അനുരൂപ റോയ്/ രതീഷ് കൃഷ്ണ

anurupa roy, puppet,puppeteer

അനുരൂപ റോയ്

പാവനാടകവേദിയുടെ ആധുനിക മുഖമാണ് അനുരൂപ റോയ്. രാമായണം, മഹാഭാരതം പോലുള്ള ഇതിഹാസകൃതികളടക്കം ഷേക്‌സ്പിയര്‍ നാടകങ്ങളും യഥാര്‍ത്ഥ ജീവിതകഥകളും കാശ്മീരിലെ ജീവിതവും അവര്‍ തന്റെ പാവകളിലൂടെയും പൊയ്മുഖങ്ങളിലൂടയും നിഴലുകള്‍ ഉപയോഗിച്ചും രംഗാവതരണം നടത്തിയിട്ടുണ്ട്. മിനിസ്ട്രി ഓഫ് കള്‍ച്ചറിന്റെ 2007 ലെ ഉസ്താദ് ബിസ്മില്ലാഖാന്‍ പുരസ്‌കാരാര്‍ഹയായ അനുരൂപ സമകാലിക പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രംഗാവതരണങ്ങളിലൂടെ പപ്പറ്ററിയുടെ മറ്റൊരു തലം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ കലാകാരന്മാര്‍ ഒരു പാവയെ ചലിപ്പിക്കുന്ന ജാപ്പാനീസ് പാവക്കൂത്തിനോട് സമാനമായ രംഗാവതരണവുമായി അവരുടെ ‘മഹാഭാരത’ എന്ന ഹിന്ദി നാടകം വേദിയിലെത്തി. മഹാഭാരതത്തെകുറിച്ചും പാവ നാടകത്തെ കുറിച്ചും അനുരൂപ സംസാരിക്കുന്നു.

? എന്തുകൊണ്ട് മഹാഭാരതം
എക്കാലത്തും പ്രസക്തമായ പ്രമേയമാണ് മഹാഭാരതം കൈകാര്യം ചെയ്യുന്നത്. സിറിയയും ഇറാനും പലസ്തീനും ആഫ്രിക്കന്‍ രാജ്യങ്ങളും യൂറോപ്പുമടക്കം ലോകത്തിന്റെ പകുതിയും യുദ്ധത്തിനും സംഘര്‍ഷങ്ങള്‍ക്കു നടുവിലാണിപ്പോള്‍. മനുഷ്യനും യുദ്ധവും വ്യക്തിയും സ്വാതന്ത്ര്യവും തുടങ്ങിയവയുടെ ദാര്‍ശനികതലങ്ങളെ അനവധി മാനങ്ങളില്‍നിന്ന് നോക്കിക്കാണുകയാണ് വ്യാസന്റെ ഭാരതം. വ്യക്തിയുടെ അകത്തും പുറത്തുമുള്ള സംഘര്‍ഷങ്ങളെ അനാവരണം ചെയ്യുന്നു. കൗരവരും പാണ്ഡവരും സഹോദരങ്ങളാണ്. അവര്‍ മറ്റൊരു ഗ്രഹത്തില്‍നിന്നും വന്നവരുമായല്ല യുദ്ധം ചെയ്തത്. ഇതാണ് യുദ്ധത്തിന്റെ ഭീകരമുഖം. ഇത് ഇപ്പോഴും തുടരുന്നു. മഹാഭാരതത്തിന്റെ സമകാലിക പ്രസക്തി ഇങ്ങനെയൊക്കെയാണ് വായിക്കപ്പെടുന്നത്.

? യുദ്ധത്തിന്റെയു സമാധാനത്തിന്റെയും വൈരുദ്ധ്യത്തെ ഈ നാടകം എങ്ങനെ ധ്വനിപ്പിക്കുന്നു.
സമാധാനം കാംക്ഷിക്കുമ്പോഴും യുദ്ധത്തിലേക്ക് നയിക്കപ്പെടുന്ന ജനതയാണ് ഈ നാടകത്തിന്റെ കേന്ദ്രപ്രമേയം. മഹാഭാരതത്തിലെ ‘ശാന്തിപര്‍വ്വം’ സമാധാനമല്ല ചിത്രീകരിക്കുന്നത്, വിലാപമാണ്. ഇതിലെ യുദ്ധാനന്തര ഭാഗങ്ങള്‍ വളരെ ചെറുതാണ്. യുദ്ധം എല്ലാം ഇല്ലാതാക്കുന്നതിന്റെ സൂചനയാണിത്. അതോടൊപ്പം യുദ്ധാനന്തര വര്‍ണ്ണനയില്‍ കഥാപാത്രങ്ങളുടെ കുറ്റബോധവും വ്യക്തികളുടെ മോശം വശങ്ങളുമാണ് അവതരിപ്പിക്കുന്നത്. കൗരവരുടെ പരാജയത്തിനുശേഷവും യുധിഷ്ഠിരന് സിംഹാസനത്തിലിരുന്ന് ഭരിക്കാന്‍ കഴിയാതാകുന്നു. സമാധാനത്തിനായി നടത്തിയ യുദ്ധത്തിന്റെ നിരര്‍ത്ഥകതയാണ് ഇത് വിളിച്ചോതുന്നത്. നാടകം ഈ കാഴ്ചപ്പാടുകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.

? മഹാഭാരതത്തിലെ ഏതൊക്കെ സന്ദര്‍ഭങ്ങളാണ് നാടകത്തിനായി അവലംബിച്ചിട്ടുള്ളത്
മഹാഭാരതത്തിലെ 13 കഥാപാത്രങ്ങളാണ് അരങ്ങിലെത്തുന്നത്. മഹാഭാരതത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും കുറിച്ച് ചെറിയ ആമുഖാവതരണത്തോടെയാണ് നാടകം ആരംഭിക്കുന്നത്. കൗരവരുടെ അഞ്ച് സേനാപതികളുടെ കാഴ്ചപ്പാടിലൂടെയാണ് പ്രമേയം വികസിക്കുന്നത്. ശകുനിയില്‍നിന്ന് തുടങ്ങി യുധിഷ്ഠിരന്റെ ചൂതാട്ടാസക്തിയും ദുശ്ശാസനരക്തം കൊണ്ട് പാഞ്ചാലിയുടെ മുടി കെട്ടിവെയ്ക്കുന്നതും ദുര്യോധനന്റെ തുട തകര്‍ന്ന അവസ്ഥ കണ്ട് ഇരുട്ടിന്റെ മറവില്‍ പാണ്ഡവരോട് പ്രതികാരം നടത്തുന്ന അശ്വത്ഥാമാവും ഗാന്ധാരീവിലാപം തുടങ്ങി മഹാഭാരതത്തിന്റെ ഒരു പരിഛേദം അവതരിപ്പിക്കാനാണ് നാടകം ശ്രമിക്കുന്നത്.

? തീയേറ്ററില്‍ നടന്റെ ശരീരത്തെ മാറ്റിനിര്‍ത്തി പാവനാടകത്തിലൂടെ ഇതു പറയുവാനുള്ള കാരണം
അടിസ്ഥാനപരമായി ഞാനൊരു പാവനാടക കലാകാരിയാണ്. രംഗകലകളില്‍ ഇതൊരു വ്യത്യസ്തമായ രീതിയാണ്. മനുഷ്യശരീരത്തിന് നല്‍കാന്‍ കഴിയാത്ത പല മാനങ്ങളും പാവകളിലൂടെ പ്രേക്ഷകരിലെത്തിക്കാന്‍ സാധിക്കും. ഈ നാടകത്തില്‍ തന്നെ ശകുനിയെന്ന കഥാപാത്രത്തിന്റെ പാവയും ശകുനിയുടെ മുഖവും അദ്ദേഹത്തിന്റെ പിതാവിന്റെ കൈകളും ഒരേസമയം കാണാനാവുന്നു. ദൃശ്യങ്ങളുടെ വൈവിധ്യമാനങ്ങള്‍ പ്രേക്ഷകര്‍ക്ക് അനുഭൂതമാകാന്‍ പാവകളിക്ക് കഴിയും. ഓരോ കഥാപാത്രങ്ങളുടെയും വ്യത്യസ്തമായ ചിന്തകളും മാനങ്ങളും ഒരു പാവയിലൂടെ ആവിഷ്‌ക്കരിക്കാനും കഴിയുന്നു.

? സമകാലിക പാവനാടകത്തിന്റെ അവസ്ഥ എന്താണ്
സമകാലിക പാവനാടകം എന്നൊന്നില്ല. പരമ്പരാഗത പാവനാടകക്കാര്‍ സമകാലിക ജീവിതത്തോടൊത്ത് വരുന്നു എന്നതാണ് കാര്യം. തലമുറകളായി കൈമാറ്റം ചെയ്തുവരുന്ന പരമ്പരാഗത കലാരൂപമാണിത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് അത് നിലനിന്നിരുന്നതു തന്നെ. കേരളത്തില്‍ അനുഷ്ഠാനത്തിന്റെ ഭാഗമായി ഭദ്രകാളീക്ഷേത്രത്തിലും ആന്ധ്രയില്‍ കുടുംബത്തിലെ വിശേഷദിവസങ്ങളിലും ഒറീസയില്‍ വരള്‍ച്ചയുടെ ഭാഗമായുമാണ് നിലനിന്നത്. മൂവായിരത്തോളം വര്‍ഷം പാരമ്പര്യമുള്ള ഈ കലാരൂപം സമകാലിക സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ആവിഷ്‌ക്കരിക്കാനുള്ള ശക്തിയാര്‍ജ്ജിച്ച കലാമാധ്യമമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ