കൊച്ചി: താര സംഘടനയായ എഎംഎംഎയ്ക്കെതിരേ വിമർശനവുമായി വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യുസിസി. എഎംഎംഎയിൽ നിന്ന് രാജി വയ്ക്കുന്നതായി നടി പാർവതി തിരുവോത്ത് പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.

“നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് പാർവ്വതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവെച്ചത്” എന്ന് ഡബ്ല്യുസിസി ഫെയ്സ്ബുക്കിൽ പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു.

Read More: ‘അകത്തുനിന്ന് നന്നാക്കാമെന്ന പ്രതീക്ഷ ഉപേക്ഷിക്കുന്നു’; താര സംഘടനയിൽ നിന്ന് രാജി പ്രഖ്യാപിച്ച് പാർവതി

എഎംഎംഎ യുടെ ജനറൽ സെക്രട്ടറി ഒരു ചാനൽ ചർച്ചയിൽ നടത്തിയ രാമർശങ്ങളെത്തുടർന്നായിരുന്നു പാർവതിയുടെ രാജിപ്രഖ്യാപനം. ജനറൽ സെക്രട്ടറിയുടെ പരാമർശത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.

“ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതിൽ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എ എം എം.എ എന്ന സംഘടനയും ഒരു പോലെ മൽസരിക്കുകയാണ്,” എന്നും ഡബ്ല്യുസിസിയുടെ പ്രസ്താവനയിൽ പറയുന്നു.

Read More: 15 സംസ്ഥാനങ്ങളിലെ തിയറ്ററുകൾ ഒക്ടോബർ 15ന് തുറക്കും; സർക്കാർ തീരുമാനം കാത്ത് കേരളം

“ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എ എം എം എ നിർമ്മിക്കാൻ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആൺകോയ്മയുടെ ബലത്തിലുമാണ് എന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

“എ.എം. എം. എ അംഗമായിരുന്ന പ്രസിദ്ധ നടൻ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ! നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങൾ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്,” ഡബ്ല്യുസിസി അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook