ജനപ്രീതി നേടിയ ‘തുപ്പറിവാളൻ’ , ‘ഇരുമ്പ് തിരൈ’ എന്നീ ആക്ഷൻ ത്രില്ലർ സിനിമകൾക്ക് ശേഷം വിശാൽ ആക്ഷൻ ഹീറോ ആയി അഭിനയിക്കുന്ന ‘അയോഗ്യാ’ മെയ് 10 ന് റിലീസിനെത്തും. എ.ആർ. മുരുകദാസിന്റെ സഹസംവിധായകനായ വെങ്കട്ട് മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയോഗ്യാ’. ലൈറ്റ് ഹൗസ് മൂവി മേക്കേഴ്‌സിന്റെ ബാനറിൽ ടാഗോർ മധുവാണ് ചിത്രം നിർമ്മിക്കുന്നത്. റാഷി ഖന്നയാണ് ചിത്രത്തിൽ വിശാലിന്റെ നായികയായി എത്തുന്നത്. ദ്വിമുഖ വ്യക്തിത്വമുള്ള പോലീസ് ഓഫീസർ ആയാണ് വിശാൽ ചിത്രത്തിൽ അഭിനയിക്കുന്നത്.
“ഇത് ഒരു പതിവ് പോലീസ് കഥയല്ല. ഒരു ദുഷ്ടൻ എങ്ങനെ നല്ലവനായി മാറുന്നു. നല്ലവനായ ശേഷം അവൻ എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് ‘അയോഗ്യാ’യുടെ പ്രമേയം. ക്രൂരനായ പോലീസ് നല്ല പോലീസ് ആയി എന്നതല്ല കഥ. പണത്തിനു വേണ്ടി പോലീസ് ആയ ഒരുത്തൻ. അവനറിയാതെ തന്നെ ധാരാളം തെറ്റുകൾ ചെയ്യുന്നു. അതിന് അവൻ എന്ത് പരിഹാരം ചെയ്യുന്നു എന്നതാണ് പ്രതിപാദ വിഷയം. ചുരുക്കി പറഞ്ഞാൽ ഒരു രാക്ഷസൻ എങ്ങനെ മഹാനായി എന്നതാണ് കഥ. ഈ ഒരു വിഷയം മറ്റൊരു സിനിമയിലും പ്രതിപാദിച്ചിട്ടുണ്ടവില്ല എന്നാണ് എനിക്ക് തോന്നുന്നത്. തെലുങ്കിൽ വൻ വിജയം നേടിയ ‘ടെമ്പർ’ എന്ന സിനിമയുടെ തമിഴ് പുനരാവിഷ്‌ക്കാരമാണ് ‘അയോഗ്യാ’. എന്നാൽ തിരക്കഥയിൽ വലിയ മാറ്റങ്ങൾ വരുത്തി, പുതിയ ഒരു ക്ലൈമാക്‌സോടെയാണ് ‘അയോഗ്യാ’ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ വിശാലിന്റെ പ്രത്യേക മാനറിസങ്ങളും സ്റ്റൈലും ആക്ഷൻ രംഗങ്ങളും പുതുമയാർന്നതാണ്,” സംവിധായകൻ വെങ്കട്ട് മോഹൻ പറയുന്നു.
സച്ചു, പൂജാ ദേവരിയ, ആർ. പാർത്ഥിപൻ, കെ. എസ്. രവികുമാർ, വംശി കൃഷ്ണാ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരട്ടസഹോദരങ്ങളായ രാം- ലക്ഷ്മൺമാരാണ് ‘അയോഗ്യാ’യിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ജി.കെ.വിഷ്ണു ഛായാഗ്രഹണവും സാം.സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
‘സിമ്പ’ എന്ന പേരിൽ രൺവീർ സിംഗിനെ നായകനാക്കി റോഹിത്ത് ഷെട്ടിയും ചിത്രത്തിന് ഹിന്ദി റിമേക്ക് ഒരുക്കിയിരുന്നു. 2018 ൽ ഏറ്റവും കൂടുതൽ ബോളിവുഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു ‘സിമ്പ’.