scorecardresearch

മുഴുവൻ സത്യവും പുറത്തുകൊണ്ടുവരാൻ ആഗ്രഹിക്കുന്നു; ‘കശ്മീർ ഫയൽസി’നു തുടർച്ചയുണ്ടാവുമെന്ന് വിവേക് അഗ്നിഹോത്രി

“എന്റെ പക്കലുള്ള തെളിവുകളെല്ലാം പുറത്തുകൊണ്ടുവന്ന് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കേണ്ടത് എന്റെ ധാർമിക ഉത്തരവാദിത്തമാണ്,” വിവേക് അഗ്നിഹോത്രി പറയുന്നു

മുഴുവൻ സത്യവും പുറത്തുകൊണ്ടുവരാൻ ആഗ്രഹിക്കുന്നു; ‘കശ്മീർ ഫയൽസി’നു തുടർച്ചയുണ്ടാവുമെന്ന് വിവേക് അഗ്നിഹോത്രി

‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന് തുടർച്ചയുണ്ടാകുമെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ‘ദ കശ്മീർ ഫയൽസ്: അൺറിപോർട്ട്ഡ്’ എന്ന പേരിൽ സിനിമയുടെ സ്വീകൽ നിർമ്മിക്കുമെന്നാണ് വിവേക് വ്യക്തമാക്കിയത്. എന്നാൽ ഇതൊരു ഡോക്യുമെമെന്ററിയാണോ അതോ പരമ്പരയാവുമോ എന്ന കാര്യം സംവിധായകൻ വ്യക്തമാക്കിയില്ല.

രാജ്യാന്തര ചലച്ചിത്രമേളയിൽ ഇസ്രായേലി സംവിധായകൻ നാദവ് ലാപിഡ് ‘കാശ്മീർ ഫയൽസി’നെ കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് വീണ്ടും വാർത്തകളിൽ നിറയുകയാണ് ‘ദ കശ്മീർ ഫയൽസ്’. 53-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിനിടെയാണ് നാദവ് ലാപിഡ് കശ്മീർ ഫയൽസിനെ അപരിഷ്കൃതവും അശ്ലീലവുമായ പ്രോപ്പഗൻഡ ചിത്രമെന്ന് വിശേഷിപ്പിച്ചത്.

“ഞാൻ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നു, ഇപ്പോൾ ഒരു പ്രഖ്യാപനം നടത്തുകയാണ്. നമുക്ക് നിരവധി കഥകളുണ്ട്, അതിൽ നിന്ന് ഒന്നിന് പകരം 10 സിനിമകൾ ചെയ്യാമായിരുന്നു. അന്ന് ഒരു സിനിമ മാത്രമേ ചെയ്യാവൂ എന്നായിരുന്നു ആഗ്രഹം. എന്നാൽ ഇപ്പോൾ, ‘ദ കശ്മീർ ഫയൽസ് അൺ റിപ്പോർട്ട്ഡി’ലൂടെ മുഴുവൻ സത്യവും പുറത്തുകൊണ്ടുവരാൻ ഞാൻ തീരുമാനിച്ചു,” ആജ്‌തകിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പ്രഖ്യാപനം.

“ഇപ്പോൾ ഈ വിഷയം കലയ്ക്ക് അതീതമാണ്, മാത്രമല്ല ഈ രാജ്യത്തിന്റെ പ്രശസ്തിയെക്കുറിച്ചു കൂടിയാണ്. എന്റെ പക്കലുള്ള തെളിവുകളെല്ലാം പുറത്തുകൊണ്ടുവന്ന് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കേണ്ടത് എന്റെ ധാർമിക ഉത്തരവാദിത്തമാണ്. കശ്മീർ ഫയൽസിന്റെ തുടർച്ച കൂടുതൽ അസ്വസ്ഥമാക്കുകയും എല്ലാവരെയും അലട്ടുകയും ചെയ്യും,” വിവേക് കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ പ്രസ്താവനയിൽ, കാശ്മീർ ഫയലിലെ ഒരു രംഗമോ സംഭാഷണമോ വസ്തുതാപരമായി തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ സിനിമകൾ സംവിധാനം ചെയ്യുന്നത് നിർത്തുമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞിരുന്നു. “കശ്മീർ ഫയൽസിനെ അവർ പ്രചരണ സിനിമയെന്നാണ് വിളിക്കുന്നത്. ഹിന്ദുക്കളുടെ വംശഹത്യ നടന്നിട്ടില്ലെന്നാണോ ഇവർ പറയുന്നത്? ഇന്ന്, ലോകത്തിലെ എല്ലാ ബുദ്ധിജീവികളേയും ലോകത്തിലെ എല്ലാ അർബൻ നക്സലുകളേയും – ഇസ്രായേലിൽ നിന്നുള്ള ഈ മഹാനായ ചലച്ചിത്രകാരനെപ്പോലും – ഞാൻ വെല്ലുവിളിക്കുന്നു, അവർക്ക് ഒരു സീനെങ്കിലും തെളിയിക്കാൻ കഴിയുമെങ്കിൽ, കാശ്മീർ ഫയൽസിലെ ഒരു ഡയലോഗ് എങ്കിലും സാങ്കൽപ്പികമാണെങ്കിൽ ഞാൻ സിനിമ ചെയ്യുന്നത് നിർത്തും.”

2022 മാർച്ചിലാണ് ‘കശ്മീർ ഫയൽസ്’ തിയേറ്ററുകളിലേക്ക് എത്തിയത്. ഏറെ വിമർശനങ്ങൾ ചിത്രം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാൽ മോശം നിരൂപണങ്ങൾക്കിടയിലും ഭരണകക്ഷിയിലെ അംഗങ്ങളിൽ നിന്നുള്ള പ്രോത്സാഹനവും പിന്തുണയും മൂലം ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി മാറുകയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vivek agnihotri announces kashmir files unreported follow up