സിനിമ എന്നാല്‍ നായകന്‍ മാത്രമാണ് നമുക്ക് പലപ്പോഴും. നായകന്റെ ഇടികൊള്ളാനും പഴികേള്‍ക്കാനും എവിടെയും ഏടാകൂടമുണ്ടാക്കാനും മാത്രമാണ് വില്ലന്‍മാര്‍. എന്നാല്‍ കണ്ണൂരുകാരനും ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ വിഷ്വല്‍ എഡിറ്ററും, അതിലൊക്കെ ഉപരി ഫെയ്‌സ്ബുക്കിലെ സിനിമാ കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബിലെ(സിപിസി) ആക്ടീവ് മെംബറുമായ വിഷ്ണു മാധവിന് അങ്ങിനെയൊരു അഭിപ്രായമില്ല.

Vishnu Madhav

വിഷ്ണുവിനെ സംബന്ധിച്ചിടത്തോളം ഒരു സിനിമയുടെ മര്‍മ്മപ്രധാന ഭാഗം തന്നെ വില്ലനാണ്. അതുകൊണ്ടാണ് സിപിസിയുടെ ഏഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് മലയാള സിനിമയുടെ ലക്ഷണമൊത്ത വില്ലന്‍മാരുടെ ഒരു സീരീസ് ഇറക്കാന്‍ വിഷ്ണു തീരുമാനിച്ചത്.

“സിനിമയില്‍ ഒരു വിഷന്‍ ഉള്ളത് വില്ലനാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. വില്ലനില്ലെങ്കില്‍ നായകനില്ല. വില്ലനെ തടയുക എന്നതു മാത്രമല്ലേ നായകന്റെ ലക്ഷ്യം. മലയാളത്തില്‍ കുറേ നല്ല വില്ലന്‍മാരുണ്ടായിട്ടുണ്ട്. അവരില്‍ പലരും ഇന്ന് ട്രോളുകളിലൂടെയും മറ്റും ഹാസ്യ കഥാപാത്രങ്ങളായി മാറിയിട്ടുണ്ടെങ്കിലും മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങള്‍ തന്നെയായിരുന്നു. ആദ്യം ആറുപേരുടെ കാരിക്കേച്ചര്‍ വരയ്ക്കാനാണ് ഞാന്‍ തീരുമാനിച്ചത്,” വിഷ്ണു പറയുന്നു.

ഏറ്റവും പ്രിയപ്പെട്ട ആറെണ്ണത്തില്‍ നിന്ന് അത് 34 എണ്ണത്തിലേക്കെത്തിയ കഥ വിഷ്ണു പറയുന്നു.

“2004 വരെയുള്ള സിനിമകളിലെ വില്ലന്മാരെയാണ് ഞാന്‍ വരച്ചിരിക്കുന്നത്. നമ്മുടെ ചെറുപ്പത്തില്‍ നമ്മളെ ഒത്തിരി പേടിപ്പിച്ച, വെറുപ്പു തോന്നിയിട്ടുള്ള വില്ലന്മാര്‍. ആദ്യം ഞാന്‍ ധ്രുവത്തിലെ ഹൈദര്‍ മരയ്ക്കാരെ ആണ് വരച്ചത്. അപ്പോള്‍ തോന്നി ഒരു സീരീസ് ആക്കാമെന്ന്. ഹൈദര്‍ മരയ്ക്കാര്‍, ഗുരുദാദ, സ്വാമി, ജോണ്‍ ഹോനായി, റാംജി റാവു എന്നിവരെയാണ് ആദ്യം വരച്ചത്. പിന്നെ നോക്കുമ്പോള്‍ ഓരോ വില്ലന്മാര്‍ക്കും ഒരുപാട് പ്രാധാന്യമുള്ളതായി തോന്നി. അവരെയൊന്നും ഒഴിച്ചുകൂടാന്‍ പറ്റില്ലെന്നു തോന്നി. ചില സിനിമകളില്‍ നായകന്മാരെക്കാള്‍ കൂടുതല്‍ കൈയ്യടി നേടിയത് അവരായിരുന്നു. അങ്ങനെ പതിയെ ലിസ്റ്റ് കൂടി വന്നു. മുപ്പതില്‍ തീര്‍ക്കാമെന്നു കരുതിയപ്പോഴാണ് രതീഷിന്റെ മോഹന്‍ തോമസൊക്കെ കയറി വന്നത്. അങ്ങനെ അത് 34ല്‍ എത്തി.”

മടിപിടിച്ചപ്പോള്‍ തീര്‍ക്കാന്‍ നിര്‍ബന്ധിച്ചതും സഹായിച്ചതും സുഹൃത്തുക്കള്‍ ആണെന്ന് വിഷ്ണു.

“ഇങ്ങനെ ഒരു സീരീസ് ചെയ്യുന്നുണ്ട് എന്ന് സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നു. ഇടയ്ക്ക് ഞാനൊന്നു പുറകോട്ട് വലിഞ്ഞപ്പോള്‍ അവരാണ് നിര്‍ബന്ധിച്ചത്. നിര്‍ബന്ധം പിന്നെ ഭീഷണിയില്‍ വരെയെത്തി. സിനിമാ പാരഡീസോ ക്ലബ്ബിന്റെ അഡ്മിന്‍മാരില്‍ ഒരാളായ ജയ് വിഷ്ണുവെല്ലാം ഒരുപാട് സഹായിച്ചിട്ടുണ്ട്. വില്ലന്‍മാരെ സെലക്ട് ചെയ്യാനും, കഥാപാത്രങ്ങളുടെ പേര് കളക്ട് ചെയ്തു തരാനുമൊക്കെ ജയ് വിഷ്ണു സഹായിച്ചിട്ടുണ്ട്.”

“ഓരോ വില്ലന്മാര്‍ക്കും ഓരോ ഭാവങ്ങളുണ്ട്, പക്ഷെ അതിലുപരി ഒരു നിറമുണ്ട്. അതായത് ഒരു സിനിമയ്ക്ക് ഒരു നിറമുണ്ട്. അതു കാണുമ്പോള്‍ എന്റെ മനസില്‍ പതിഞ്ഞ ഒരു കളര്‍ ടോണുണ്ട്. അത് തീര്‍ത്തും വ്യക്തിപരമാണ്. സ്വാമിയെ ഓര്‍ക്കുമ്പോള്‍ എനിക്കൊരു ഡള്‍ ഗ്രേ ടോണാണ് തോന്നിയിട്ടുള്ളത്. അങ്ങനെ ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ നിറമുണ്ട്. അതാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. ഇതു തുടങ്ങിയിട്ട് ആറുമാസമായെങ്കിലും കഴിഞ്ഞ രണ്ടാഴ്‌ചയാണ് ഇതിനുവേണ്ടി ശരിക്കും കഷ്ടപ്പെട്ടത്. കൃത്യമായി പറഞ്ഞാല്‍ അവസാനത്തെ ഒരാഴ്‌ച ഞാന്‍ ഉറങ്ങിയിട്ടില്ല. ഒരുതരം അഡിക്ഷന്‍ ആയിരുന്നു. എങ്ങനെയെങ്കിലും ഇത് തീര്‍ക്കണം എന്ന ആഗ്രഹം. തീര്‍ത്തു കഴിഞ്ഞിട്ടും ഹാങോവര്‍ പോയിരുന്നില്ല. ആളുകള്‍ വിളിക്കുമ്പോള്‍ ഞാന്‍ ഞെട്ടുമായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.”

വരയ്ക്കുമ്പോള്‍ മറ്റ് പദ്ധതികള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ ചില പ്ലാനൊക്കെയുണ്ട് വിഷ്ണുവിന്റെ മനസില്‍.

“ഒരു ആഗ്രഹത്തിന്റെ പുറത്ത് വരച്ചതാണ്. പക്ഷെ സുഹൃത്തുക്കളും ഇതുകണ്ടവരുമെല്ലാം നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ ഇതൊരു കാര്‍ഡ് ആയോ പുസ്തകമായോ ചെയ്താല്‍ കൊള്ളാമെന്നൊരു തോന്നല്‍. ഈ സംഖ്യ ഒരു അമ്പതില്‍ എത്തിക്കണം. ചിത്രത്തിനൊപ്പം ചെറിയൊരു നോട്ടും കൂടി ചേര്‍ക്കണം. ഫോട്ടോഷോപ്പിലാണ് ഞാന്‍ വരയ്ക്കാറുള്ളത്.”

നേരത്തേ ടൈപ്പോഗ്രഫികളും ചെയ്തിട്ടുള്ള വിഷ്ണു അറിയപ്പെടുന്നത് പെന്‍സിലാശാന്‍ എന്ന പേരിലാണ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക സംഘമായ മഞ്ഞപ്പടയിലെ സജീവ സാന്നിദ്ധ്യവുമാണ് വിഷ്ണു. ഒരു മഞ്ഞപ്പട ആരാധകന്റെ മനസു പറയുന്ന യെല്ലോ ഫീവർ എന്ന കാർട്ടൂൺ സീരീസ് വലിയ ഹിറ്റായിരുന്നു. ഐഡി, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടിയും വിഷ്ണു ക്യാരക്ടര്‍ സ്‌കെച്ചുകള്‍ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ