മമ്മൂട്ടി നായകനായ ‘പ്രജാപതി’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് വർഷങ്ങൾക്കിപ്പുറം ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ നടിയാണ് അദിതി റാവു ഹൈദരി. ഇതിനിടയിൽ നിരവധി ഹിന്ദി, തമിഴ് ചിത്രങ്ങളുടെയും ഭാഗമായും അദിതി പേക്ഷകർക്ക് മുന്നിലെത്തി. ഇന്ത്യയിലെ മുൻനിര സംവിധായകരായ മണിരത്നത്തിന്റെയും സഞ്ജയ് ലീല ബൻസാലിയുടെയും ചിത്രങ്ങൾ അതിൽ ഉൾപ്പെടുന്നു.
ഇപ്പോഴിതാ, മണിരത്നത്തിന്റെ നായികയാവണം എന്ന ആഗ്രഹമാണ് തന്നെ സിനിമയിലെത്തിച്ചത് എന്ന് പറയുകയാണ് അദിതി. സിനിമയെ കുറിച്ച് ഒന്നും അറിയാത്ത, സിനിമയിൽ എങ്ങനെ എത്തണം എന്ന് പോലും അറിയാത്ത ഒരു സമയത്തെ ഒരു സ്വപ്നമായിരുന്നു അതെന്നും അദിതി പറയുന്നു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“എനിക്ക് എപ്പോഴും മണിരത്നത്തിന്റെ നായികയാവണം എന്നാഗ്രഹമായുണ്ടായിരുന്നു. അതാണ് എന്നെ സിനിമയിലേക്കെത്തിച്ചത്. ആ സമയത്ത് എനിക്ക് സിനിമയെ കുറിച്ചൊന്നും അറിയില്ല, എങ്ങനെ സിനിമയിൽ എത്താമെന്ന് പോലും അറിയില്ല. അത് ഒരു സ്വപ്നം മാത്രമായിരുന്നു. പക്ഷെ അപ്പോഴും മണി സാറിന്റെ ഭാഷ തമിഴ് ആയതുകൊണ്ട് തമിഴ് പഠിക്കേണ്ടി വരുമെന്ന് ചിന്ത എവിടെയൊക്കെയോ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പിന്നീട് 2010-11 കാലഘട്ടത്തിൽ ഞാൻ ബോംബെയിലേക്ക് മാറി. ഹിന്ദി സിനിമയിൽ അഭിനയിച്ചു തുടങ്ങി. ഞാൻ അല്പം പതറുന്നുണ്ടായിരുന്നു. പക്ഷെ എന്റെ ആഗ്രഹം വളരെ ശക്തമായിരിന്നു. ഒടുവിൽ ആറ് വർഷങ്ങൾക്ക് ശേഷം 2016ൽ എനിക്ക് മണിരത്നം സാറിന്റൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞു”
“സിനിമ എന്നത് കഥയാണ്, വികാരങ്ങളെ കുറിച്ചുള്ളതാണ്, അത് ഏത് ഭാഷയിൽ വേണമെങ്കിലും ചെയ്യാം, ഭാഷ അതിനൊരു തടസമല്ല എന്നതാണ് അന്ന് എനിക്ക് മനസിലായത്” അദിതി പറയുന്നു. ഇവിടെ ഒരുപാട് സംവിധായകരും അവർക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടെന്നും ഏതൊക്കെ ഭാഷയിൽ അവസരം കിട്ടിയാലും താൻ അഭിനയിക്കുമെന്നും ഭാഷയോ ദേശമോ അതിനൊരു തടസ്സമാകാൻ അനുവദിക്കില്ലെന്നും അദിതി കൂട്ടിച്ചേർത്തു.
‘സൂഫിയും സുജാത’യിൽ അഭിനയിച്ചതിന്റെ അനുഭവവും അദിതി പങ്കുവെച്ചു. “മലയാളത്തിൽ ഞാൻ ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു. അതിലെ നായിക ഒരു നർത്തകിയും ഊമയും ആയിരുന്നു. ചിത്രത്തിന്റെ പ്രോസസ് വളരെ രസകരമായിരുന്നു. വളരെ ലളിതവും മൃദുലവുമായ പ്രണയകഥ ആയിരുന്നു അത്. അവിടെ ഒരു ലോങ്ങ് ഷോട്ട് പോകാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നു.” അദിതി പറഞ്ഞു.
ദുൽഖർ സൽമാൻ നായകനാകുന്ന ‘ഹേയ് സിനാമിക’യാണ് അദിതിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയിൽ കൊറോഗ്രാഫറായിരുന്ന ബ്രിന്ദാ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അദിതിയെ കൂടാതെ കാജൽ അഗർവാളും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഫെബ്രുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
Also Read: ഹൃത്വിക് റോഷന്റെ കൈപിടിച്ച അജ്ഞാത സുന്ദരിയെ തിരഞ്ഞ് ആരാധകർ