേഷങ്ങള്‍ നല്‍കാന്‍ സിനിമാ മേഖലയിലുള്ളവര്‍ തയ്യാറാകണമെന്നും ഷര്‍മിള ടാഗോര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ