മാറ്റം തട്ടാത്ത, പ്രായം തട്ടാത്ത രണ്ടു പേര്‍ മലയാള സിനിമയിലുണ്ടെങ്കില്‍ അതു മമ്മൂട്ടിയും നദിയ മൊയ്തുവുമാണ്. വര്‍ഷം കൂടും തോറും പ്രായം കുറയുന്ന രണ്ടു പേര്‍.

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളും ദീര്‍ഘായുസ്സും നേരുന്നതിനോടൊപ്പം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാതെ തുടരുന്ന അദ്ദേഹവുമായുള്ള സൗഹൃദത്തെക്കുറിച്ചും, ഓജസ്സുള്ള വ്യക്തിത്വത്തെക്കുറിച്ചും  നദിയ മൊയ്തു ഐ ഇ മലയാളത്തിനോട് സംസാരിക്കുന്നു.

നദിയ മൊയ്തു

‘ഒന്നിങ്ങു വന്നെങ്കില്‍ എന്ന ചിത്രത്തിലാണ് ഞാന്‍ മമ്മുക്കയെ ആദ്യം കാണുന്നത്. 1985 ലോ 1986 ലോ ആണത്. അന്ന് പരിചയപ്പെട്ട മമ്മുക്ക തന്നെയാണ് ഇന്നും. ഒരു മാറ്റവുമില്ല. കാഴ്ചയുടെ കാര്യം പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. He is ever so handsome.

സ്വഭാവവും അങ്ങനെത്തന്നെ. ഇപ്പോള്‍ കുറച്ച് കൂടി സോഷ്യല്‍ ആയിട്ടുണ്ട്‌ എന്ന് തോന്നുന്നു. പണ്ടൊക്കെ എന്നോട് സംസാരിക്കുന്നതിനെക്കാളും കൂടുതല്‍ എന്‍റെ അച്ഛനോടാണ് സംസാരിക്കുക. കാരണം അന്ന് ഞങ്ങള്‍ തമ്മില്‍ സംസാരിക്കാന്‍ വിഷയങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്നോട് കാര്യമായി ഇടപെടാറുണ്ട്. കൂടുതലും സംസാരിക്കുക മക്കളുടെ കാര്യമാണ്. അദ്ദേഹം സുറുമിയുടെയും ദുല്‍ഖറിന്റേയും കാര്യം പറയും, ഞാന്‍ എന്‍റെ മക്കള്‍ സനയുടെയും ജാനയുടെയും കാര്യവും.

Read More: ‘മമ്മൂക്കാക്കിഷ്ടപ്പെട്ട മട്ടൻ ബിരിയാണി’; മെഗാസ്റ്റാറിന്റെ ആതിഥ്യത്തിന് രുചി പകരുന്ന വിശേഷപ്പെട്ട ബിരിയാണിയുടെ കിസ്സ

എന്നിരുന്നാലും, He is a man of few words. He is a very respectable gentleman. കൂടെ ജോലി ചെയ്യാന്‍ ഒട്ടും പ്രയാസമില്ല. അദ്ദേഹത്തില്‍ നിന്നും പഠിക്കേണ്ട പ്രധാനപ്പെട്ട ഒന്ന് എങ്ങനെ അദ്ദേഹം ശരീരവും ആരോഗ്യവും കാത്തു സൂക്ഷിക്കുന്നു എന്നുള്ളത് തന്നെയാണ്. അതില്‍ എന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്പയര്‍ ചെയ്യുന്നതും അദ്ദേഹം തന്നെ. അക്കാര്യത്തിലെ റോള്‍ മോഡല്‍ എന്ന് വേണമെങ്കില്‍ പറയാം.

എന്നോട് ഫിറ്റ്‌നെസ്സ് ഫ്രീക്ക്സായ പലരും ചോദിക്കാറുണ്ട്, മമ്മുക്കയുടെ സൗന്ദര്യ രഹസ്യം എന്താണ് എന്ന്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വളരെ താല്പര്യം ഉള്ള മേഖലയാണ് ഫിറ്റ്‌നെസ്സ്. പക്ഷെ എന്ത് കൊണ്ടോ ഞങ്ങളുടെ സംഭാഷണത്തില്‍ ഒരിക്കലും ഫിറ്റ്‌നെസ്സ് കടന്നു വന്നിട്ടില്ല. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത്‌ ഭക്ഷണത്തെക്കുറിച്ചാണ്.’

ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത്‌ കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമക്ക് തന്നെ പ്രിയങ്കരിയായി മാറിയ നടിയാണ് നദിയ മൊയ്തു. ഒന്നിങ്ങു വന്നെങ്കില്‍, ശ്യാമ, പൂവിന് പുതിയ പൂന്തെന്നല്‍, ഡബിള്‍സ് എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം നായികയായി. ചുരുങ്ങിയ കാലം സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച അവര്‍ വിവാഹത്തോടെ അഭിനയത്തിനു ഇടവേള നല്‍കി അമേരിക്കയിലേക്ക് ചേക്കേറി.

‘എം കുമരന്‍, സണ്‍ ഓഫ് മഹാലക്ഷ്മി’, എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചെത്തിയ അവര്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലും സജീവമാണ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ