പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. ‘കടുവ’യുടെ രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് വിവേക് ഒബ്റോയ് ആണ്. ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് വിവേക് ഒബ്റോയ്. “‘കടുവ’ ഫാമിലിയിലേക്ക് സ്വാഗതം,” വിവേക് ഒബ്റോയിയെ സ്വാഗതം ചെയ്തു കൊണ്ട് ഷാജി കൈലാസ് ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
കടുവാക്കുന്നേൽ കറുവച്ചൻ എന്ന മാസ് ഹീറോയെ ആണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കടുവയുടെ ലൊക്കേഷൻ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.








‘ഏപ്രില്‍ പകുതിയോടെയാണ് ‘കടുവ’യുടെ ഷൂട്ടിംഗ് തുടങ്ങിയത്. എന്നാൽ കോവിഡ് തരംഗം വ്യാപകമായതിനെ തുടർന്ന് ഇടയ്ക്ക് ഷൂട്ടിംഗ് നിർത്തവച്ചു. ഷെഡ്യൂൾ ബ്രേക്കിനിടെ മോഹൻലാലിനെ നായകനാക്കി ‘എലോൺ’ എന്ന ചിത്രവും ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിർമ്മിക്കുന്നത്. ‘ആദം ജോണി’ന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന്, സീമ, പ്രിയങ്ക തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.