/indian-express-malayalam/media/media_files/uploads/2018/03/irffan-and-deepika-in-piku.jpg)
'ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍' എന്ന അപൂര്‍വ്വ രോഗത്തിന് വേണ്ടിയുള്ള ചികിത്സയിലായ നടന്‍ ഇര്‍ഫാന്‍ ഖാനെ കാത്തു എത്ര കാലം വേണമെങ്കിലും പ്രൊജക്ട് തള്ളി വയ്ക്കാന്‍ താനും ദീപിക പദുക്കോണും നിര്‍മ്മാതാക്കളും തയ്യാറാണെന്ന് സംവിധായകന്‍ വിശാല്‍ ഭരദ്വാജ് അറിയിച്ചു.
"ഇര്‍ഫാന്‍ ഒരു പോരാളിയാണ്, അയാൾ ഈ യുദ്ധത്തില്‍ ജയിക്കും എന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് ഞാന്‍, ദീപിക പദുക്കോണ്‍, പ്രേരണ എന്നിവര്‍ ഉള്‍പ്പെടുന്ന ടീം തുടങ്ങാനിരുന്ന സിനിമാ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പൊരുതി ജയിച്ചു ഇര്‍ഫാന്‍ മടങ്ങി വരുമ്പോള്‍ ആഘോഷത്തോടെ, പുത്തന്‍ ഉണര്‍വ്വോടെ പുനരാരംഭിക്കും", എന്ന് വിശാല്‍ ഭരദ്വാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Irrfan is a warrior and we know he will conquer this battle. Therefore @deepikapadukone, Prernaa @kriarj and I have decided to reschedule our film and start with renewed energy and celebration when our warrior returns as a winner.
— Vishal Bhardwaj (@VishalBhardwaj) March 19, 2018
വിശാല്‍ ഭരദ്വാജിന്‍റെ അടുത്ത ചിത്രം മുംബൈ അധോലോകത്തെ വിറപ്പിച്ച സപ്നാ ദീദിയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ്. സപ്നാ ദീദിയായി ദീപികയെത്തുമ്പോള്‍ നായകനാകുന്നത് ഇര്‍ഫാന്‍ ഖാന്‍. മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന സപ്നാ ദീദിയുടെ ശരിയായ പേര് അഷ്‌റഫ് ഖാന്‍ എന്നാണ്. ദാവൂദ് ഇബ്രാഹിമിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരാളുടെ ഭാര്യയായിരുന്നു സപ്നാ ദീദി. തന്‍റെ ഭര്‍ത്താവിനെ പൊലീസ് ഏറ്റുമുട്ടലില്‍ പെടുത്തി കൊലപ്പെടുത്തിയ ദാവൂദിനെതിരെ പ്രതികാരം ചെയ്യാന്‍ അവര്‍ തയ്യാറെടുത്തു. അതിനായി ദാവൂദിന്‍റെ മുഖ്യ ശത്രുക്കളില്‍ ഒരാളായ ഹുസൈദ് ഉസ്തരയുമായി അവര്‍ കൈകോര്‍ത്തു.
വായിക്കാം: മഹാ റാണിയല്ല, ഇനി മാഫിയാ റാണി
ബൈക്ക് ഓടിക്കാനും തോക്ക് ഉപയോഗിക്കാനും ഒക്കെ പഠിച്ച അവര്‍ കുറിച്ചു കാലം ദാവൂദിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കുന്ന ഇന്‍ഫോര്‍മര്‍ ആയും പ്രവര്‍ത്തിച്ചു. ഒടുവില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് ദാവൂദിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട അവര്‍ കണക്കുകള്‍ പിഴച്ചു അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. എസ്.ഹുസൈന്‍ സൈദിയുടെ 'മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ. കുറച്ചു കാലം മുന്‍പ് വിശാല്‍ ഭരദ്വാജ് ഈ ചിത്രത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നു എന്നും അതിന് ശേഷം പല തിരക്കുകളിലും പെട്ട് പോയ വിശാലിനെ താന്‍ വിടാതെ പിന്തുടര്‍ന്ന് ഈ ചിത്രത്തിലേക്ക് എത്തിക്കുകയായിരുന്നു എന്ന് ദീപിക പദുക്കോണ്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇര്‍ഫാന്‍റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ഇര്‍ഫാന്‍ ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്. അവരുടെ ആദ്യ ചിത്രം 'പികു' വലിയ വിജയമായിരുന്നു.
കഴിഞ്ഞ ദിവസമാണ് അപൂര്‍വ്വ രോഗസ്ഥിതിയായ ന്യൂറോ എന്‍ഡോക്രിന്‍ ട്യൂമറാണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. തന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും ശക്തിയും തനിക്ക് പ്രതീക്ഷ തരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ശരീര ഭാഗങ്ങളില്‍ പടരുന്ന അപൂര്‍വ്വമായ രോഗസ്ഥിതിയാണിത്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളില്‍ വികസിക്കുന്ന എന്‍ഡോക്രിന്‍ ട്യൂമറിനും ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇത് ശരീരത്തിന്‍റെ പ്രവര്‍ത്തനം താറുമാറാക്കും.
ഈ മാസം ആദ്യമാണ് തനിയ്ക്ക് അപൂര്‍വ്വ രോഗമാണെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍ വെളിപ്പെടുത്തിയത്. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഉടന്‍ തന്നെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അസുഖം ഏതെന്ന് വെളിപ്പെടുത്തിയതോടെ ദീര്‍ഘ കാലം ഇര്‍ഫാന്‍ ഖാന് അഭിനയിക്കാന്‍ കഴിയില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.