തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം ഏറെ ഷോക്കിംഗ് ആയിരുന്നെന്ന് നടനും നടികർ സംഘം അധ്യക്ഷനുമായ വിശാൽ പറയുന്നു. കഴിഞ്ഞ ഡിസംബർ 20 നാണ് ചെന്നൈ ടി നഗറിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിനു മുന്നിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടനും നടികർ സംഘം അധ്യക്ഷനുമായ വിശാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിശാൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിർമ്മാതാക്കൾ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും അവർ​​​ ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. എന്നാൽ വിശാൽ പൂട്ട് പൊളിച്ച് ഓഫിസിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്നാണ് സംഭവങ്ങൾ വിശാലിന്റെ അറസ്റ്റിൽ കലാശിച്ചത്. .

അറസ്റ്റ് തന്നെ കൂടുതൽ കരുത്തനും ബുദ്ധിമാനും ആക്കുന്നുവെന്നും തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ ശിക്ഷാനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നു വിശാൽ പറയുന്നു. ഇന്ത്യൻ എക്‌സ്പ്രസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Read more: നടൻ വിശാൽ പൊലീസ് കസ്റ്റഡിയിൽ

” അറസ്റ്റ് എന്നെ ഞെട്ടിച്ചു കളഞ്ഞു. ഞാൻ ഷോക്കായി പോയി. എനിക്കറിയാം ഞാനേറെ ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ടെന്ന്. പക്ഷേ ഒരിക്കലും ഞാനാരെയും ശത്രുക്കളായി കണ്ടിട്ടില്ല, പക്ഷേ അവരെന്നെ അങ്ങനെയാണ് കണ്ടത്. വിരോധാഭാസമെന്നു പറയട്ടെ, അവർ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും എന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്റെ ഭാഗ്യത്തിന് ബഹുമാനപ്പെട്ട ജഡ്ജി അടിയന്തിരമായി എന്റെ റിലീസിന് ഉത്തരവിട്ടു. രാജ്യത്തിന്റെ നിയമവ്യവസ്ഥയിലുള്ള എന്റെ വിശ്വാസം ഒരിക്കൽ കൂടി ശക്തിപ്പെട്ടിരിക്കുന്നു. ഒപ്പം സത്യത്തിലുള്ള വിശ്വാസവും ബലപ്പെടുന്നു. എത്ര വേദനിപ്പിച്ചാലും ഒടുവിൽ സത്യം തന്നെ ജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” വിശാൽ പറയുന്നു.

” എന്നെ ഉപദ്രവിക്കാനുള്ള അവരുടെ തന്ത്രങ്ങൾ വിജയിക്കാൻ പോകുന്നില്ല. അവർ എന്നെ തടയാൻ ശ്രമിച്ചപ്പോൾ ഞാൻ അവർ പറയുന്നത് കേൾക്കാൻ വിസമ്മതിച്ചു. എന്നെ തടയാൻ അവർ ആരാണ്? ഞാൻ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. ഞാനെന്റെ ഓഫീസിലേക്ക് പോകുന്നത് അവർക്കെങ്ങനെ തടയാനാകും?” വിശാൽ ചോദിക്കുന്നു.

നിർമ്മാതാവ് എ.എൽ.അഴകപ്പന്റെ നേതൃത്വത്തിലുളള നിർമ്മാതാക്കളുടെ സംഘമാണ് വിശാലിനെ ഓഫീസിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞ് ഓഫീസ് പൂട്ടിയത്. വിശാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ നിരവധി വാഗ്‌ദാനങ്ങൾ നൽകിയിരുന്നെങ്കിലും അവയൊന്നും നടപ്പിലാക്കിയില്ലെന്നും അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷം ഇതുവരെ ജനറൽ കമ്മിറ്റി യോഗം വിളിച്ചിട്ടില്ലെന്നുമായിരുന്നു അഴകപ്പൻ ഉന്നയിച്ച ആരോപണം. വിശാൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും 8 കോടിയോളം രൂപ അക്കൗണ്ടിൽ വരവ് വച്ചിട്ടില്ലെന്നും പ്രതിധേഷക്കാർ ആരോപണം ഉന്നയിച്ചിരുന്നു.ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അതെല്ലാം​​ അടിസ്ഥാനരഹിതമാണെന്നായിരുന്നു വിശാലിന്റെ മറുപടി.

“തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ധാരാളം വിജയങ്ങൾ നേടിയിട്ടുണ്ട്, അവയിൽ ഏറ്റവും പ്രധാനം 2018 ൽ ഇറങ്ങിയ തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ എണ്ണത്തിലുള്ള വർധനവാണ്. സമീപവർഷങ്ങളെ അപേക്ഷിച്ച് വിജയചിത്രങ്ങൾ ഈ വർഷം കൂടുതലാണ്. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? ഒരേ വെള്ളിയാഴ്ച രണ്ടോ അതിലധികമോ സിനിമകൾ റിലീസ് ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തി. പകരം, സിനിമകൾ ഒന്നിനു പിറകെ ഒന്നെന്ന രീതിയിൽ ഓരോ ആഴ്ചകളിലായി സ്പെയ്സ് നൽകി റിലീസ് ചെയ്തു. നിർമ്മാതാക്കൾ ചിത്രങ്ങൾ ഫെസ്റ്റിവൽ വീക്കൻഡിൽ ഒന്നിച്ച് റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോഴും ഞങ്ങൾ അവരെ പറഞ്ഞു കൺവീൻസ് ചെയ്തു. നിർമ്മാതാക്കളെ സംബന്ധിച്ച് വലിയൊരു മാറ്റമുണ്ടാക്കിയ കാര്യമാണിത്,” വിശാൽ കൂട്ടിച്ചേർത്തു.

” സമൂഹത്തിലോ ഇൻഡസ്ട്രിയിലോ എവിടെയുമാകട്ടെ ഒരു മാറ്റം കൊണ്ടുവരണമെങ്കിൽ ഏറെ ബുദ്ധിമുട്ടേണ്ടതുണ്ട്. മാറ്റത്തിനു വേണ്ടി ശ്രമിക്കുമ്പോൾ എവിടെയും വിയോജിപ്പിന്റെ ശബ്ദമുണ്ടാകും. പാർലമെന്റിൽപോലും നിങ്ങൾക്ക് എതിർപ്പുകൾ നേരിടേണ്ടി വരാറില്ലേ. എന്നാൽ ആരോഗ്യകരമായ ചർച്ചയും ഭീഷണിപ്പെടുത്തലും രണ്ടാണ്. ഞാൻ ആരോഗ്യകരമായ ചർച്ചകളെയും വിയോജിപ്പുകളെയും സ്വാഗതം ചെയ്യുന്നു. അല്ലാതെ ഈ സമ്മർദ്ദതന്ത്രങ്ങളെയല്ല.” വിശാൽ പറയുന്നു.

“എന്നോട് അവർക്കുള്ള പ്രധാന പ്രശ്നം, ഞാൻ 2019 ലെ ലോക്‌സഭ ഇലക്ഷനിൽ എങ്ങാനും മത്സരിക്കുമോ എന്നതാണ്. ആ ചിന്ത അവരെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒന്നെനിക്കറിയാം, തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ റാഡിക്കലായ മാറ്റങ്ങൾ ഉണ്ടാവുന്നതിനെ അവർ സ്വാഗതം ചെയ്യുന്നില്ല. ഇവിടുത്തെ എന്റർടെയിൻമെന്റ് ഇൻഡസ്ട്രി ഒരു പ്രത്യേക രീതിയിലാണ് പ്രവർത്തിക്കുന്നത്.”

” എന്നെ അപമാനിക്കാനുള്ള അസംബന്ധപ്രചാരണങ്ങൾ കാണുമ്പോൾ ചിരിയാണ് വരുന്നത്. ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന്, ഓരോ ഇടപാടിനും കൃത്യമായ ബില്ലുകൾ ഉണ്ട്. ചെലവഴിച്ച ഓരോ രൂപയ്ക്കും കണക്കുകൾ ഉണ്ട്. അനുചിതമായി പണം സമ്പാദിക്കേണ്ട ആവശ്യം എനിക്കില്ല, അത്തരമൊരു പശ്ചാത്തലത്തിൽ നിന്നല്ല ഞാൻ വരുന്നതും. ദൈവത്തിന്റെ കൃപയാൽ, ഒരു അഭിനേതാവെന്ന നിലയിൽ എന്റെ ജീവിതം നന്നായി പോകുന്നുണ്ട്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook