കോഴിക്കോട്: വനിതാ കമ്മിഷന് അധ്യക്ഷ പി. സതീദേവിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരേണ്ടത് ആവശ്യകതയാണെന്ന് വുമെന് ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങള്‍. കമ്മിറ്റി റിപ്പോര്‍ട്ട് വച്ച് സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് ഉറ്റുനോക്കുകയാണെന്ന് നടി പാര്‍വതി തിരുവോത്ത് പറഞ്ഞു.
“കമ്മിറ്റിയുടെ മുന്പില് എന്റെ ഓരോ വിഷമങ്ങളും എണ്ണി എണ്ണി പറഞ്ഞിരുന്നു. അവരെ വിശ്വസിച്ചാണ് പറഞ്ഞത്. അവര്‍ തന്നെ പറയുകയാണ് നിങ്ങള്‍ക്ക് വേണമെങ്കില്‍ മാധ്യമങ്ങളോട് പറഞ്ഞോളു എന്ന്. സിനിമാ മേഖലയില്‍ സത്രീകള്‍ നില്‍ക്കേണ്ട ആവശ്യമില്ല എന്ന ചിന്തയില്‍ നിന്നാണ് ഇത്തരം മറുപടികള്‍ വരുന്നത്. നടിക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍ സ്വന്തം നിര്‍മ്മാണ കമ്പനിയില്‍ ഇന്റെര്ണല് കംപ്ലൈന്റ്റ്സ് കമ്മിറ്റി ഉണ്ടൊ എന്ന് വ്യക്തമാക്കണം,” പാര്‍വതി കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരാതിരിക്കാന്‍ പ്രമുഖര്‍ ശ്രമിക്കുന്നുണ്ടെന്നത് സംബന്ധിച്ച് തനിക്ക് അറിയില്ല എന്ന് സംവിധായിക അഞ്ജിലി മേനോന് വ്യക്തമാക്കി. “സിനിമാ മേഖലയില്‍ നടക്കുന്ന പലകാര്യങ്ങളും ന്യായമായിട്ടുള്ളതല്ല. അതിന്റെ ഒരു ഉദാഹരണമാണ് നടിയെ ആക്രമിച്ച കേസ്. ഇനിയും ഇത്തരമൊന്ന് സംഭവിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഹേമ കമ്മിറ്റി പോലെ ഓരോ നടപടികള്‍ ഉണ്ടാകുമ്പോള്‍ പ്രതീക്ഷയുണ്ട്. മാറ്റങ്ങള്‍ പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഡബ്ല്യൂസിസി ഉണ്ടായപ്പോഴത്തെ സാഹചര്യമല്ല ഇന്ന്. സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണം നടക്കുന്നുണ്ട്,” സംവിധായിക അഞ്ജലി മേനോന് പറഞ്ഞു.
അതേസമയം, എ.എം.എം.എയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടി പത്മപ്രിയ ഉന്നയിച്ചത്. “ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരേണ്ടത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗീക അതിക്രമങ്ങള്‍ മാത്രമല്ല. മാനസികമായുള്ളതും വര്ണവിവേചനപരമായുള്ള പ്രശ്നങ്ങളും ഉള്‍പ്പെടുന്നുണ്ട്. എ.എം.എം.എ എന്ന സംഘടന അതിജീവിതയ്ക്കൊപ്പം എന്ന് പറയുന്നത് ശരിയല്ല. പുറത്താക്കപ്പെട്ടവരെ ഉപാദികളില്ലാതെ തിരിച്ചെടുത്താല്‍ മാത്രമെ പറയുന്നതില്‍ കാര്യമുള്ളു. പുറത്ത് പോയവര്‍ പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് പറയുന്നത്,” പത്മപ്രിയ വിമിര്‍ശിച്ചു.
ഇന്ന് രാവിലെയാണ് (ഡബ്ല്യുസിസി) അംഗങ്ങള്‍ പി. സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്. നടിമാരായ പാര്‍വതി തിരുവോത്ത്, പദ്മപ്രിയ, സംവിധായിക അഞ്ജലി മേനോന്, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മിഷനെ കാണാന്‍ എത്തിയത്.
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനായി 2017ല്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 2019ല്‍ തങ്ങളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ അതില്‍ തുടര്‍ നടപടി ഒന്നും തന്നെ സര്‍ക്കാര്‍ ഇത് വരെ കൈക്കൊണ്ടിട്ടില്ല. ആ പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസി അംഗങ്ങള്‍ വനിതാ കമ്മിഷനെ കാണാന്‍ എത്തിയത്.