/indian-express-malayalam/media/media_files/uploads/2023/03/Anurag-Thakur-fi.png)
അനുരാഗ് താക്കൂർ
തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ സെൻസറിങ്ങിലൂടെ കടന്നു പോയിട്ടാണ് റിലീസിനെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി നിയന്ത്രണങ്ങൾ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേ സമയം ഒടിടി പ്ലാറ്റാഫോമുകളുടെ സ്വീകാര്യത വർധിച്ചതിൽ ഒരു കാരണം സെൻസറിങ്ങ് ഇല്ലാത്തതാണ്. എന്നാൽ ഇപ്പോൾ ഒടിടി ഉള്ളടക്കങ്ങളിലേക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് വാർത്ത വിനിമയ പ്രക്ഷേപണ മന്ത്രാലയം.
അശ്ലീലവും അസഭ്യവും നിറഞ്ഞ കാര്യങ്ങൾ ഒടിടിയിൽ സംപ്രേഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. സർഗാത്മകത എന്ന നിലയിൽ ഇതു കാണാനാകില്ലെന്നും കൂട്ടിച്ചേർത്തു.
ഒടിടി പ്ലാറ്റഫോമുകളിൽ അശ്ലീലം നിറഞ്ഞ ഉള്ളടക്കങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനെതിരെയുള്ള പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഞായറാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഈ ട്രെൻഡ് തടയാനായി നടപടികൾ സ്വീകരിക്കും.
"നല്ല സൃഷ്ടികൾ നിർമിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് എല്ലാവർക്കും നൽകിയത് അതല്ലാതെ അശ്ലീലം കാണിക്കുന്നതിനല്ല. ഒരു പരിധിയ്ക്കപ്പുറം സർഗാത്മകത എന്നു വിളിക്കപ്പെടുന്ന ഇത്തരത്തിലുള്ള അസഭ്യങ്ങൾ പ്രോത്സാഹിപ്പിക്കാനാകില്ല" താക്കൂർ പറഞ്ഞു.
"നിയമങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ അതിനും മന്ത്രാലയം തയാറാണ്. അശ്ലീലവും അസഭ്യങ്ങളും ഇല്ലാതാക്കാൻ നടപടികൾ സ്വീകരിക്കും" മന്ത്രി കൂട്ടിച്ചേർത്തു.
ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് താക്കൂർ ജനുവരിയിൽ പറഞ്ഞിരുന്നു.
"സർഗാത്മകതയ്ക്ക് ഒരിക്കലും നിയന്ത്രണം ഏർപ്പെടുത്താനാകില്ല, അതു ഓരോ ആളുകളുടെയും സ്വാതന്ത്ര്യമാണ്. എന്നാൽ അതിനർത്ഥം എന്തും സംപ്രേഷണം ചെയ്യാമെന്നല്ല. ഇതെല്ലാം നിയന്ത്രിക്കുന്നതിനായി നമ്മൾ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് അതു വേണ്ടവിധം പ്രവർത്തിക്കുന്നുമുണ്ട്" ആർ എസ് എസിന്റെ ആഴ്ചപതിപ്പായ പാഞ്ചജന്യയോട് താക്കൂർ പറഞ്ഞതിങ്ങനെ.
ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ മൂന്നു ഘട്ടങ്ങളായുള്ള രീതി സ്വീകരിച്ചിട്ടുണ്ടായിരുന്നു.
"പിന്തുടർന്നു കൊണ്ടിരിക്കുന്ന രീതി അനുസരിച്ച് ആദ്യം നിർമാതാക്കളോട് ഉള്ളടക്കത്തെ പറ്റിയുള്ള പരാതി പറഞ്ഞ ശേഷം അസ്സോസ്സിയേഷനുമായി ബന്ധപ്പെടുക. സർക്കാരിന്റെ അടുത്ത് പരാതിയെത്തിയാൽ കൃത്യമായ നിയമ നടപടികൾ സ്വീകരിക്കും" താക്കൂർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.