2021 ഒക്ടോബറിൽ ഷാരൂഖാനുമായി താൻ ടെക്സ്റ്റ് സന്ദേശങ്ങൾ കൈമാറിയതായി മുൻ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ആരോപിക്കുന്നു. ക്രൂസിലെ ലഹരി കേസുമായി ബന്ധപ്പെട്ട് താരത്തിന്റെ മകൻ ആര്യൻ ഖാൻ കസ്റ്റഡിയിലുണ്ടായിരുന്ന സമയത്താണ് ഇരുവരും തമ്മിൽ സംഭാഷണം നടന്നത്.
2021 ഒക്‌ടോബർ 3 നും 15 നുമിടയിൽ നടനുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ അടങ്ങുന്ന എക്‌സിബിറ്റുകളായി വാങ്കഡെയുടെ പെറ്റിഷനിലുള്ളത്.
ക്രൂസ് ഷിപ്പിലെ റെയ്ഡിനെ തുടർന്ന് 2021 ഒക്ടോബർ 3 നാണ് എൻസിബി ആര്യനെ അറസ്റ്റ് ചെയ്തത്. 25 ദിവസത്തെ തടവിനു ശേഷം ഒക്ടോബർ 28 നാണ് താരപുത്രനു ജാമ്യം ലഭിച്ചത്. എന്നാൽ തെളിവുകളില്ലാതിരുന്ന സാഹചര്യത്തിൽ ആര്യൻ ഖാന്റെ പേര് എൻബി ചാർജ്ഷീറ്റിലുണ്ടായിരുന്നില്ല.
“എന്നെ വഴികാട്ടിയതിനും തന്ന ഉപദേശങ്ങൾക്കും ഒരുപാട് നന്ദി. നിങ്ങൾക്കും എനിക്കും അഭിമാനം തോന്നും വിധത്തിൽ ഒരു നല്ല വ്യക്തിയായി അവൻ മാറുമെന്ന് എനിക്കുറപ്പുണ്ട്. അവന്റെ ജീവിതത്തിലെ ഒരു വഴിതിരിവായിരിക്കും ഈ സംഭവം, അതും നല്ലതിനുവേണ്ടിയെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ രാജ്യത്തെ മുന്നോട്ടു നയിക്കാൻ സത്യസന്ധരും കഠിനാധ്വാനികളുമായ യുവാക്കളെയാണ് ആവശ്യം” ഇരുവരും തമ്മിലുള്ള സ്വകാര്യ സന്ദേശത്തിലുള്ള ഷാരൂഖാന്റെ വാക്കുകളിങ്ങനെ.
“നിങ്ങൾ നൽകിയ പാഠങ്ങൾ അവനെ ഒരു കഠിനാധ്വാനിയായ യുവാവാകാൻ സഹായിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. സ്നേഹത്തിനും ഞങ്ങളോട് കാണിച്ച കരുണയ്ക്കും നന്ദി. രാത്രിയിൽ ഇങ്ങനെയൊരു സന്ദേശം അയച്ച് നിങ്ങളുടെ ഉറക്കം നഷ്ടമാക്കിയതിൽ ക്ഷമ ചോദിക്കുന്നു. പക്ഷെ ഞാനിവിടെ ഉണർന്നിരിക്കുകയാണ് കാരണം ഞാനൊരു അച്ഛനാണല്ലോ” സന്ദേശത്തിന്റെ ബാക്കിയിങ്ങനെയാണ്.
“ആര്യൻ ഒരു വളരെ നല്ല കുട്ടിയായാണ് നിന്നത്. ഉദ്യോഗസ്ഥരുടെ ഉപദേശങ്ങൾ അവനിൽ മാറ്റമുണ്ടാക്കിയതായി ഞാൻ കരുതുന്നു. ദുരിതദിനങ്ങളെല്ലാം ഇതോടെ അവസാനിക്കും. നിങ്ങളിലെ അച്ഛനോടുള്ള അനുകമ്പ ഞാൻ അറിയിക്കുന്നു” വാങ്കഡെ മറുപടി നൽകി.
“ഞാൻ പലരോടും സംസാരിക്കുന്നത് പോലും ഒഴിവാക്കി, ഇവർ എന്തിനാണ് എനിക്ക് വേണ്ടി സംസാരിക്കരുതെന്ന് പോലും തോന്നി…നിങ്ങളുടെ സഹപ്രവർത്തകരോട് കാര്യങ്ങൾ പതുക്കെ നീക്കാൻ പറയൂ. നിങ്ങളുടെ എന്തു കാര്യത്തിനും ഞാൻ കൂടെയുണ്ടാകും. ഇതന്റെ വാക്കാണ്, ഞാനത് തെറ്റിക്കില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. എന്നോടും കുടുംബത്തോടും നിങ്ങൾ കരുണ കാണിക്കണം. ഞങ്ങൾ ഒരു സാധാരണ മനുഷ്യരാണ്, എന്റെ മകൻ അൽപ്പം വഴിതെറ്റി പോയി, പക്ഷേ അവൻ ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലിൽ കിടക്കാൻ അർഹനല്ല. അത് നിങ്ങൾക്കും അറിയാം. ദയവുചെയ്‌ത് നിങ്ങൾ കനിയണം, ഞാൻ അപേക്ഷിക്കുകയാണ്”ഷാരൂഖ് പറയുന്നു.
“ എന്റെ മകനെയൊന്ന് വീട്ടിലേക്ക് അയക്കൂ. അവൻ ഇപ്പോൾ വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് നിങ്ങൾക്കറിയാം. ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. “
“നിങ്ങളൊരു നല്ല മനുഷ്യനാണെന്ന് എനിക്കറിയാം. നല്ലതു മാത്രം സംഭവിക്കട്ടെയെന്ന് പ്രതീക്ഷിക്കാം.നിങ്ങൾ സമാധാനമായിരിക്കൂ” വാങ്കഡെ മറുപടി നൽകി. എന്റെ മകനെ ദയവായി പെട്ടെന്നു തന്നെ വീട്ടിലേക്ക് എത്തിക്കണം. അവന്റെ നല്ല മാറ്റത്തിനു തടസ്സമായി ഞാനൊന്നും തന്നെ ചെയ്തിട്ടില്ല. ഞാൻ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല, ഒരു പ്രസ്താവനയും നടത്തിയിട്ടില്ല, നിങ്ങളുടെ നന്മയിൽ മാത്രമാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു പിതാവെന്ന നിലയിൽ ദയവായി എന്നെ നിരാശപ്പെടുത്തരുത്” ഷാരൂഖിന്റെ വാക്കുകൾ.
മകളോട് സംസാരിക്കുമോ എന്ന് ഷാരൂഖ് ഉദ്യോഗസ്ഥനോട് ചോദിക്കുന്നുണ്ട്. എന്നാൽ ഇവിടെ മകൾ എന്ന് സംബോധന ചെയ്തിരിക്കുന്നത് ആരെയെന്ന് വ്യക്തമല്ല. “ഇപ്പോൾ തന്നെ അവളോട് ഞാൻ നിങ്ങളെ വിളിക്കാൻ പറയാം. ഈ കാര്യത്തിൽ ഞാൻ ഇടപ്പെടുകയും ആ വ്യക്തിയെ അർഹമായ രീതിൽ കൈകാര്യം ചെയ്യുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നിങ്ങൾ കുറച്ച് ദയവു കാണിക്കണം. നിങ്ങളെ അനുഗ്രഹിക്കട്ടെ” ഷാരൂഖ് പറഞ്ഞതായി ആരോപിക്കപ്പെടുന്നു.
“ഒരു അച്ഛൻ മറ്റൊരു അച്ഛനോട് പറയുന്ന അപേക്ഷയായി ഇതിനെ കാണണം. നിങ്ങളെ പോലെ ഞാൻ എന്റെ മക്കളെയും സ്നേഹിക്കുന്നു. ഞാൻ ദയയും സൗമ്യനുമായ വ്യക്തിയാണ് സമീർ, നിങ്ങളിലും സിസ്റ്റത്തിലുമുള്ള എന്റെ വിശ്വാസം തകർക്കാൻ അനുവദിക്കരുത്. അത് ഒരു കുടുംബമെന്ന നിലയിൽ ഞങ്ങളെ തകർക്കും. സഹായിക്കാൻ ശ്രമിച്ചതിന് നന്ദി. എക്കാലവും അങ്ങേയറ്റം നന്ദിയുള്ളവനായിരിക്കും” ഷാരൂഖ് പറഞ്ഞു.
“ആര്യനെ ജലിയിൽ അടയ്ക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്താൽ ആർക്കും സന്തോഷവുമാകില്ല” നിയമ വശങ്ങൾ കാരണമാണ് ഇതു നീണ്ടു പോകുന്നതെന്ന് വാങ്കഡെ പറഞ്ഞു. “ഒരു പിതാവെന്ന നിലയിൽ എനിക്കും ചെയ്യാൻ പറ്റുന്നതിന്റെ എല്ലാം ചെയ്തു. എന്നാൽ ചിലപ്പോൾ അതു മതിയാകില്ല. ക്ഷമയോടെ നല്ലതിനായി കാത്തിരിക്കാം” ഷാരൂഖ് പറഞ്ഞതായി ആരോപിക്കപ്പെടുന്നു.