scorecardresearch
Latest News

ആളറിയാതെ എടുത്ത ചിത്രമാണെന്ന് വികെ ശ്രീരാമൻ; ഇത്രയും കണ്ടാൽ തന്നെ ആളെ തിരിച്ചറിയാമെന്ന് ആരാധകർ

ഏത് ആംഗിളിൽ ക്യാമറ പിടിച്ചാലും മലയാളി തിരിച്ചറിയുന്നയാള്‍ എന്നാണ് ചിത്രത്തിന് ആരാധകരുടെ കമന്റ്

ആളറിയാതെ എടുത്ത ചിത്രമാണെന്ന് വികെ ശ്രീരാമൻ; ഇത്രയും കണ്ടാൽ തന്നെ ആളെ തിരിച്ചറിയാമെന്ന് ആരാധകർ

നടൻ മമ്മൂട്ടിയുടെ വീട് സന്ദർശിച്ചപ്പോൾ പകർത്തിയ ഒരു ചിത്രവും രസകരമായ കുറിപ്പും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുകയാണ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. ഫോട്ടോ എടുക്കരുതെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനാൽ പിന്നില്‍നിന്ന് ഒളിക്ക്യാമറ വച്ച് ചിത്രം പകര്‍ത്തിയെന്നാണ് രസകരമായ ഭാഷയിൽ ശ്രീരാമന്‍ കുറിക്കുന്നത്.

” ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടൻ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട് പിന്നിൽ നിന്ന് ഒളിക്കാമറ വെച്ചാണ് വന്യൻ്റെ ഫോട്ടം പിടിച്ചത്. എന്നിട്ടും ജ്ഞാനദൃഷ്ടിയാൽ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാൻ ശ്രമിച്ചു. ഞാൻ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാൻ പറ്റീല്ല.

ന്നാലും വെറുതെ വിടാൻ പറ്റില്ലല്ലോ? ഞാനൊരു പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ചു.
” ബടെ ഇങ്ങളെന്തിനാ ഇങ്ങനെ കോങ്ക്രീറ്റം ഇട്ടത്. സ്വാഭാവിക റെയിൻഫോറസ്റ്റിൻ്റെ ഇക്കോളജിക്കൽ ബാലൻസ്പോവില്ലെ?”
ആ ചോദ്യത്തിലെ എൻ്റെ ജ്ഞാനപ്പെരുമ കേട്ട് ഞ്ഞെട്ടിയിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാൽ അതു പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു.
ചെളിപ്പറ്റുള്ള മണ്ണാൺഡാ.കോൺക്രീറ്റിട്ടില്ലെങ്കി നടന്നാ ബാലൻസുപോയി മലർന്നു വീഴും.
” എന്നാൽ പിന്നെ മറ്റൊരു വഴി ചിന്തിക്കായിരുന്നു “
എന്തു വഴി?
” തോടുണ്ടാക്കി, രണ്ടു സൈഡിലും കണ്ടൽകാടു വെച്ചു പിടിപ്പിക്കുക. എന്നിട്ട് ആ തോട്ടിലൂടെ കൊതുമ്പുവള്ളത്തിൽ വീട്ടിലേക്കു വരാലോ? പിന്നെ ആ പാട്ടും പാടാം”
ഏതു പാട്ട്?
“ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ”
അത് ഫിമെയ്ൽ വോയ്സല്ലേ?
” ഡ്യുവെറ്റായും കേട്ടിട്ടുണ്ട് “
ഉത്തരം ഒന്നുമുണ്ടായില്ല. അപ്പാേൾ ഞാൻ ചോദിച്ചു.
“എന്താ ഒന്നും മുണ്ടീലാ എന്താ ങ്ങള് ചിന്തിക്കണത്?”
ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു.
അത്രയും പറഞ്ഞ് അല്പനേരത്തിനു ശേഷം വീണ്ടും വന്യമായ വിവരണം തുടർന്നു.”


“സൂർത്തുക്കളേ ഇതങ്ങേരല്ലെ, ഇങ്ങേരല്ലെ, ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്.
ഇയ്ക്ക് ആളെ നിശ്ശല്ല. ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല. സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ,” കുറിപ്പ് അവസാനിക്കുന്നതിങ്ങനെ.

കുറിപ്പ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ആ കൈകൾ പിന്നിൽ കെട്ടിയത് മതിയല്ലോ ആളേ തിരിച്ചറിയാൻ, ഏത് ആങ്കിളില്‍ ക്യാമറ പിടിച്ചാലും മലയാളി തിരിച്ചറിയുന്നയാള്‍, ഇത് മ്മടെ മേലേടത്ത് രാഘവൻ നായരല്ലെ..??, മോറിന്റ മൊഞ്ച് ഇവിടെ നിന്നാ കാണാലോ മലനാട്ടിൽ ഓനെ വെല്ലാൻ വേറെ ഒരുത്തൻ ജനിച്ചിട്ട് വേണം, മേലേടത്ത് രാഘവൻ നായർക്ക് ഇതേ ലുക്കായിരുന്നു. നാലഞ്ച് പെങ്ങൻമാരുള്ള ഒരു മാധവൻകുട്ടിയും ഏകദേശം ഇതുപോലാരുന്നു എന്നിങ്ങനെ പോവുന്നു ചിത്രത്തിനു താഴെ ആരാധകരുടെ കമന്റുകൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vk sreeraman about mammootty

Best of Express