മുംബൈ: ഐശ്വര്യ റായിയെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ നടി സോനം കപൂര്‍ പ്രതികരിച്ചതിനെ വിമര്‍ശിച്ച് നടന്‍ വിവേക് ഒബ്റോയി. ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് നടന്‍ വിവേക് ഒബ്‌റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരെ രൂക്ഷ വിമർശനവുമായി നടി സോനം കപൂർ രം​ഗത്തെത്തിയിരുന്നു. സ്വന്തം സിനിമയില്‍ ഓവര്‍ ആക്ട് ചെയ്ത് ചെയ്ത് മുന്നോട്ട് പോയ്ക്കൊളു എന്ന് ഒബ്റോയി പരിഹസിച്ചു.

‘നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കുറച്ച് ഓവര്‍ ആക്ട് ചെയ്യു, സോഷ്യല്‍മീഡിയയിൽ ഓവർ റിയാക്ടിങും കുറയ്ക്കൂ . 10 വര്‍ഷമായി വനിതാ ശാക്തീകരണത്തിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആരുടേയും വികാരം വ്രണപ്പെടുത്തുന്നതായി എനിക്ക് തോന്നുന്നില്ല,’ ഒബ്റോയി പറഞ്ഞു.

വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും വർ​ഗരഹിതവുമാണെന്നായിരുന്നു സോനം കപൂർ ട്വീറ്റ് ചെയ്തത്. ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്രോയി പങ്കുവച്ചത്.

സൽമാൻ ഖാനുമായുള്ള പ്രണയ ബന്ധത്തെ ‘ഒപീനിയൻ പോൾ’ എന്നാണ് മീമിൽ കുറിച്ചിരിക്കുന്നത്. 2002-ലാണ് ഐശ്വര്യ റായിയും സൽമാൻ ഖാനും തമ്മിൽ പ്രണയത്തിലാകുന്നത്. ബോളിവുഡിനെ അമ്പരപ്പിച്ച പ്രണയമായിരുന്നു ഇരുവരുടേയും. പിന്നീട് സൽമാനുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം വിവേക് ഒബ്രോയുമായി ഐശ്വര്യ പ്രണയത്തിലായി. ഐശ്വര്യയും വിവേക് ഒബ്രോയും തമ്മിലുണ്ടായിരുന്നു പ്രണയത്തെ ‘എക്സിറ്റ് പോൾ’ എന്നാണ് മീമിൽ ഉള്ളത്. വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവിൽ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മിൽ വിവാഹിതരാകുകയുമായിരുന്നു. മകൾ ആരാധ്യയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഐശ്വര്യ-അഭിഷേക് ​ദമ്പതികളുടെ ചിത്രത്തില്‍ ‘തെരഞ്ഞെടുപ്പ് ഫലം’ എന്നാണ് കുറിച്ചത്.

അഭിപ്രായ സര്‍വെ, എക്‌സിറ്റ് പോള്‍, തെരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്ന ട്വിറ്റർ യൂസർ പങ്കുവച്ച മീം ആണ് വിവേക് പങ്കുവച്ചിരിക്കുന്നത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നും മീമിനൊപ്പം വിവേക് കുറിച്ചു. മീം സൃഷ്ടിച്ച വ്യക്തിയുടെ സര്‍ഗാത്മകതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

2000-ലാണ് ഐശ്വര്യ സൽമാനുമായി പ്രണയത്തിലാകുന്നത്. രണ്ട് വർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. സൽമാനുമായുള്ള പ്രണയത്തകർച്ചയ്ക്കു ശേഷം ഐശ്വര്യ വിവേക് ഒബ്രോയുമായി പ്രണയത്തിലായെങ്കിലും ആ പ്രണയവും അധികകാലം നീണ്ടുനിന്നില്ല.

ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വിവേക് വെളിപ്പെടുത്തിയിരുന്നു. 2003-ലാണ് വിവേക്- സല്‍മാന്‍ പ്രശ്നം രൂക്ഷമാകുന്നത്. ഐശ്വര്യയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് സല്‍മാന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിവേക് ആരോപിച്ചിരുന്നു. ബോളിവുഡില്‍ തനിക്കെതിരേ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നുവെന്നും 2017-ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വിവേക് പറഞ്ഞിരുന്നു.

2007-ലാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നത്. പിന്നീട് മകൾ പിറന്നതോടെ സിനിമാമേഖലയിൽ നിന്ന് വിട്ട് നിന്ന താരം 2016-ൽ ‘യേ ദിൽ ഹെ മുഷ്കിൽ’ എന്ന ചിത്രത്തിലൂടെ ബിടൗണിൽ തിരിച്ചെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook