ഗോദയിലെ കഥാപാത്രം എന്താണ്? വാമികയുടെ ജീവിതവുമായി എത്ര സാമ്യമുണ്ട്‌?

അദിതി സിംഗ് എന്ന പഞ്ചാബി പെണ്‍കുട്ടിയെയാണ് ഞാന്‍ അവതിരിപ്പിക്കുന്നത്. എന്‍റെ സ്വദേശവും പഞ്ചാബ് തന്നെയാണ് എന്നുള്ളതാണ് പ്രധാനപ്പെട്ട സാമ്യം. റെസ്ലിംഗ് (ഗുസ്തി) വശമുള്ള ഒരു കഥാപാത്രമാണിത്; എനിക്ക് പക്ഷെ റെസ്ലലിംഗ് അറിയില്ല, ഗോദയ്ക്ക് വേണ്ടി ഞാനത് പഠിക്കുകയായിരുന്നു. സ്വഭാവത്തില്‍ സാമ്യമുണ്ട്‌ എന്ന് തോന്നുന്നു; ഞാനും അദിതിയെപ്പോലെ കെയര്‍ഫ്രീയാണ്, അവളെപ്പോലെ ബിന്ദാസ് (അടിപൊളി) ആണ് ഞാനും. മനസ്സിലുള്ളത് തുറന്ന് പറയാന്‍ അവള്‍ക്കു മടിയില്ല, എനിക്കും. റിസ്ക്‌ എടുക്കാന്‍ മടിയില്ലാത്തവരാണ് ഞങ്ങള്‍ രണ്ടു പേരും.

കഥാപാത്രത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയായിരുന്നു?

രണ്ട് മാസത്തെ റെസ്ലിംഗ് പരിശീലനം ഉണ്ടായിരുന്നു. പഞ്ചാബിലെ അമൃത്സറിലും തരന്‍തരനിലുമായിട്ടായിരുന്നു അത്. അത് കൂടാതെ ബോഡി വര്‍ക്ക്‌ ഔട്ട്‌ – പ്രത്യേകിച്ചും ബൈസെപ്സ്, ഷോല്‍ഡര്‍ എന്നിവയുടെ ശക്തി കൂട്ടുന്നവ – ഉണ്ടായിരുന്നു.

Read More: ഇനി ഗോദയില്‍ കാണാം: ടൊവിനൊ തോമസ്‌

ഇപ്പൊ എനിക്ക് ശരിക്കും ഗുസ്തിക്കാരുടെ പോലെ വലിയ ബൈസെപ്സ്സാണുള്ളത്, ഇതിനിയെങ്ങനെ കളയും എന്നാലോചിച്ചിരിക്കുകയാണ് ഞാന്‍. (ചിരി)
രരര

പക്ഷെ ഷൂട്ടിംഗില്‍ അതെന്നെ ധാരാളം സഹായിച്ചു. കാരണം ഞാന്‍ ശരിക്കും ശക്തയായി. ആക്ഷന്‍ രംഗങ്ങള്‍ നന്നായി, റിയലിസ്റ്റിക്കായി ചെയ്യാന്‍ സാധിച്ചു. അതെല്ലാം തന്നെ റിഹേര്‍സ് ചെയ്യുമായിരുന്നു. കേരളത്തിലെ പ്രശസ്തനായ റെസ്ലര്‍ ജോര്‍ജ് സാറാണ് എന്നെ ട്രെയിന്‍ ചെയ്യിച്ചത്.

ഷൂട്ടിംഗ് സമയത്ത് ചില പ്രയാസങ്ങള്‍ നേരിട്ടു, മുറിവുകളൊക്കെയുണ്ടായി. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ആ വേദന ആസ്വദിച്ചു തുടങ്ങി. അതില്‍ നിന്നും ഊര്‍ജ്ജം കൊണ്ട് അടുത്ത മൂവ് നടത്തി.

ഈ കഥാപാത്രം വാമികയിലേക്ക് എത്തിയത് എങ്ങനെയാണ്?

രണ്ടു വര്‍ഷം മുന്‍പ് തന്നെ എന്നെ ഈ കഥാപാത്രത്തിനു വേണ്ടി സമീപിച്ചിരുന്നു. എന്‍റെ തമിഴ് ചിത്രം ‘മാലൈ നേരത്ത് വണക്കം’ കണ്ടിട്ടാണ് അവര്‍ തീരുമാനിച്ചത്.

Read More: പകച്ചു പോയി ടൊവിനോ! ‘ഗോദ’യില്‍ പോരിനിറങ്ങിയത് സംവിധായകനും താരവും

എന്നാലും എനിക്ക് അത്ഭുതമാണ്; എനിക്കൊരു റെസ്ലറാകാന്‍ പറ്റും എന്നവരെ തോന്നിപ്പിച്ചത് എന്തായിരിക്കുമെന്ന്. എന്നിലവര്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞാനെന്നും കടപ്പെട്ടിരിക്കും, ബേസിലിനോടും നിര്‍മാതാവ് സാരഥി സാറിനോടും.

ഗോദ എന്ന സിനിമയിലെ ഒരു ടോട്ടല്‍ എക്സ്പീരിയന്‍സിനെ എങ്ങനെ വിലയിരുത്തുന്നു?

എന്‍റെ ജീവിതത്തിലെ സ്പെഷ്യല്‍ അനുഭവം എന്ന് പറയാം. ചെറുപ്പക്കാരായ, തങ്ങള്‍ ചെയ്യുന്നതില്‍ പൂര്‍ണ്ണ വിശ്വാസമുള്ള ഒരു ക്രൂവായിരുന്നു ഗോദയില്‍. ബേസില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂള്‍ ആയ ആള്‍ക്കാരില്‍ ഒരാളാണ്, ടോവിനോയുമതെ. ഇവരുമായെല്ലാം ഒരു വൈബ് ഉണ്ടായിരുന്നു എന്നുള്ളത് സിനിമയെ ധാരാളം സഹായിച്ചിട്ടുണ്ട്.

എന്‍റെ മറ്റു കോ സ്റ്റാറുകള്‍, അജു, രണ്‍ജി സര്‍, പാര്‍വ്വതി ചേച്ചി ഇവരുമായൊക്കെ നല്ല സൗഹൃദം ഉണ്ടാക്കാന്‍ സാധിച്ചു. പേര്‍സണല്‍ കാര്യങ്ങള്‍ വരെ സംസാരിക്കാന്‍ പറ്റുന്ന ഒരു അടുപ്പം എല്ലാവരുമായും ഉണ്ടായി. അത് ഇവിടെ മാത്രം അനുഭവിച്ച ഒന്നാണ്.

എന്തൊക്കെയാണ് ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍?

ഗോദയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളവരെല്ലാം തന്നെ അവരുടെ നൂറു ശതമാനം എഫര്‍ട്ട് നല്‍കിയവരാണ്. സിനിമ നന്നാവണം എന്ന് കരുതി നന്നായി പരിശ്രമിച്ച്, ചെയ്യുന്നതെന്താണ്‌ എന്ന് നല്ല ബോധ്യത്തോടെ ചെയ്ത ഒരു വര്‍ക്ക്‌ ആണിത്. സിനിമ ഞാനിത് വരെ പൂര്‍ണ്ണമായും കണ്ടില്ല. എങ്കിലും കണ്ട ഭാഗങ്ങള്‍ അഭിമാനിക്കവുന്നവ തന്നെയാണ്. ചിത്രം സ്വീകരിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷ.

മെയ്‌ 19ന് തിയേറ്ററുകളില്‍ എത്തുന്ന ഗോദയുടെ ട്രൈലെറും ഗാനങ്ങളുമെല്ലാം തന്നെ ഇതിനോടകം പ്രേക്ഷകരുടെ മനം കവര്‍ന്നു കഴിഞ്ഞു. ടോവിനോ തോമസ്‌ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്‌, പാര്‍വ്വതി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുഞ്ഞി രാമായണത്തിന് ശേഷം ബേസില്‍ ജോസഫ്‌ സംവിധാനം ചെയ്യുന്ന ഗോദ നിര്‍മ്മിക്കുന്നത് ഇ ഫോര്‍ എന്റര്‍റ്റൈന്‍മെന്‍റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook