തല അജിത്ത് വീണ്ടും വീണ്ടും ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കയാണ്. പ്രേക്ഷകരുടെ ആകാംഷ വാനോളമുയർത്തി കൊണ്ട് അജിത്തിന്റെ വിവേഗത്തിലെ പുതിയ ലുക്ക് ചിത്രം പുറത്തിറങ്ങി. വൻ സംഘട്ടന രംഗം കഴിഞ്ഞുളള ലൊക്കേഷൻ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ് അജിത്തിന്റെ പുതിയ ലുക്ക്. കീറി പറിഞ്ഞ വസ്ത്രങ്ങളുമായി രക്തത്തിലും മണ്ണിലും കുളിച്ച് നിൽക്കുന്ന അജിത്തിന്റെ ചിത്രം സംവിധായകൻ ശിവയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ajith, vivegam

അജിത്തിന്റെ 57ാം ചിത്രമാണ് വിവേഗം. തല 57 എന്നാണ് ചിത്രം ആദ്യം പരക്കെ അറിയപ്പെട്ടിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൻ തരംഗമാണുണ്ടാക്കിയത്. അജിത്തിന്റെ മാസ് ലുക്കാണ് പോസ്‌റ്ററിൽ.

സാധാരണ സാൾട്ട് ആൻഡ് പെപ്പർ സ്‌റ്റൈലിൽ എത്തുന്ന അജിത്ത് ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. സിക്‌സ് പാക്ക് ശരീരവുമായി നിൽക്കുന്ന അജിത്തിന്റെ നേർക്ക് കമാന്റോകൾ വെടിയുതിർക്കുന്നതും പോസ്‌റ്ററിൽ കാണാം. അവനവനിൽ വിശ്വസിക്കുക എന്നർഥം വരുന്ന ‘Believe in yourself’ എന്നും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്.

ഒരു ഇന്റർപോൾ ഓഫീസറായാണ് അജിത്ത് വിവേഗത്തിലെത്തുന്നത്.യൂറോപ്പിലാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്. അജിത്തിനെ കൂടാതെ കാജൽ അഗർവാൾ, അക്ഷര ഹാസൻ, വിവേക് ഒബ്‌റോയ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. വിവേഗത്തിൽ അജിത്തിന്റെ കഥാപാത്രത്തിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രമാണ് വിവേക് ഒബ്‌റോയിയുടേത്. വിവേക് അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് വിവേഗം.

സത്യ ജ്യോതി ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. വെട്രിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ചിത്രം തിയേറ്ററിലെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ