scorecardresearch
Latest News

ലൈംഗിക പീഡന പരാതി; സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണമെന്ന് ഡബ്ള്യുസിസി

മലയാളം സിനിമാ നിർമ്മാണങ്ങളിൽ പോഷ് നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ല്യുസിസി ആവർത്തിക്കുന്നതായും ഡബ്ള്യുസിസി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

wcc, liju krishna

കൊച്ചി: സംവിധായകൻ ലിജു കൃഷ്ണക്കെതിരെ പീഡനപരാതി ഉന്നയിച്ച പെൺകുട്ടിക്ക് പിന്തുണയുമായി വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ള്യുസിസി). അതിജീവിതയ്ക്ക് ഒപ്പമാണെന്നും കേസ് തീർപ്പാകുന്നതുവരെ ആരോപണവിധയനായ സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണമെന്നും ഡബ്ള്യുസിസി ആവശ്യപ്പെട്ടു. ഫെയ്‌സ്‌ബുക്കിൽ അതിജീവിതയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഡബ്ള്യുസിസി പിന്തുണയുമായി രംഗത്തെത്തിയത്.

“കേരള സർക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗക്കേസിൽ ഇന്നലെ അറസ്റ്റു ചെയ്തു. ഡബ്ള്യുസിസി അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമാ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം, കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണം. മലയാളം സിനിമാ നിർമ്മാണങ്ങളിൽ പോഷ് നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ല്യുസിസി ആവർത്തിക്കുന്നു.” ഡബ്ള്യുസിസി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഇന്നലെയാണ് യുവതിയുടെ പീഡനപരാതിയിൽ പുതുമുഖ സംവിധായകൻ ലിജു കൃഷ്ണ അറസ്റ്റിലായത്. ‘പടവെട്ട്’ എന്ന പുതിയ ചിത്രത്തിന്റെ മട്ടന്നൂരിലെ ലൊക്കേഷനിൽ നിന്നാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. 2020-21 കാലഘട്ടങ്ങളിൽ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി.

കൊച്ചിയിലെ വീട്ടിലും കണ്ണൂർ, എടത്തല എന്നിവിടങ്ങളിലെത്തിച്ചും ബലാൽസംഗം ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി ലിജു ഒരുമിച്ചു താമസിച്ചിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ലിജുവിനെതിരെ ആരോപണവുമായി യുവതി രംഗത്തെത്തി. ലിജു തന്നെ ബലം പ്രയോഗിച്ച് മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തിയെന്നും 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും ഗര്‍ഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു.

സിനിമയ്ക്കായി നിരവധി കാര്യങ്ങൾ ചെയ്‌തെന്നും അതിനുള്ള അംഗീകാരങ്ങൾ ഒന്നും നൽകിയില്ലെന്നും യുവതി ആരോപിച്ചു. മറ്റുള്ളവരുടെ കണ്ണിൽ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈബന്ധത്തെ ചിത്രീകരിക്കുകയും തന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയുംചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കിയെന്നും. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.

ലിജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പടവെട്ട്’. സണ്ണി വെയ്ൻ നിർമ്മിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും മഞ്ജു വാര്യരുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്റെ അറസ്റ്റിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു.

Also Read: എങ്ങനെ അവസാനിക്കും എന്ന വേവലാതിയില്ല, പോരാട്ടം തുടരും; ഭാവന

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Wcc on sexual harassment complaint against director liju krishna