തമിഴ് നടനും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘത്തിന്റെ സെക്രട്ടറിയുമായ വിശാല്‍ ഒടുവില്‍ തന്റെ വധുവിന്റെ പേര് ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരിക്കുന്നു. തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയെയാണ് വിശാല്‍ വിവാഹം കഴിക്കുന്നത്.

‘അതെ, സന്തോഷമുണ്ട്. ഒരുപാട് സന്തോഷമുണ്ട്. അങ്ങേയറ്റം സന്തോഷമുണ്ട്. അവളുടെ പേര് അനിഷ അല്ല എന്നാണ്. അതെ അവള്‍ ‘യെസ്’ പറഞ്ഞു. അങ്ങനെ അതുറപ്പിച്ചു. ജീവിത്തതിലെ അടുത്ത വലിയൊരു മാറ്റം. തിയ്യതി പെട്ടെന്നു തന്നെ അറിയിയ്ക്കാം. ദൈവം അനുഗ്രഹിക്കട്ടെ,’ വിശാല്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറെ നാളായി വിശാലിന്റെ വിവാഹത്തെ കുറിച്ച് പലതരത്തിലുള്ള കിംവദന്തികളും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെല്ലാമുള്ള മറുപടി ഉടന്‍ നല്‍കാമെന്ന് വിശാല്‍ അന്നു തന്നെ പറഞ്ഞിരുന്നു.

അതിന്റെ പുറകെ അനിഷ വിശാലിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
‘പുതിയ ഒന്നിന്റെ തുടക്കം. നീ ചെയ്ത എല്ലാത്തിനും നന്ദി. എന്റെ വളര്‍ച്ചയുടെ, പഠനത്തിന്റെ, നിരീക്ഷണങ്ങളുടെ, എന്റെ പ്രചോദനങ്ങളുടെ, സത്യത്തിന്റെ, വേദനയുടെ, ശക്തിയുടെ ഭാഗമായതിന്, ഞാന്‍ ഇന്ന് എവിടെയാണോ അവിടെ എത്താന്‍ എന്നെ സഹായിച്ചതിന് നന്ദി,’ എന്ന വരികളോടെയാണ് അനിഷ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരംഭിച്ചത്.

അര്‍ജുന്‍ റെഡ്ഡി, പെല്ലി ചൂപ്പുലു എന്നീ ചിത്രങ്ങളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയത്തോടല്ല അനിഷയ്ക്ക് താത്പര്യം എന്നാണ് പല മാധ്യമങ്ങളിലെയും റിപ്പോര്‍ട്ടുകള്‍.

വിശാലിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ പിതാവ് ജി.കെ റെഡ്ഡി അറിയിച്ചിരുന്നു. ഈ മാസം തന്നെ വിവാഹ നിശ്ചയം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മുമ്പ് നടി വരലക്ഷ്മി ശരത്കുമാറുമായി വിശാല്‍ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിരവധി പൊതുവേദികളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും അടുത്തിടെ പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ