scorecardresearch
Latest News

‘ദി കേരള സ്റ്റോറി’ക്കാര്‍ കാണാതെ പോയൊരു ‘കേരള സ്റ്റോറി’

പബ്ലിസിറ്റിയും മെഗാ സ്റ്റാര്‍ സാന്നിധ്യവും ലോകോത്തര വിഎഫ്‌എക്സും ഒന്നുമില്ലാത്ത ഒരു മലയാള ചിത്രം കാണാന്‍ ഡല്‍ഹിയില്‍ ആളുകള്‍ കൂടിയത് എന്തിന്?

The Kerala Story, Ennu Swantham Sreedharan, small-budget Malayalam film, screening of Ennu Swantham Sreedharan, Jawahar Bhavan on Rajendra Prasad Road, indian express, indian express news
A still from the movie Ennu Swantham Sreedharan

ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു സിനിമ – അതും പബ്ലിസിറ്റി, മെഗാ സ്റ്റാര്‍ സാന്നിധ്യം, ലോകോത്തര വിഎഫ്‌എക്സ് എങ്ങനെ ഒന്നുമില്ലാത്ത ഒന്ന് – ഉത്തരേന്ത്യയിലെ ഒരു സിനിമാ ഹാളിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നത് സാധാരണമല്ല. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിൽ ഒരു ചെറിയ ബജറ്റ് മലയാള ചിത്രം പ്രദർശിപ്പിച്ചപ്പോൾ ആ തിയേറ്റർ ഏകദേശം തിങ്ങിനിറഞ്ഞിരുന്നു.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടന്ന കുറച്ച് ഷോകൾ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കവർന്ന ‘എന്ന് സ്വന്തം ശ്രീധരൻ’ എന്ന ചിത്രം തലസ്ഥാനത്തെ രാജേന്ദ്ര പ്രസാദ് റോഡിലെ ജവഹർ ഭവനിൽ പ്രദർശിപ്പിച്ചപ്പോഴും കണ്ടിരുന്നവരുടെ മനസ്സ് തൊട്ടു.

ഒരു ഹിന്ദു കുടുംബത്തിലെ ശ്രീധരൻ എന്ന ആൺകുട്ടിയെ, അവന്‍റെ മൂത്ത രണ്ട് സഹോദരിമാർക്കൊപ്പം തീരദേശത്തെ ഒരു മുസ്ലീം ദമ്പതികൾ വളർത്തിയ കഥ വിവരിക്കുന്നതാണ് സിദ്ദിക്ക് പറവൂര്‍ സംവിധാനം ചെയ്ത ‘എന്ന് സ്വന്തം ശ്രീധരന്‍’ എന്ന ചിത്രം. ‘ദി കേരള സ്റ്റോറി’ എന്ന ഹിന്ദി ചിത്രത്തിന്‍റെ വിവാദബഹളങ്ങൾക്കിടയിൽ ‘യഥാർത്ഥ കേരള കഥ’ പറഞ്ഞതിനാണ് ഈ കുഞ്ഞു സിനിമ പ്രശംസ നേടുന്നത്.

ഈ മാസം ആദ്യം റിലീസ് ചെയ്ത ‘ദി കേരള സ്റ്റോറി,’ കേരളത്തിൽ നിന്നുള്ള മൂന്ന് പെൺകുട്ടികള്‍ ഐഎസ്എഎസിൽ ചേർന്ന കഥയാണ് വിവരിക്കുന്നത്. ആദ ശർമ്മ നായികാ വേഷത്തില്‍ അഭിനയിച്ച ചിത്രം, കേരളത്തിന്റെ ‘യാഥാർത്ഥ്യം’ കാണിക്കുന്നുവെന്ന് ഒരു വിഭാഗം അവകാശപ്പെട്ടു. എന്നാല്‍ മറ്റൊരു വിഭാഗം പ്രേക്ഷകര്‍ ഇത് വെറും പ്രോപ്പഗണ്ട ആണ് എന്ന് പറഞ്ഞു ചിത്രത്തെ തള്ളിക്കളഞ്ഞു. സംസ്ഥാനത്തെയും മതന്യൂനപക്ഷത്തെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് ഇതില്‍ എന്ന് അവര്‍ അടിവരയിട്ടു. എന്നാൽ നിർമ്മാതാക്കളുടെ തന്നെ വിശദീകരണമനുസരിച്ച്, ഒരു സാങ്കൽപ്പിക വിവരണം മാത്രമായ ‘ദി കേരള സ്റ്റോറി’യില്‍ നിന്നും ഏറെ വ്യത്യസ്തമാണ് യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ‘എന്ന് സ്വന്തം ശ്രീധരൻ.’ അതിലെ നായകൻ തന്‍റെ ജീവിതകഥയാണ് തിയേറ്ററിലെ മുൻ നിരയിൽ ഇരുന്നു സ്ക്രീനിൽ കണ്ടത്.

“ഉമ്മ എന്റെ അമ്മയാണ്, എന്റെ ലോകമായിരുന്നു… എനിക്ക് എന്റെ സ്വന്തം അമ്മയെ ഓർമ്മയില്ല,” തന്നെ വളർത്തിയ സ്ത്രീയെ ഓർത്ത് കണ്ണീരോടെ ശ്രീധരൻ പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പ് മാതാവ് മരിച്ചതിന് ശേഷം തന്നെ വളർത്തിയ തേങ്ങാടൻ സുബൈദയെയാണ് ശ്രീധരന്‍ ഉമ്മ എന്ന് വിളിച്ചിരുന്നത്.

2019 ജൂലൈയിൽ തന്റെ ഉമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിൽ പങ്കു വെച്ചപ്പോഴാണ് ശ്രീധരന്റെ അതുല്യമായ കഥ ആദ്യമായി ലോകം അറിയുന്നത്. ഒരു ഹിന്ദു പുരുഷന് എങ്ങനെ ഒരു ഉമ്മ ഉണ്ടായി എന്ന ചോദ്യമാണ് ശ്രീധരന്റെ പോസ്റ്റ് ഉയർത്തിയത്. എങ്ങനെയെന്ന് ശ്രീധരൻ രണ്ടാമത്തെ പോസ്റ്റിൽ തന്റെ വായനക്കാരോട് പറഞ്ഞു.

“…എന്റെ അമ്മ മരിച്ച ദിവസം, ഈ ഉമ്മയും ഉപ്പയും ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൊണ്ടു വന്നു. സ്വന്തം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയത് പോലെ തന്നെ അവർ ഞങ്ങൾക്കും വിദ്യാഭ്യാസം നൽകി. എന്റെ സഹോദരിമാർ വിവാഹപ്രായമെത്തിയപ്പോൾ അവരെ കല്യാണം കഴിപ്പിച്ചത് ഉപ്പയും ഉമ്മയും ആയിരുന്നു. അവർ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് അവർക്ക് കുട്ടികളില്ലാത്തതു കൊണ്ടല്ല. അവർക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ ഞങ്ങളെ ദത്തെടുത്തിട്ടും ഞങ്ങളെ മതം മാറ്റാൻ അവർ ശ്രമിച്ചില്ല. ദത്തെടുക്കുന്ന അമ്മയ്ക്ക് ഒരിക്കലും ഒരാളുടെ സ്വന്തം അമ്മയുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് ആളുകൾ പറയുന്നു. പക്ഷേ അവര്‍ ഒരിക്കലും ഞങ്ങൾക്ക് ഒരു ‘ദത്തെടുത്ത അമ്മ’ ആയിരുന്നില്ല, ശരിക്കും ഞങ്ങളുടെ അമ്മ തന്നെയായിരുന്നു.”

ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് പറവൂരിന് ഈ പോസ്റ്റിൽ ഒരു സിനിമാ സാധ്യത തോന്നുകയും തുടര്‍ന്ന് ‘എന്ന് സ്വന്തം ശ്രീധരൻ’ എന്ന ചിത്രം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.

കേരളത്തിലെ സാഹോദര്യത്തിന്റെ ജീവിക്കുന്ന ഉദാഹരണം എന്ന് സ്വയം വിശേഷിപ്പിച്ച ശ്രീധരൻ പറഞ്ഞു, “ഉമ്മ എന്നെയും ജാഫറിനെയും ഒരുമിച്ച് മുലയൂട്ടിയിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്.” സുബൈദയുടെ സ്വന്തം കുട്ടിയാണ് ജാഫർ.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരു കേട്ട സുബൈദയ്ക്ക് വീട്ടുജോലിക്കാരി എന്നതിലുപരി ചക്കി ഒരു കൂട്ടായിരുന്നു. സുബൈദ നാലാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോള്‍ ആണ് ചക്കി മരിക്കുന്നത്. സുബൈദയും ഭർത്താവ് അബ്ദുൾ അസീസ് ഹാജിയും ചേർന്ന് അന്ന് കുഞ്ഞായിരുന്ന ചക്കിയുടെ മകന്‍ ശ്രീധരൻ ഉൾപ്പെടെ മൂന്ന് മക്കളെ അവരുടെ വീട്ടിലേക്ക് കൊണ്ടു പോയി. മക്കളെ പോറ്റാൻ കഴിയാതിരുന്ന ശ്രീധരന്റെ പിതാവ്, സുബൈദയ്ക്കും കുടുംബത്തിനും ഒപ്പം അവർ സുരക്ഷിതരായിരിക്കുമെന്ന് കരുതി.

കേരളത്തിലെ മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഇസ്ലാം മതവിശ്വാസികളായിരുന്ന ദമ്പതികൾ മൂവരെയും സ്വന്തം മൂന്ന് കുട്ടികൾക്കൊപ്പം വളർത്തി. കുടുംബത്തിലേക്ക് ദത്തെടുത്തു എങ്കിലും അവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തില്ല. കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ ശ്രീധരന്റെ സഹോദരിമാരായ ലീലയെയും രമണിയെയും ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചയച്ചു.

“എനിക്ക് ഒരിക്കലും ഈ സിനിമ മുഴുവനായി കാണാൻ കഴിയില്ല… കാഴ്ചകള്‍ കണ്ടു പലപ്പോഴും തകർന്ന് പോകുമായിരുന്നു… ഇന്നാണ് ഞാൻ ആദ്യമായി ഇത് മുഴുവനായി കാണുന്നത്… ഉമ്മയെ ഞാന്‍ അത്ര മേൽ സ്നേഹിക്കുന്നു…” ശ്രീധരൻ പറഞ്ഞു.

സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റും (SAHMAT) സാമൂഹിക സാംസ്കാരിക സംഘടനയായ ജനസംസ്‌കൃതിയും ചേർന്നാണ് ചിത്രം ഡൽഹിയിൽ പ്രദർശിപ്പിച്ചത്. ഡൽഹിയിൽ ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച, ചെറിയാൻ വി കെ പറഞ്ഞു, “കേരളാ സ്റ്റോറിയെക്കുറിച്ചുള്ള സംവാദത്തിനിടെ, എന്റെ സുഹൃത്ത്, സിദ്ദിഖ് എടുത്ത ഈ യഥാർത്ഥ കേരള കഥ പ്രദർശിപ്പിക്കണമെന്ന് എനിക്ക് തോന്നി. ഇത് ‘ദി കേരള സ്റ്റോറി’ക്ക് ബദല്‍ അല്ല. കാരണം ഈ സിനിമയില്‍ പറയുന്ന സാഹോദര്യം കേരളീയർക്ക് സ്വാഭാവികവും സാധാരണവുമാണ്.

“സ്‌നേഹത്തെയും മനുഷ്യത്വത്തെയും കുറിച്ച് സംസാരിക്കുന്ന കഥകൾക്കായുള്ള അന്വേഷണത്തിലാണ് ഞാൻ,” സംവിധായകൻ പറഞ്ഞു.

“ഇത് കേരള സ്റ്റോറിയോ മറ്റേതെങ്കിലും സിനിമയ്‌ക്കോ എതിരല്ല. 48 വർഷം മുമ്പ് ശ്രീധരന്റെ ഉമ്മ (മൂന്ന് കുട്ടികളെ ദത്തെടുക്കാൻ) തീരുമാനിച്ചതോടെയാണ് ഇതിന്റെ യഥാർത്ഥ കഥ ആരംഭിക്കുന്നത്.”

ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോലും തന്റെ പക്കൽ പണമില്ലെന്ന് പറഞ്ഞ സിദ്ദിഖ്, സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും കഥയാണ് താന്‍ പറയാൻ ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തി.

ഇപ്പോൾ മലപ്പുറത്തെ പറശ്ശേരിയിൽ ഭാര്യ തങ്കമ്മുവിനും പതിനേഴു വയസ്സുള്ള മകൻ അൻശ്യാമിനുമൊപ്പം താമസിക്കുന്ന ശ്രീധരൻ പറയുന്നു, താൻ ഇപ്പോഴും എല്ലാ വെള്ളിയാഴ്ചകളിലും അല്ലെങ്കിൽ സ്വപ്നത്തിൽ ‘ഉമ്മ’ പ്രത്യക്ഷപ്പെടുമ്പോഴുമെല്ലാം അവര്‍ക്കു വേണ്ടി പ്രാർത്ഥിക്കാൻ പള്ളിയിൽ പോകാറുണ്ട് എന്ന്.

‘ദി കേരള സ്റ്റോറി’യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കത്തിപ്പടരുമ്പോൾ, മുൻ മന്ത്രി തോമസ് ഐസക്ക് ട്വീറ്റ് ചെയ്തു, “ഞങ്ങൾ ഇത് നിരോധിച്ചിട്ടില്ല. അതിൽ കാര്യമില്ല. കേരളത്തിൽ അധികമാരും ഇത് കാണുന്നില്ല…” എന്ന്.

സുബൈദമാര്‍ക്കും ശ്രീധരന്മാര്‍ക്കും ഇപ്പോഴും കേരളത്തിൽ ഒരു ക്ഷാമവുമില്ലാതത് കൊണ്ടാവാം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Watching ennu swantham sreedharan in the times of the kerala story