scorecardresearch
Latest News

വിഷുചിത്രങ്ങൾ; റിവ്യൂ ഒറ്റനോട്ടത്തിൽ

Vishnu Release: ഇരുൾ, ആർക്കറിയാം, അനുഗ്രഹീതൻ ആന്റണി, ജോജി, ചതുർമുഖം, നായാട്ട്, നിഴൽ എന്നിങ്ങനെ ഏഴു ചിത്രങ്ങളാണ് വിഷു റിലീസായി എത്തിയിരിക്കുന്നത്

വിഷുചിത്രങ്ങൾ; റിവ്യൂ ഒറ്റനോട്ടത്തിൽ

വിഷുവിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. സിനിമകളുടെ വർണ്ണക്കാഴ്ചകളില്ലാത്ത വിഷുക്കാലം മലയാളികൾക്ക് ഇല്ലെന്നു തന്നെ പറയാം. ഈ വർഷവും കുടുംബസമേതം തിയേറ്ററുകളിൽ പോയി സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഒരുപിടി നല്ല ചിത്രങ്ങളാണ് കാത്തിരിക്കുന്നത്. ഇരുൾ, ആർക്കറിയാം, അനുഗ്രഹീതൻ ആന്റണി, ജോജി, ചതുർമുഖം, നായാട്ട്, നിഴൽ എന്നിങ്ങനെ ഏഴു ചിത്രങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചകൾക്കുള്ളിൽ തിയേറ്ററിലും ഓടിടിയിലുമായി റിലീസിനെത്തിയത്. ‘ജോജി’ ആമസോൺ പ്രൈമിലും ‘ഇരുൾ’ നെറ്റ്ഫ്ളിക്സിലുമാണ് റിലീസ് ചെയ്തിരിക്കുന്നത്.

Anugraheethan Antony Review: ഹൃദയം സ്പർശിക്കുന്ന സിനിമ; ‘അനുഗ്രഹീതൻ ആന്റണി’ റിവ്യൂ

സംഗീതത്തിനും പ്രണയത്തിനും ഒരു പോലെ പ്രാധാന്യമുള്ള, സാധാരണ പ്രേക്ഷകര്‍ക്കൊപ്പം കുട്ടികള്‍ക്കും മൃഗ സ്നേഹികള്‍ക്കുമെല്ലാം ഇഷ്ടമാകുന്ന ചിത്രമാണ് ‘അനുഗ്രഹീതൻ ആന്റണി’. സണ്ണിവെയ്ൻ നായകനാവുന്ന ചിത്രത്തിൽ സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന രസകരമായ അനവധി മുഹൂര്‍ത്തങ്ങളിലൂടെ പ്രണയവും ദുഖവും ആകാംഷയുമെല്ലാം പങ്കു വയ്ക്കപ്പെടുന്നു. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ആഴവും ചിത്രം പ്രേക്ഷകർക്ക് കാണിച്ചു തരുന്നുണ്ട്.

സണ്ണിയുടെ ആന്റണിയും അയാളുടെ നാട്ടുകാരും കാമുകിയുമെല്ലാം ചേരുന്ന ഒരു ചെറിയ ലോകത്തില്‍ രണ്ടു നായകള്‍ കൂടി എത്തുമ്പോള്‍ രസകരമായ പലതും സംഭവിക്കുന്നു. ജീവിതത്തിലെ ചില ആകസ്മികതകളില്‍ ചില സാധ്യതകള്‍ ഉണ്ടാവുകയാണ്. ജാഫര്‍ ഇടുക്കിയേയും മണികണ്ഠന്‍ ആചാരിയേയും പോലുള്ള, സ്വാഭാവിക അഭിനയത്തിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന അഭിനേതാക്കള്‍ ഈ നാടന്‍ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കി മാറ്റുകയാണ്. കുടുംബസമേതം തിയേറ്ററുകളിൽ പോവാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഇണങ്ങിയ ചിത്രമാണ് ‘അനുഗ്രഹീതൻ ആന്റണി’.

Read more: Anugraheethan Antony Review: ആദ്യാവസാനം മടുപ്പില്ലാതെ ഓടുന്ന സിനിമ; ‘അനുഗ്രഹീതൻ ആന്റണി’ റിവ്യൂ

Aarkkariyam Review: ഇതുവരെ കാണാത്ത ബിജു മേനോൻ; ‘ആര്‍ക്കറിയാം’ റിവ്യൂ

വിഷുക്കാല ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമാകാൻ പോകുന്ന ചിത്രമാണ് ‘ആർക്കറിയാം.’ ബിജു മേനോനും പാർവതിയും പ്രധാന റോളിൽ എത്തുന്ന സിനിമ സമീപകാല മലയാള സിനിമയിൽ ഉണ്ടാക്കാൻ പോകുന്ന ചലനം ചെറുതാകില്ല. സമീപകാല മലയാള സിനിമയുടെ കഥകള്‍ പുതിയ ഭാവുകത്വ പരിണാമങ്ങളെ റിയലിസ്റ്റിക്ക് അവസ്ഥകളോട് കൂട്ടിയിണക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. അതിമാനുഷമായ നായക കഥാപാത്രങ്ങളെ സൃഷ്ടിച്ചിരുന്ന തിരക്കഥകള്‍ കൂടുതല്‍ മനുഷ്യ ജീവിതത്തിലേക്ക് ഇറങ്ങി നടക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ജീവിതഗന്ധിയായ ചിത്രങ്ങളിൽ അഭിനയിക്കാനായി നായക പരിവേഷവും ഗ്ലാമറും ഒരു നടന് മാറ്റി വയ്‌ക്കേണ്ടി വരും. ഇവിടെ ബിജു മേനോൻ ഏറ്റവും തന്മയത്വത്തോടെ, അതിമനോഹരമായി തന്നെയത് ചെയ്തിരിക്കുന്നു.

പാര്‍വതി തിരുവോത്ത്, ബിജു മേനോൻ എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒരുപക്ഷേ നോവലിലെയോ ചെറുകഥയിലെയോ അനശ്വര കഥാപാത്രങ്ങളുടെ രൂപത്തില്‍ കേരള സമൂഹത്തില്‍ എക്കാലവും നിലനില്‍ക്കുക പ്രസക്തമായ ഇത്തരം സിനിമകളിലൂടെയായിരിക്കും. ‘ആർക്കറിയാം’ വല്ലാത്തൊരു അടുപ്പം പ്രേക്ഷകന്റെ ഉള്ളിൽ അവശേഷിപ്പിച്ചു മാത്രമേ കടന്നു പോകൂ. തികച്ചും ശാന്തമായി, സമാധാനപൂർവ്വം അതവസാനിച്ചു പോകുന്നു.

സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ‘ആർക്കറിയാം’ നിർമിച്ചിരിക്കുന്നത്. സംവിധായകൻ സനു ജോൺ വർഗ്ഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവർ ചേർന്ന ടീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മികച്ച തിരക്കഥ എന്ന നിലയിലും ‘ആർക്കറിയാം’ കൂടുതൽ ശ്രദ്ധേയമാകും എന്നു തീർച്ച. മഹേഷ് നാരായണന്റെ എഡിറ്റിങ് മികവും ഈ ഘട്ടത്തിൽ എടുത്തു പറയേണ്ടതാണ്.

Read more: Aarkkariyam Review: വഴിമാറി നടന്ന സിനിമ; ‘ആര്‍ക്കറിയാം’ റിവ്യൂ

Irul Movie Review: ഫഹദ് വിസ്മയിപ്പിക്കുമ്പോൾ; ‘ഇരുൾ’ റിവ്യൂ

ഒരു സ്ത്രീയും പുരുഷനും ഒറ്റപ്പെട്ട ഒരു ബംഗ്ലാവിൽ എത്തുകയും അവിടെ ഒരു അപരിചിതനെ കണ്ടുമുട്ടുകയും ചെയ്യുന്നിടത്തുനിന്നാണ് ‘ഇരുളിന്റെ’ കഥ ആരംഭിക്കുന്നത്. മനുഷ്യന്റെ വ്യത്യസ്തമായ സ്വഭാവങ്ങൾ അനാവരണം ചെയ്യുന്ന ‘ഇരുൾ’ ഭീതി, വൈകൃതങ്ങൾ തുടങ്ങിയ അവസ്ഥകളെയാണ് ആവിഷ്കരിക്കുന്നത്.

അഭിനേതാക്കളുടെ മികവാണ് ചിത്രത്തെ മനോഹരമാക്കുന്നത്. ദർശനയും സൗബിനും ഫഹദും പ്രതിഭ കൊണ്ട് ഉയർത്തിയ, പിടിച്ചു നിർത്തിയ ചിത്രം. തിരക്കഥയുടെ മികവും അതിനൊത്ത ക്യാമറ വർക്കും സംവിധായകൻ ഉദ്ദേശിച്ച അനുഭവം പ്രേക്ഷകനു നൽകാൻ സഹായിച്ചിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകനെയും സംതൃപ്തിപ്പെടുത്തുന്ന സിനിമയായി ‘ഇരുളിനെ’ കാണാൻ കഴിയില്ല. ഇതു വരെ കണ്ട സസ്പെൻസ്ത്രി ല്ലറുകൾക്കും അപ്പുറം സൈക്കോ ചിന്തയുടെ രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

Read more: Irul Movie Review: വിസ്മയിപ്പിച്ച് ഫഫാ, ഒപ്പമെത്തി ദർശനയും സൗബിനും; ‘ഇരുൾ’ റിവ്യൂ

Joji Malayalam Movie Review: വീണ്ടും പോത്തേട്ടൻ ബ്രില്ല്യൻസ്; ‘ജോജി’ റിവ്യൂ

ക്ഷേക്സ്പിയറിന്റെ ‘മാക്ബത്തി’ൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രവും മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് നേടികൊണ്ടിരിക്കുന്നത്. ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് ‘ജോജി’ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘ജോജി’ ഭ്രമാത്മക ഫാന്റസിയുടെ ഉദാഹരണമാണ്. ജോജിയായി ഫഹദ് അഭിനയിച്ചു തകർക്കുമ്പോൾ, ബാബു രാജ്, ഷമ്മി തിലകൻ എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമാറ്റോഗ്രാഫിയും സംഗീതവും മനോഹരം. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ നിര്‍മ്മാണവും നിര്‍വഹണവും ചെയ്തിരിക്കുന്ന ‘ജോജി’ മലയാളത്തിലെ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമാകും.

Read more: Joji Malayalam Movie Review: ‘മാക്ബത്ത്’ നവമലയാളസിനിമയില്‍ എത്തുമ്പോള്‍; ‘ജോജി’ റിവ്യൂ

Nayattu Movie Review: അധികാരത്തിന്റെയും ചൂഷണത്തിന്റെയും നര’നായാട്ട്’; റിവ്യൂ

മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരു നീണ്ട ഇടവേളക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. 2015 ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ളി’ക്ക് ശേഷം സിനിമയില്‍ നിന്നും തീരെ വിട്ടു നിന്ന മാര്‍ട്ടിന്‍ പ്രക്കാട്ട് നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘നായാട്ടി’ലൂടെ തിരിച്ചു വരുന്നത്.

‘നായാട്ടി’ ന്‍റെ കഥ പലരീതിയില്‍ കേരള സമൂഹം അനുഭവിച്ചു തീര്‍ത്തതാണ്. അടിയന്തരാവസ്ഥയുടെ കാലത്തെ രാജന്‍, നക്സല്‍ വര്‍ഗ്ഗീസ് തുടങ്ങി ഒടുവിലത്തെ നെടുംകണ്ടം വരെയുള്ള പോലീസ് ലോക്കപ്പ് പീഡനങ്ങളും അതിനെ തുടര്‍ന്നുള്ള നിയമ നടപടികളും ഒടുവില്‍ പ്രതികള്‍ നിയമത്തിന്‍റെ നൂലാമാലകളുടെ ആനുകൂല്യത്തില്‍ രക്ഷപെട്ടു പോകുന്നതും കേരളം പലവട്ടം സാക്ഷ്യം വഹിച്ചവയാണ്. പല വിധത്തില്‍ ഇത്തരം കഥകള്‍ക്ക് ചലച്ചിത്ര ഭാഷ്യം വന്നിട്ടുണ്ട്. ഇരയുടെയും കുടുമ്പത്തിന്‍റെയും മാനസികാവസ്ഥകളാണ് അപ്പോഴൊക്കെയും സിനിമകള്‍ക്ക് പ്രമേയമായി മാറിയതെങ്കില്‍ ‘നായാട്ട്’ മറ്റൊരു രീതിയില്‍ ഈ പ്രമേയത്തെ അവതരിപ്പിക്കുകയാണ്.

 അനേകം പിഴവുകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു നിയമ വ്യവസ്ഥയുടെ മുകളില്‍ നിന്നുള്ള നിരീക്ഷണം കൂടിയാണ് ‘നായാട്ട്.’ നിയമ വിരുദ്ധമായ ഒരു അറസ്റ്റും അതിനെ തുടര്‍ന്നുണ്ടാകുന്ന പീഡനവും നിയമത്തിന്‍റെ മുന്നില്‍ എത്തുകയും തുടര്‍ന്ന് ജീവപര്യന്തം ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന മൂന്നു പോലീസ്സുകാരും, അവരുടെ രക്ഷപ്പെടലും, ജീവിതവും മനുഷ്യത്വവും ഭരണകൂടത്തിന്‍റെ പിഴവുകളും അടക്കം സിനിമ ഒട്ടേറെ പ്രസക്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

Read more: Nayattu Movie Review: അധികാരവും ചൂഷണവും; ‘നായാട്ട്’ റിവ്യൂ

Chathur Mukham Movie Review: വേറിട്ട ദൃശ്യാനുഭവവുമായി ‘ചതുർമുഖം’

ഈ കാലഘട്ടത്തിന്റെ പരിണാമം എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘ചതുർ മുഖം’. മൊബൈൽ ഫോണ്‍ എന്ന ചതുരത്തിന്‍റെ, അതിനുള്ളിലെ അനന്തമായ സാധ്യതകളുടെ, ഊർജ്ജ നിക്ഷേപത്തിന്റെ, അതിലൂടെ നിർമ്മിക്കപ്പെടുന്ന നെറ്റ്‌വർക്കുകൾ സൃഷ്ടിക്കുന്ന നിഗൂഢതകളുടെ, വലിയൊരു സാധ്യതയായി ഈ സിനിമയെ കാണാം. ‘ചതുർ മുഖ’ത്തിലെ തേജസ്വിനിയുടെ (മഞ്ജു വാര്യര്‍) ലോകം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും സമകാലീനമായ ഒന്നാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന, അവിടെ തന്‍റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ സ്ത്രീ. അതിൽ നിന്നും സെൽഫിയുടെ അനന്തമായ സാധ്യതകളിലേക്ക് കഥ വികസിക്കുകയാണ്.

തേജസ്വിനിയായി മഞ്ജു വാര്യർ തകർത്തഭിനയിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.സണ്ണി വെയ്നും അസാമാന്യമായ പ്രകടനം കാഴ്ചവയ്ക്കുന്നു. സണ്ണി വെയിന്റെ കരിയറില്‍ ആന്റണി പുതിയൊരു വഴി തുറക്കും എന്നതില്‍ സംശയമില്ല. അലന്‍സിയറും ശ്രീകാന്ത് മുരളിയും തങ്ങളുടെ സ്വതസിദ്ധമായ പ്രകടനം കൊണ്ട് വേറിട്ട്‌ നില്‍ക്കുന്നു. രഞ്ജിത്ത് കമലാശങ്കറും സലില്‍ വിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രചന അഭയകുമാര്‍ കെയും അനില്‍ കുര്യനുമാണ്. പ്രമേയത്തിന്‍റെ വ്യത്യസ്തതയും അത് കൈകാര്യം ചെയ്ത രീതിയും ചിത്രത്തിന് കൂടുതല്‍ കരുത്തു പകരുന്നു. ഹൊറര്‍ സിനിമകളെ സംബന്ധിച്ച് അതിലെ ഉദ്വേഗം നിറഞ്ഞ സന്ദര്‍ഭങ്ങളെ, അതിന്‍റെ സൂക്ഷ്മതകള്‍ ചോരാതെ പകര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ അനായാസം മറികടക്കാന്‍ ക്യാമറമാന്‍ അഭിനന്ദന്‍ രാമാനുജത്തിന് കഴിഞ്ഞിട്ടുണ്ട്.

Read more: Chathur Mukham Movie Review: മൊബൈല്‍ ഫോണ്‍ ചതുരത്തിന്‍റെ നിഗൂഢലോകങ്ങള്‍; ‘ചതുര്‍ മുഖം’ റിവ്യൂ

Nizhal Review: നയൻതാരയും ചാക്കോച്ചനും ഒന്നിക്കുമ്പോൾ; ‘നിഴല്‍’ റിവ്യൂ

നിഗൂഢതകള്‍ നിറഞ്ഞ കഥ, ത്രില്ലർ സ്വഭാവമുള്ള ആഖ്യാനം, നായികാ കഥാപാത്രം എന്ന സാമാന്യ പ്രയോഗത്തിനും അപ്പുറം ശക്തമായ സ്ത്രീ കഥാപാത്രം എന്നിങ്ങനെ ‘നിഴല്‍’ മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തകൾ ഏറെയാണ്. ഹോളിവുഡ് സിനിമകൾ പരീക്ഷിച്ചു കഴിഞ്ഞ ഒരു തീമായി പറയാമെങ്കിലും മലയാളത്തിൽ ഒരുപക്ഷേ ആദ്യമായാണ് ‘നിഴലി’ലെ പ്രമേയം അവതരിപ്പിക്കപ്പെടുന്നത്.

എഡിറ്റർ അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ആദ്യ ചലച്ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം. എസ് സജീവാണ് ‘നിഴലി’ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ സസ്പെൻസ് നിലനിര്‍ത്തുന്ന തിരക്കഥ, തങ്ങളെ പിന്തുടരുന്ന ഒരു നിഗൂഢതയ്ക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ പിന്തുടരുന്നു. പ്രേക്ഷകനെ ഒരു വിധത്തിലും വിരസമാക്കാതെ അവസാനത്തെ സീൻ വരെ പിടിച്ചിരുത്താൻ പോന്ന ദൗത്യം സംവിധായകൻ യഥാവിധി പൂർത്തിയാക്കിയിട്ടുണ്ട്. ഇന്റർവെല്ലിന് ശേഷം കഥാഗതിക്ക് കാര്യമായ മാറ്റമുണ്ടാകുന്നുണ്ട്.

Read more: Nizhal Review: ആദ്യാവസാനം പിടിച്ചിരുത്തുന്ന സിനിമ; ‘നിഴല്‍’ റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vishu malayalam movie release review rating