അജിത്തിനോടൊപ്പം പ്രവർത്തിച്ചിട്ടുളള എല്ലാവരും താരത്തിന്റെ എളിമയെയും ലാളിത്യത്തെയും കുറിച്ച് വാതോരാതെ പറയാറുണ്ട്. തമിഴകത്തെ മുൻനിര താരമാണെങ്കിലും തലക്കനം ഒട്ടുമില്ലാത്ത നടനാണ് അജിത്. ആരാധകർക്കൊപ്പം സെൽഫിയെടുക്കാനും അവരുമായി സംസാരിക്കാനും അജിത് ഒരു മടിയും കാട്ടാറില്ല. ഒരു ദിവസം 200 ഓളം സെൽഫികൾക്ക് ഒരു മടിയും കൂടാതെ അജിത് നിന്നു കൊടുക്കാറുണ്ടെന്ന് സംഗീത സംവിധായകൻ തമൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
അജിത്തിന് താരജാഡയില്ലെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവും കൂടി അടുത്തിടെ ഉണ്ടായി. തമിഴ് മാഗസിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ ചിത്രമായ വിശ്വാസത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലാണ് അജിത് ഇപ്പോഴുളളത്. രാജമുട്രിയിലും റാമോജി ഫിലിം സിറ്റിയിലുമാണ് ഷൂട്ടിങ്ങിനായി പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ രാജമുട്രിയിൽ ഷൂട്ട് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന രംഗങ്ങളും റാമോജി ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചു.
Read More: അജിത്തെന്ന് അറിഞ്ഞതും നയൻതാര സമ്മതം മൂളി
ഫിലിം സിറ്റിയിൽനിന്നും അതിനുളള അനുവാദം കിട്ടി. പക്ഷേ ഫിലിം സിറ്റിയിൽ അജിത് താമസിച്ചിരുന്ന റൂമിന്റെ കാലാവധി നീട്ടിക്കിട്ടിയില്ല. കാരണം അതേ റൂമാണ് ബോളിവുഡ് നടൻ രൺവീർ സിങ്ങിന് ബുക്ക് ചെയ്തിരുന്നത്. രൺവീറിന്റെ ‘സിമ്മ’ സിനിമയുടെ ഷൂട്ട് റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു.
അജിത്തിനോട് ഇക്കാര്യം പ്രൊഡക്ഷൻ ടീം അറിയിച്ചു. ഇതുകേട്ടതും അജിത് പറഞ്ഞത് ഇതാണ്, ”അതിനെന്താ? ഒരു ബെഡ്ഡും ഫാനും ഉളള ചെറിയ മുറി മാത്രമേ എനിക്ക് ആവശ്യമുളളൂ.” അജിത്തിന്റെ ഈ വാക്കുകൾ കേട്ട് നിർമ്മാതാക്കൾ ശരിക്കും അതിശയിച്ചുപോയെന്നാണ് തമിഴ് മാഗസിൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read More: അജിത്തിന്റെ ക്ഷമ അപാരം; ഒരു ദിവസം മാത്രം 200ഓളം സെല്ഫികള്
സംവിധായകൻ സിരുതൈ ശിവയ്ക്കൊപ്പം അജിത് ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. നയൻതാരയാണ് ചിത്രത്തിലെ നായിക. അജിത് ആണ് നായകൻ എന്നറിഞ്ഞതും സിനിമയുടെ കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ചോദിക്കാതെയാണ് നയൻതാര ചിത്രത്തിനായി കരാർ ഒപ്പിട്ടതെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.