Vishwaroopam 2 movie review: വിശ് എന്ന മേജര്‍ വിശാം അഹ്മദ് കശ്മീരി ‘വിശ്വരൂപം’ ഭാഗം ഒന്നില്‍ കാണിച്ച ധീര പ്രവൃത്തികള്‍ ഒരു കോമിക്ക് ബുക്ക്‌ വായിക്കുന്ന ലാഘവത്തോടെ കണ്ടാസ്വദിക്കാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ ഭാഗം രണ്ട്, പരസ്‌പര ബന്ധമില്ലായ്മ കൊണ്ട് താറുമാറായിപ്പോയി എന്ന് സങ്കടത്തോടെ പറയേണ്ടി വരും.

പരുക്ക്പറ്റി, തുന്നിച്ചേര്‍ക്കപ്പെട്ട ശരീരവുമായി കിടക്കുന്ന വിശിനെ (കമല്‍ഹാസന്‍) ഒരു വിമാനത്തില്‍ കയറ്റി കൊണ്ട് പോവുകയാണ് നിരുപമയും (പൂജാ കുമാര്‍) അഷ്മീതയും (ആൻഡ്രിയ ജെറീമിയ). ഒന്നാം ഭാഗത്തില്‍ കണ്ടു പരിചിതരായ ഈ രണ്ടു സുന്ദരിമാരില്‍ ആദ്യത്തേത് വിശിന്റെ ഭാര്യയാണ്. രണ്ടാമത്തേത് വിശിന്റെ ‘വിഷ്ഫുള്‍ തിങ്കിങ്’ ആണ് എന്ന് വ്യക്തം. ആദ്യാവസാനം ഫ്ലെര്‍ട്ട് ചെയ്യുന്ന ഒരു കഥാപാത്രം. ചില സമയത്ത് ഈ മൂവര്‍ സംഘം ഇതെന്തിനുള്ള പുറപ്പാടാണ് എന്ന് നമ്മള്‍ സംശയിച്ചു പോകും.

Vishwaroopam 2 movie review: പല ഭൂഖണ്ഡങ്ങളിലേക്കും (ഇന്ത്യ, അമേരിക്ക, അഫ്ഗാനിസ്ഥാന്‍) സമയക്രമങ്ങളിലേക്കും അശ്രദ്ധയോടെ ചാടിക്കളിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഒഴുക്ക് ശാന്തമല്ല. ഇതിലെ കഥാപാത്രങ്ങള്‍ – ചതിയന്മാരും രാജ്യദ്രോഹികളും, ഓര്‍മ്മക്കുറവുള്ള അമ്മമാരും അതിവൈകാരികത കാട്ടുന്ന ആണ്‍മക്കളും, പ്രഗല്‍ഭനായ ചാരന് വഴങ്ങുന്ന സുന്ദരിമാരും – കൈകള്‍ കൊണ്ടോ, കത്തി കൊണ്ടോ, തോക്ക് കൊണ്ടോ പരസ്പരം കൊല്ലാതിരിക്കുന്ന അവസരങ്ങളില്‍, പല തരത്തിലുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യുകയും ആയുധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരാണ്. മുഴക്കത്തോടെ ചുറ്റിത്തിരിയുന്ന ഹെലികോപ്ടറുകള്‍, വിക്ഷേപിക്കപ്പെടുന്ന മിസ്സൈലുകള്‍, വലിച്ചെറിയപ്പെടുന്ന ഗ്രെനേഡുകള്‍ – ആയുധധാരിയും ആപത്കാരിയുമായ വിശ് ഇവയ്ക്കെല്ലാം മുകളിലൂടെ പാഞ്ഞ്, ഇന്ത്യയുടെ തലസ്ഥാനത്തെ ബോംബ്‌ പൊട്ടി നാമാവശേഷമാകുന്നതില്‍ നിന്നും തടയുന്നു.

നമ്മെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആക്ഷന്‍ രംഗങ്ങള്‍, നായകന്‍ പ്രതിനായകന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകളെ മായ്ച്ചു കളയുന്ന തരത്തിലുള്ള പാത്രസൃഷ്ടി, അടിതടയില്‍ സമര്‍ത്ഥരായ, കായിക ബലമുള്ള നായികാ-നായകന്മാര്‍, എന്നിവയൊക്കെ കൊണ്ട് ശ്രദ്ധേയമാകുന്നവയാണ് സ്പൈ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രങ്ങള്‍. അത്തരം ഭാഗ്യങ്ങളൊന്നും തന്നെ കഴിഞ്ഞ ഭാഗത്തിലെ റോളുകളുടെ തനിയാവര്‍ത്തനങ്ങളായി എത്തുന്ന വിശിനും കൂട്ടര്‍ക്കുമില്ല. ഒരേ ഒരു രംഗത്തില്‍ ആയോധനകലയിലുള്ള പ്രവീണ്യം പുറത്തെടുക്കുന്ന ആൻഡ്രിയ ജെറീമിയ ബാക്കി സീനുകളില്‍ ഹോട്ടല്‍ മുറികള്‍ക്ക് ചുറ്റും ‘ഹൈ സ്റ്റെപ്’ ചെയ്തു നടക്കാനും, ‘ബഗ്ഗു’കള്‍ ഉണ്ടോ എന്ന് നോക്കാനും (ഉദ്ദേശിച്ചിരുന്നതിനപ്പുറം രസകരമായിത്തീര്‍ന്ന ചില സീനുകകളില്‍) മാത്രമായി ചുരുങ്ങുന്നു. പൂജാ കുമാര്‍ ആകട്ടെ, ന്യൂക്ലിയര്‍ ഓങ്കോളജിസ്റ്റ് എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സിനിമയില്‍ ഉടനീളം വിലാസവതിയായി മാത്രം കാണപ്പെടുന്നു.

Vishwaroopam 2 movie review: ബാക്കിയുള്ള അഭിനേതാക്കളുടെ കാര്യവും മെച്ചമല്ല. ‘സീനിയര്‍ ബാക്റൂം ബോയ്‌സ്’ ആയി നിന്ന് ഫീല്‍ഡിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ശേഖര്‍ കപൂര്‍, അനന്ത് മഹാദേവന്‍ എന്നിവരാകട്ടെ ആകമാനമുള്ള പരിഹാസ്യതയ്ക്ക് ആക്കം കൂട്ടുന്നു. അല്‍ഖായിദല്‍ നിന്ന് വരുന്നയാളായി വീണ്ടും രണ്ടാം ഭാഗത്തിലും എത്തുന്ന രാഹുല്‍ ബോസ് മുഖം കനപ്പിച്ച്‌ ചില ഡയലോഗുകള്‍ പറയുന്നുമുണ്ട്. ഏതു നിമിഷവും ആക്ഷനു തയ്യാറായി നില്‍ക്കുന്ന ജയ്ദീപ് ആഹ്ലാവതുമുണ്ട്. പക്ഷേ ഇവരാരും തന്നെ ഫലവത്തായില്ല. കുറച്ചെങ്കിലും നല്ല നിമിഷങ്ങള്‍ പ്രദാനം ചെയ്യാന്‍ സാധിക്കുന്നത് വഹീദാ റഹ്മാനാണ്. അല്‍ഷിമര്‍സ് ബാധിച്ച വൃദ്ധയായി അഭിനയിക്കുന്ന അവര്‍ തന്റെ മനോഹരമായ അഭിനയം കൊണ്ട് സീനുകള്‍ക്ക് ശോഭ പകരുന്നു.

Read in English: The Kamal Haasan film is an incoherent mess

ഇതെല്ലാം കൊണ്ട് തന്നെ ദേശഭക്തിയുള്ള ആര്‍എഡബ്യൂ എജെന്റ് (RAW Agent) ആയി അഭിനയിക്കുന്ന, ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും കൂടിയായ കമല്‍ഹാസന് എടുക്കേണ്ട ഭാരത്തിന്റെ അളവ് കൂടുന്നു. ആദ്യ ഭാഗത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന പടനായകനായിരുന്നു കമല്‍. ഇതിലാകട്ടെ ‘രാജ്യത്തിനു വേണ്ടി രക്തം ചൊരിയും’ എന്നൊക്കെ തകര്‍പ്പന്‍ ഡയലോഗ് പറയുന്ന, പടയാളിയില്‍ നിന്നും ഒരു രഹസ്യാന്വേഷണ എജന്റായി പരിണമിക്കുന്ന കഥാപാത്രമാണ്. ഞെട്ടിക്കുന്ന തരത്തില്‍ ബാലിശമായ തിരക്കഥയിലേക്ക് ഉയരാന്‍ പറ്റാതെയാകുന്നു കമല്‍ഹാസന്‍ പോലും. ട്രേഡ്മാര്‍ക്ക് ആയ ബുദ്ധിയും, ഉള്‍ക്കാഴ്ചയും കൊണ്ട് ചിലയിടങ്ങളില്‍ കമല്‍ അതിനെ രക്ഷിച്ചെടുക്കുന്നുണ്ട്. ബാക്കിയുള്ളതൊക്കെ തള്ളിക്കളയേണ്ടവ തന്നെ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ