പൂജാ ബത്രയുടെ വിവാഹം കഴിഞ്ഞ വാര്‍ത്തകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറയുകയായിരുന്നു. നടന്‍ നവാബ് ഷായെയാണ് പൂജ വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താരം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് നവാബ് ഷായും മനസ് തുറക്കുകയാണ്. ആദ്യ കാഴ്ചയില്‍ തന്നെ പൂജയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നവാബ് പറയുന്നത്.

‘സൂര്യപ്രകാശം പോലെയാണ് പൂജ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അപ്പോള്‍ തന്നെ എനിക്കുറപ്പായിരുന്നു അവര്‍ക്കൊപ്പമാണ് ഞാന്‍ എന്റെ ബാക്കി ജീവിതം ജീവിക്കേണ്ടത് എന്ന്. ആദ്യ കാഴ്ചയില്‍ തന്നെ എനിക്ക് പൂജയെ വിവാഹം കഴിക്കാന്‍ ആഗ്രഹം തോന്നി,’ നവാബ് പറയുന്നു.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങായിരുന്നു ഇരുവരുടേയും വിവാഹം. ഡല്‍ഹിയില്‍ വച്ച് പരമ്പരാഗത രീതിയിലാണ് വിവാഹം നടന്നത്.

‘ഇന്നത്തെ കാലത്ത് വളരെ വിരളമായി മാത്രം കാണുന്ന ഒരു ബന്ധമാണ് ഞങ്ങളുടേത്. വിവാഹത്തെ കുറിച്ചോ ബന്ധത്തെ കുറിച്ചോ ഞങ്ങള്‍ക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. വളരെ മനോഹരമായി ഞങ്ങള്‍ പരസ്പരം കണക്ട് ചെയ്തു, എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക് അനുകൂലമായി വന്നു,’ നവാബ് ഷാ പറഞ്ഞു.

View this post on Instagram

Thank you for all your good wishes & Blessings

A post shared by Pooja Batra (@poojabatra) on

ആര്യ സമാജ് ചടങ്ങുകള്‍ പ്രകാരം തങ്ങള്‍ വിവാഹിതരായെന്നും ഈ ആഴ്ച തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം പൂജ ബത്ര പറഞ്ഞത്.

“അതെ, ഞങ്ങൾ വിവാഹിതരായി. നവാബും ഞാനും ഡൽഹിയിൽ വച്ച് മനസമ്മതം കൈമാറി, ഞങ്ങളുടെ കുടുംബങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എന്തിനാണ് വിവാഹം വച്ച് താമസിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ പ്രിയപ്പെട്ടവർ ഞങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. ഞാനൊരു ഒഴുക്കിനൊപ്പം പോകുകയായിരുന്നു. പെട്ടെന്നാണ് എന്റെ ജീവിതം ഞാൻ ചെലവഴിക്കാൻ ആഗ്രഹിക്കുന്നത് ഇദ്ദേഹത്തോടൊപ്പമാണ് എന്ന് തിരിച്ചറിഞ്ഞത്. പിന്നെ വച്ചു നീട്ടുന്നതിൽ അർഥമില്ല. അതിനാൽ, ഞങ്ങൾ വിവാഹിതരായി. ആര്യ സമാജ് ചടങ്ങ് പ്രകാരം ഞങ്ങൾ വിവാഹിതരായി. ഈയാഴ്ച വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യും,” പൂജ പറഞ്ഞു.

View this post on Instagram

With My Wonder Woman My Mom

A post shared by Pooja Batra (@poojabatra) on

പൂജാ ബത്രയുടെ രണ്ടാം വിവാഹമാണ് ഇത്. 2003 ഫെബ്രുവരി 9-ന് ഡോക്ടർ ആയ സോനു അലുവാലിയയെ വിവാഹം ചെയ്ത പൂജ ഭർത്താവിനൊപ്പം അമേരിക്കയിലെ ലൊസാഞ്ചൽസിൽ താമസമാക്കിയിരുന്നു. എന്നാൽ പൊരുത്തപ്പെടാനാവാത്ത അസ്വാരസ്യങ്ങൾ എന്ന കാരണം ചൂണ്ടിക്കാണിച്ച് പിന്നീട് വിവാഹ മോചനം നേടി.

1997-ൽ പുറത്തിറങ്ങിയ ‘വിരാസത്’ എന്ന ചിത്രത്തിലൂടെ ആണ് പൂജ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അനിൽ കപൂർ, തബു എന്നിവർക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ശ്രദ്ധ നേടുകയുണ്ടായി. പിന്നീട് നായികാ വേഷങ്ങളും പൂജയെ തേടിയെത്തി. സുനിൽ ഷെട്ടിയോടൊപ്പം അഭിനയിച്ച ‘ഭായ്’, സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച ‘ഹസീന മാൻ ജായേഗി’ തുടങ്ങിയവ വിജയ ചിത്രങ്ങളായിരുന്നു.

ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻ‌ലാലിനൊപ്പം ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം ‘മേഘം’ എന്ന ചിത്രത്തിലും ജയറാമിനൊപ്പം ‘ദൈവത്തിന്റെ മകൻ’ എന്ന ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook