വേറിട്ട പ്രമോഷൻ രീതികളാണ് ഇപ്പോൾ മലയാള സിനിമാ ഇൻഡസ്ട്രിയിൽ കാണാനാവുക. ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയുടെ പ്രഖ്യാപനവും സംഭവബഹുലമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളും സംവിധായകരും. ‘വെടിക്കെട്ട്’ റിലീസ് ഡേറ്റിനെ ചൊല്ലി സംഘർഷം; നിർമ്മാതാക്കളും സംവിധായകരും തമ്മിലടി!’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വീഡിയോ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കുവച്ചിരിക്കുന്നത്. ഫെബ്രുവരി 03നാണ് ചിത്രത്തിന്റെ റിലീസ്.
തിരക്കഥാകൃത്തുക്കളും നടന്മാരുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ബിബിനും വിഷ്ണുവും ചേർന്നാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളും ഇവരാണ്. പുതുമുഖ താരം ഐശ്യര്യ അനിൽകുമാറാണ് ചിത്രത്തിലെ നായിക.

ബാദുഷാ സിനിമാസിൻ്റേയും ശ്രീ ഗോകുലം മൂവീസിൻ്റേയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് ശ്യം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ, അരുൺ രാജ് എന്നിവർ ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത്. അൽഫോൺസ് ജോസഫിന്റെതാണ് പശ്ചാത്തല സംഗീതം.