താരസംഘടനയായ എഎംഎംഎയുടെ അവകാശവാദങ്ങളില്‍ നിന്നും ഒരുപാട് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് അവരുടെ നിലപാടുകളെന്നും ഇത് തികച്ചും ആശങ്കാജനകമാണെന്നും വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. എഎംഎംഎയിലെ അംഗമായ ശ്രീദേവികയുടെ പ്രസ്താവനയില്‍ നിന്നും, സംഘടനയ്ക്കുള്ളില്‍ അതിക്രമങ്ങള്‍ തുറന്നു പറയുന്നവരോടുള്ള മനോഭാവം വ്യക്തമാണെന്നും ഡബ്ല്യൂസിസി തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രാജ്യം മീടൂ പോലുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണയ്ക്കുന്ന സമയത്ത് പരസ്പരവിരുദ്ധമായ പ്രസ്താവനകളും ഉള്‍പ്പോരും സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും എഎംഎംഎയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഡബ്ല്യൂസിസി പറഞ്ഞു. ഒപ്പം നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് സംഘടനയ്ക്കു പുറത്താണെന്ന വാര്‍ത്ത തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡബ്ല്യൂസിസി അറിയിച്ചു.

തങ്ങള്‍ മുന്നോട്ടുവച്ച അപേക്ഷകളോടും നിര്‍ദ്ദേശങ്ങളോടും അനുകൂലമായി പ്രതികരിക്കുകയും സജീവമായി പ്രവര്‍ത്തിക്കാന്‍ ഉറപ്പുനല്‍കുകയും ചെയ്ത കേരള സര്‍ക്കാരിനോട് നന്ദിയറിയിക്കുന്നതായും ഡബ്ല്യൂസിസി പറഞ്ഞു. കൂടാതെ സംഘടനയോട് ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാന് ആഗ്രഹിക്കുന്നവര്‍ക്കായി ഒരിടം എന്ന നിലയ്ക്ക് wcc.home.blog എന്ന ബ്ലോഗ് സമര്‍പ്പിക്കുന്നതായും ഡബ്ല്യൂസിസി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook