scorecardresearch

Latest News

മുസ്ലിം പെൺകുട്ടികൾ ഭരതനാട്യം പഠിച്ചാൽ എന്താ?; വിലക്കുകളെ മറികടന്ന വഹീദ

ഇതിഹാസനായിക വഹീദ റഹ്മാന്റെ 84-ാം ജന്മദിനമാണ് ഇന്ന്

Waheeda Rehman, Waheeda Rehman birthday, Waheeda Rehman age, Waheeda Rehman photos, Waheeda Rehman rare photos, Waheeda Rehman indian express photos, Waheeda Rehman films, Waheeda Rehman best roles, Waheeda Rehman best films, വഹീദ റഹ്മാൻ

ഇതിഹാസനായിക വഹീദ റഹ്മാന്റെ 84-ാം ജന്മദിനമാണ് ഇന്ന്. തമിഴ്നാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിൽ ജനിച്ചുവളർന്ന്, ആദ്യചിത്രത്തിൽ ഒരു ഐറ്റം നമ്പറിൽ നർത്തകിയായി പ്രത്യക്ഷപ്പെട്ട വഹീദ റഹ്മാൻ പിന്നീട് ബോളിവുഡിന്റെ സ്വപ്നനായികമാരിൽ ഒരാളായി മാറുകയായിരുന്നു. സമുദായത്തിന്റെ വിലക്കുകളെ മറികടന്ന് നർത്തകിയായും അഭിനേത്രിയായുമൊക്കെ തിളങ്ങിയ വഹീദയുടെ ജീവിതം ആർക്കും പ്രചോദനമാവുന്ന ഒന്നാണ്.

വിലക്കുകളെ മറികടന്ന് ശാസ്ത്രീയമായി ഭരതനാട്യം പഠിക്കുകയും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്ത കഥ പങ്കുവയ്ക്കുകയാണ് വഹീദ. നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയ്ക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് കടന്നുവന്ന വഴികളെയും പ്രതിബന്ധങ്ങളെയും കുറിച്ച് വഹീദ സംസാരിച്ചത്.

“അന്ന് മുസ്ലിം പെൺകുട്ടികൾ ഭരതനാട്യം പഠിക്കുന്നത് അത്ര സാധാരണമല്ല. പക്ഷേ എന്റെ മാതാപിതാക്കൾ വിശാലചിന്താഗതിയുള്ളവരായിരുന്നു. പിതാവ് ഒരു ഐഎഎസ് ഓഫീസർ ആയിരുന്നു. ഡാൻസ് പഠിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ “തീർച്ചയായും പഠിക്കൂ മകളേ,” എന്നദ്ദേഹം പ്രോത്സാഹിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ‘ഇതെന്താണ് റഹ്മാൻ സാർ, മുസ്ലീം പെൺകു
ട്ടികളെ ഭരതനാട്യം പഠിപ്പിക്കുകയും സിനിമയിൽ അഭിനയിപ്പിക്കുകയുമൊക്കെ ചെയ്താൽ വിവാഹം നടക്കുമോ എന്ന് വിമർശിച്ചു കൊണ്ട് രംഗത്തെത്തി. ഭൂമിയിലെ ഒരു ജോലിയും മോശപ്പെട്ടതല്ല, മനുഷ്യരാണ് ചീത്തയാകുന്നത്,’ എന്നായിരുന്നു അദ്ദേഹം അവർക്ക് മറുപടി നൽകിയത്,” വഹീദ പറയുന്നു.

ആദ്യ കാലത്ത് വഹീദയുടെ ആഗ്രഹം ഒരു ഡോക്ടർ ആവണം എന്നതായിരുന്നു. “അന്നത്തെ മുസ്ലീം കുടുംബങ്ങളെ സംബന്ധിച്ച് പെൺകുട്ടികൾക്ക് ഇണങ്ങുന്ന അനന്തസ്സുള്ള ജോലി ഡോക്ടറാവുക എന്നതായിരുന്നു. ഞാനും ആദ്യം ഡോക്ടറാവാനാണ് ആഗ്രഹിച്ചത്, പിന്നീട് അഭിനയത്തോട് ആഗ്രഹം തോന്നി ആ മേഖലയിലേക്ക് തിരിഞ്ഞു. എന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും, അത് കരിയറോ വിവാഹമോ എന്തുമാവട്ടെ, ഒന്നും ഞാൻ പ്ലാൻ ചെയ്തതോ പിന്തുടർന്ന് സ്വന്തമാക്കിയതോ അല്ല. എല്ലാം സംഭവിച്ചതാണ്,” വഹീദ പറയുന്നു.

1955ൽ ‘റോജുലു മറായി’ എന്ന തെലുങ്കുചിത്രത്തിൽ ഡാൻസ് നമ്പർ അവതരിപ്പിച്ചുകൊണ്ടായിരുന്നു വഹീദ തന്റെ കരിയർ ആരംഭിച്ചത്. തൊട്ടടുത്ത വർഷം സിഐഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. പ്യാസ, കാഗസ് കാ ഫൂൽ, ചൗദഹ് വിൻ കാ ചാങ്, സാഹിബ് ബീബി ഔർ ഗുലാം, ഗൈഡ്, റാം ഔർ ശ്യാം, നീൽ കമൽ, ഖാമോശീ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ വഹീദ അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ സ്വപ്നനായികയായി നിറഞ്ഞുനിന്നു. തന്റെ പ്രിയനായകൻ ദേവ് ആനന്ദിന്റെ നായികയായി കൊണ്ടായിരുന്നു വഹീദയുടെ സിനിമ അരങ്ങേറ്റം. ഗുരുദത്ത്, ദിലീപ് കുമാർ, സുനിൽ ദത്ത് എന്നിവരുടെ നായികയായും അക്കാലത്ത് വഹീദ തിളങ്ങി.

1974 ഏപ്രിൽ 27 ന് വഹീദ തന്റെ സഹപ്രവർത്തകനായ കമൽജീത്തിനെ (ശശി രേഖി) വിവാ‍ഹം ചെയ്തു. ഷാഗൂൺ (1964) എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. വിവാഹശേഷം വഹീദ ബാംഗ്ലൂരിലേക്ക് താമസം മാറ്റി. സൊഹൈൽ രേഖി, കാശ്വി രേഖി എന്നിവരാണ് ഈ ദമ്പതികളുടെ മക്കൾ, ഇരുവരും എഴുത്തുകാരാണ്. 199ൽ ‘ലംഹേ’ എന്ന ചിത്രത്തിനു ശേഷം വഹീദ അഭിനയത്തിൽ നിന്നും ഒരിടവേള എടുത്തു. 2000ൽ ഭർത്താവ് മരിച്ചതോടെ, ബാംഗ്ലൂരിൽ നിന്നും മുംബൈ ബാന്ദ്രയിലെ ബംഗ്ലാവിലേക്ക് വഹീദ താമസം മാറി. 1972ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2011ൽ പത്മഭൂഷണും വഹീദയെ തേടിയെത്തി.

അഭിനയത്തിൽ നിന്നും ഒരിടവേള എടുത്ത വഹീദ 2002ൽ ഓം ജയ് ജഗദീഷ് എന്ന ചിത്രത്തിലൂടെയാണ് പിന്നീട് തിരികെയെത്തിയത്. വാട്ടർ, മെയിൻ ഗാന്ധി കോ നഹി മാരാ, 15 പാർക്ക് അവന്യൂ, രഗ് ദേ ബസന്തി, ഡൽഹി 6, വിശ്വരൂപം 2 എന്നീ ചിത്രങ്ങൾ രണ്ടാം വരവിൽ വഹീദയെ തേടിയെത്തിയ ചിത്രങ്ങളാണ്. ദ സോങ്ങ് ഓഫ് സ്കോർപിയൻസ്, ഡിസേർട്ട് ഡോൾഫിൻ എന്നീ രണ്ടു ചിത്രങ്ങൾ റിലീസിനൊരുങ്ങുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Waheeda rehman turns 83 her life story