കായിക താരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ വന്ന ചിത്രങ്ങള്‍ എക്കാലത്തും വന്‍ ഹിറ്റുകളായിരുന്നു. ഭാഗ് മില്‍ക്കാ ഭാഗ്, മേരി കോം, എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, ദംഗല്‍, സച്ചില്‍ എ ബില്യണ്‍ ഡ്രീംസ് എന്നിവയൊക്കെ അവയില്‍ ചിലതാണ്. കളിക്കളത്തില്‍ പലപ്പോഴും ആവേശത്തിന്റെ ആള്‍രൂപമായി മാറുന്ന മികവുറ്റ ബാറ്റ്സ്മാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പല വമ്പന്‍ താരങ്ങളുടേയും റെക്കോര്‍ഡ് പഴങ്കഥയാക്കിയ ആളാണ് കോഹ്‌ലി.

വിരാട് കോഹ്‌ലിയുടെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ അത് ആരാധകര്‍ക്കൊരു കാഴ്ച വിരുന്ന് തന്നെയായിരിക്കും. അത്രയും മനോഹരമാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയര്‍. എന്നാല്‍ ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി കോഹ്‌ലിയുടെ സംഭാവന വേണമെന്നിരിക്കെ ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ജീവിതം സിനിമയാകുമെന്ന് തോന്നുന്നില്ല. കോഹ്‌ലിയുടെ ക്രിക്കറ്റ് ജീവിതം ഇനിയും നീണ്ടുകിടക്കെ ചിത്രമൊരുക്കാന്‍ ആഗ്രഹിക്കുന്നവരും ഒന്ന് കാത്തിരിക്കേണ്ടി വരും.

എന്നാല്‍ കോഹ്‌ലിയുടെ ജീവിതം സിനിമയാവുകയാണെങ്കില്‍ കോഹ്‌ലിയായി പകര്‍ന്നാടാന്‍ താന്‍ ഇഷ്ടപ്പെടുന്നെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാന്‍. ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന ചിത്രത്തില്‍ തന്നെ കാണാന്‍ കോഹ്‌ലിയെ പോലെ ഉണ്ടായിരുന്നെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. ടൈംസ് നൗവിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഷാരൂഖ് ഖാന്റെ അഭിപ്രായ പ്രകടനം. എന്നാല്‍ കോഹ്‌ലിയായി അഭിനയിക്കണമെന്ന് പറഞ്ഞ ഷാരൂഖിന് അനുഷ്ക ശര്‍മ്മ ഒരു നിര്‍ദേശം മുന്നോട്ട് വയ്ക്കുകയും ചെയ്തു. ‘കോഹ്‌ലി ആവണമെങ്കില്‍ നിങ്ങള്‍ താടി വയ്ക്കേണ്ടി വരും’.

ഇതിന് ഷാരൂഖ് മറുപടി പറയുകയും ചെയ്തു. ‘പക്ഷെ ഞാന്‍ താടി വളര്‍ത്തിയിട്ടുണ്ടായിരുന്നു. ജബ് ഹാരി മെറ്റ് സേജലില്‍ ഞാന്‍ കാണാന്‍ കോഹ്‌ലിയെ പോലെ ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ തന്നെ ഉണ്ടായിരുന്നു,’ ഷാരൂഖ് പറഞ്ഞു.

നിലവില്‍ നല്ല ഫോമില്‍ തുടരുന്ന കോഹ്‌ലി ഓസ്ട്രേലിയയ്ക്ക് എതിരായ മത്സരത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. എന്നാല്‍ കളിക്കളത്തിലെ അദ്ദേഹത്തിന്റെ പെരുമാറ്റം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നുമായുണ്ടായ വാക്ക്‌പോരാണ് ഏറ്റവും ഒടുവിലത്തെ വിവാദം. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍ അടക്കമുളളവര്‍ രംഗത്തു വന്നിരിക്കുകയാണ്. ഓസീസ് പര്യടനത്തില്‍ കോഹ്‌ലിയുടെ സ്ലെഡ്ജിങ്ങും മറ്റുമാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. കോഹ്‌ലി ഒരു രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന നായകനാണെന്ന് ഓര്‍ക്കണമെന്നും ഒരുപാട് പേര്‍ക്ക് മാതൃകയാണെന്നും ഗംഭീര്‍ ഓര്‍മിപ്പിച്ചു.

ആക്രമണോത്സുകതയും സ്ലെഡ്ജിങ്ങും നല്ലതാണ്. എന്നാല്‍ ക്രിക്കറ്റില്‍ നിയമങ്ങളുണ്ട്, അതിര്‍ത്തികളുണ്ട്. അതിനപ്പുറത്തേക്ക് കടക്കാതെ നോക്കേണ്ടത് ഏതൊരു താരത്തിന്റേയും കടമയാണ്. ടീമിന്റെ നായകന്‍ എന്നാല്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഒരുപാട് പേരുടെ മാതൃകാതാരമാണ് കോഹ്‌ലി. രാജ്യത്തിന്റെ അംബാസിഡര്‍ കൂടിയാണ്. അങ്ങനെയുള്ളൊരാള്‍ ഒരു പരിധിക്കപ്പുറം കടക്കുന്നത് ശരിയല്ലെന്നും ഗംഭീര്‍ വിമര്‍ശിക്കുന്നു.

അനില്‍ കുംബ്ലയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇരുണ്ട അധ്യായമെന്നാണ് ഗംഭീര്‍ വിശേഷിപ്പിച്ചത്. ടിമിലെ 15 പേര്‍ ഒരാള്‍ക്കക്കെതിരെ പറഞ്ഞാല്‍ നിശ്ചയമായും അയാള്‍ പുറത്തു പോകേണ്ടി വരും അത് സ്വാഭാവികമാണ്. എന്നാല്‍ ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് പരിശീലകനെ മാറ്റുകയെന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ഗംഭീര്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook