രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തല അജിത് നായകനായി എത്തിയ വിവേകം സമ്മിശ്ര പ്രതികരണത്തോടെ ആണെങ്കിലും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. ഓഗസ്റ്റ് 24ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 33.08 കോടി വാരിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ബോക്സ്ഓഫീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം സാക്ഷാല്‍ ബാഹുബലിയെ തന്നെ ചിത്രം മലര്‍ത്തി അടിച്ചെന്നാണ് വിവരം.

വെറും രണ്ടാഴ്ച്ച കൊണ്ട് ചെന്നൈയില്‍ നിന്ന് മാത്രം 8.50 കോടി രൂപയാണ് വിവേകം വാരിയത്. ബാഹുബലിയുടെ ആദ്യ ഭാഗം 8.25 കോടി രൂപയാണ് ചൈന്നൈയില്‍ നിന്നും വാരിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം ആദ്യമായി 100 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന ചിത്രം കൂടിയാണ് വിവേകം. 3000ത്തില്‍ അധികം തിയറ്ററുകളില്‍ ഒന്നിച്ച് റിലീസ് ചെയ്ത ചിത്രം തമിഴ്നാട്ടില്‍ കൂടാതെ കേരളത്തിലും ആന്ധ്രപ്രദേശിലും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം നടക്കുന്നത്.

അജയ് കുമാര്‍ എന്ന ഇന്റര്‍ പോള്‍ ഉധ്യോഗസ്ഥനായാണ് ചിത്രത്തില്‍ അജിത് വേഷമിടുന്നത്. കാജല്‍ അഗര്‍വാള്‍, വിവേക് ഒബ്രോയ്, അക്ഷര ഹാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജിത് ചിത്രങ്ങളായ വീരവും വേതാളവും സംവിധാനം ചെയ്ത സിരുതൈ ശിവയാണ് സംവിധായകന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ