തമിഴ് സൂപ്പര്‍താരം തല അജിത്തിനെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് കേരളകൗമുദി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ രണ്ടാമതോ മൂന്നാമതോ ആയി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലായിരിക്കുമെന്നും അജിത്തിനെ നായകനാക്കാനാണ് ആഗ്രഹമെന്നും ധ്യാന്‍ പറഞ്ഞു.
താന്‍ അജിത്തിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ടെന്നും ധ്യാന്‍ പറഞ്ഞു. എന്നായാലും തലയെ വച്ചൊരു സിനിമയെടുക്കും. തന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രം മിക്കവാറും തമിഴിലായിരിക്കും ചെയ്യുന്നത്. തനിക്ക് മലയാളത്തോളം അടുപ്പമുള്ള ഭാഷയാണ് തമിഴ്. അഞ്ചാം ക്ലാസ് മുതല്‍ ചെന്നൈയിലാണ് പഠിച്ചത്. മലയാളം പോലെ തമിഴും നന്നായി എഴുതാനും വായിക്കാനും അറിയാമെന്നും ധ്യാന്‍ പറഞ്ഞു.
അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ ധ്യാന്‍. നിവിന്‍ പോളിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിക്കും. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രീനിവാസന് സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേര് ധ്യാന്‍ ആദ്യചിത്രത്തിനായി കടമെത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ദിനേശന് എന്നും നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര് ശോഭയെന്നും ആയിരിക്കും. നടന് അജു വര്‍ഗീസാണ് നിര്‍മ്മാതാവ്. ഈ ചിത്രത്തിനും ഒരു തമിഴ് പശ്ചാത്തലമുണ്ടെന്നും അതാണ് തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങുന്ന നയന്‍താരയെ നായികയാക്കിയതെന്നും ധ്യാന്‍ പറയുന്നു. ഷാന്‍ റഹ്മാനാണു സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.