Vishu Easter Special Programmes Malayalam movies on television: വിഷുക്കാലത്ത് കാഴ്ചയുടെ കണിയൊരുക്കി ടെലിവിഷന്‍ ചാനലുകളും. വിഷു-ഈസ്റ്റര്‍ ദിനങ്ങളില്‍ ഏറ്റവും പുതിയ മലയാള ചിത്രങ്ങളാണ്‌ നിങ്ങളുടെ സ്വീകരണമുറികളിലേക്ക് എത്തുക. അവയില്‍ ചിലതിലൂടെ ഒന്ന് കണ്ണോടിക്കാം.

ഒടിയന്‍

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒടിയന്‍’. വിഷു ദിനമായ ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ‘ഒടിയന്‍’ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍. അമൃതാ ടി വയ്ക്കാണ് ‘ഒടിയന്റെ’ സാറ്റലൈറ്റ് അവകാശം.

“ഒരു മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ട ചേരുവകളെല്ലാം വേണ്ട പോലെ ചേര്‍ത്ത ഉത്സവ ചിത്രമാണ് ‘ഒടിയന്‍’ എന്ന് ചുരുക്കത്തില്‍ പറയാം. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റും മോഹന്‍ലാല്‍ തന്നെ.  ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും ശരീരത്തിലും ഭാവങ്ങളിലും അനായാസമായി ആവാഹിച്ച് മോഹന്‍ലാല്‍ തന്റെ പ്രതിഭ ഒന്ന് കൂടി തെളിച്ച ചിത്രം. പ്രമേയത്തിലും, അവതരണത്തിലും സാങ്കേതിക മികവിലുമെല്ലാം നല്ല നിലവാരം പുലര്‍ത്തിയ ചിത്രത്തിന്റെ ‘മേക്കിംഗില്‍’ അണിയറ പ്രവര്‍ത്തകര്‍ ചെലുത്തിയ ശ്രദ്ധയും കഠിനാധ്വാനവും തെളിഞ്ഞു കാണാം,” ഒടിയന്‍ ചിത്രത്തെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം റിവ്യൂ പറയുന്നതിങ്ങനെ.

Read More: Odiyan Review: പ്രതീക്ഷാ ഭാരം ചുമക്കുന്ന ചിത്രത്തെ തോളിലേറ്റി നടത്തുന്ന നായകന്‍

 

എന്റെ ഉമ്മാന്റെ പേര്

ടോവിനോ തോമസ്‌, ഉര്‍വ്വശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ചിത്രത്തിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ വിഷു ദിനത്തില്‍ ഉച്ചയ്ക്ക് 12.30നാണ്. ഏഷ്യാനെറ്റ്‌ ആണ് സംപ്രേക്ഷണം ചെയ്യുന്നത്.

ജോസഫ്

ജോജു ജോര്‍ജ്ജിനെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ജോസഫ്’. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘ജോസഫ്’ ഏഷ്യാനെറ്റ് ആണ് സംപ്രേക്ഷണം ചെയ്യുന്നത്. ഏപ്രില്‍ 21, ഈസ്റ്റര്‍ ഞായറാഴ്ച വൈകിട്ട് 4.30നാണ് ‘ജോസഫ്’ ടി വി യില്‍ എത്തുന്നത്‌.

Also Read: പൂജയപ്പം മുതല്‍ കൈനീട്ടം വരെ: ഓര്‍മ്മയിലും രുചിയിലും നിറയുന്ന വിഷു 

ഒരു അടാര്‍ ലവ്

ഒരു കണ്ണിറുക്കം കൊണ്ട് ലോകത്തിന്റെ പ്രിയങ്കരിയായ പ്രിയാ പ്രകാശ് വാര്യര്‍ അഭിനയിച്ച ‘ഒരു അടാര്‍ ലവ്’ എന്ന ഒമര്‍ ലുലു ചിത്രവും ഈ വിഷുക്കാലത്ത് ടിവി പ്രദര്‍ശനത്തിനെത്തുകയാണ്. വിഷു ദിനത്തില്‍ സൂര്യാ ടിവി യാണ് ‘ഒരു അടാര്‍ ലവ്’ കാണിക്കുന്നത്, ഉച്ചയ്ക്ക് 1 മണിയ്ക്ക്.

തട്ടിന്‍പുറത്ത് അച്യുതന്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ‘തട്ടിന്‍പുറത്ത് അച്യുതന്‍’ വിഷു ദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്നത് സീ കേരളമാണ്. വൈകിട്ട് 6 മണിയ്ക്കാണ് സംപ്രേക്ഷണം.

ലോനപ്പന്റെ മാമോദീസ

ജയറാമിനെ നായകനാക്കി ഷിനോയ് മാത്യു സംവിധാനം ചെയ്ത ചിത്രമാണ് ‘ലോനപ്പന്റെ മാമോദീസ’. ഈസ്റ്റര്‍ ദിനത്തില്‍ ഈ ചിത്രം സംപ്രേക്ഷണം ചെയ്യുന്നത് മഴവില്‍ മനോരമയാണ്. രാത്രി 7 മണിയ്ക്കാണ് സംപ്രേക്ഷണം.

ഓട്ടോര്‍ഷ

അനുശ്രീയെ നായികയാക്കി സുജിത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഓട്ടോര്‍ഷ’. വിഷു ദിനത്തില്‍ മഴവില്‍ മനോരമയില്‍ വൈകിട്ട് 4 മണിയ്ക്കാണ് ചിത്രം സംപ്രേക്ഷണം ചെയ്യുന്നത്.

“കണ്ണൂരിലെ ചന്തപ്പുര ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഒരു സുപ്രഭാതത്തിൽ അനിത എന്ന പെൺകുട്ടിയും അവളുടെ ഓട്ടർഷയും മുച്ചക്രങ്ങളിൽ ഉരുണ്ടു വരികയാണ്, വണ്ടിയെ തൊട്ടു തൊഴുത് അവൾ തന്റെ പ്രയാണം തുടങ്ങുന്നു. പ്രണയിക്കാൻ, തൊട്ടുരുമ്മിയിരിക്കാൻ സ്ഥലം തിരയുന്ന കൗമരക്കാരും അപകടം പറ്റിയ കുട്ടിയും മറവിക്കാരും വിഭ്രാന്തിക്കാരനും ചെറുകിട കച്ചവടക്കാരും സ്കൂൾ കുട്ടികളും ഫ്രീക്കൻമാരും കുടുംബിനികളും എന്നു തുടങ്ങി രാത്രിയുടെ മറവിൽ ജീവിതവഴികൾ കണ്ടെത്തുന്നവരും വരെ ആ യാത്രയിൽ അവളുടെ ഒാട്ടോറിക്ഷയിൽ കയറിയിറങ്ങി പോവുന്നു.  ആ യാത്രയ്ക്കിടെയെല്ലാം ‘റിയർ വ്യൂ മിററിൽ’ തെളിയുന്ന അനിതയുടെ മഷിയെഴുതാത്ത, വിളറിയ കണ്ണുകളിൽ ഒളിഞ്ഞു കിടക്കുന്ന ഒരു ‘നിഗൂഢത’യുണ്ട്. ആ നിഗൂഢതയുടെ ചുരുളുകൾ അഴിക്കുകയാണ് സിനിമ. അതിൽ അനിത നേരിട്ട ചതിയും പ്രതികാരവുമെല്ലാമുണ്ട്,” ‘ഓട്ടോര്‍ഷ’യെക്കുറിച്ചുള്ള ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം റിവ്യൂ ഇങ്ങനെ.

Read More: Autorsha Movie Review: നായിക ഓടിച്ചു തിയേറ്ററില്‍ എത്തിക്കുന്ന സിനിമ: ഓട്ടോര്‍ഷാ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook