നടൻ വിശാലിന്റെയും തെലുങ്കു നടി അനിഷ അല്ല റെഡ്ഡിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ കോളിവുഡിലെ ഈ വർഷത്തെ രണ്ടാം താരവിവാഹമാണിത്. ഏതാനും ദിവസം മുപായിരുന്നു നടൻ ആര്യയും നടി സയ്യേഷയും വിവാഹിതരായത്.
തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയെ വിവാഹം ചെയ്യാൻ തീരുമാനിച്ച വിവരം വിശാൽ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്. അനിഷ യെസ് പറഞ്ഞെന്നും വിവാഹ തീയതി ഉടൻ അറിയിക്കും എന്നുമായിരുന്നു വിശാലിന്റെ ട്വീറ്റ്. ചെന്നൈയിലെ നടികർ സംഘം ബിൽഡിംഗിൽ ആവും തന്റെ വിവാഹചടങ്ങുകൾ നടക്കുക എന്ന് മുൻപൊരു അഭിമുഖത്തിൽ വിശാൽ വെളിപ്പെടുത്തിയിരുന്നു. ”നടികർ സംഘത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായശേഷം മാത്രമേ വിവാഹം നടക്കൂവെന്നും അതുവരെ അവളോട് കാത്തിരിക്കണമെന്ന് ഞാൻ പറഞ്ഞു. അതിന് അവൾ സമ്മതിച്ചു, അവളോട് അതിന് നന്ദിയുണ്ട്,” ദിന തന്തി പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിശാൽ പറഞ്ഞതിങ്ങനെ. നടികർ സംഘത്തിന്റെ സെക്രട്ടറിയാണ് വിശാൽ.
Read: അനിഷ ദൈവം തന്ന സമ്മാനം, ആദ്യം പ്രൊപ്പോസ് ചെയ്തത് ഞാൻ; മനസ്സ് തുറന്ന് വിശാൽ
ദിന തന്തി പത്രത്തിന് നൽകിയ അഭിമുഖത്തിൽ അനിഷയുമായി താൻ പ്രണയത്തിലായതിനെക്കുറിച്ചും വിശാൽ മനസ്സ് തുറന്നിരുന്നു. ”വിശാഖപട്ടണത്തുവച്ച് എന്റെ പുതിയ ചിത്രമായ അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്. അനിഷയും ഏതാനും പെൺകുട്ടികളും ചേർന്നാണ് എന്നെ കാണാൻ വന്നത്. അവർ മിഷേൽ എന്നൊരു സിനിമ ചെയ്തുവെന്നും അതിൽ അനിഷയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞു. ഈ സിനിമയിലെ ഒട്ടുമിക്ക ടെക്നീഷ്യൻസും സ്ത്രീകളാണെന്നും പറഞ്ഞു. കൃഷിയെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു അത്. അതിലെ ക്രൂ അംഗങ്ങൾ മുഴുവൻ കർഷക കുടുംബത്തിൽനിന്നുള്ളവരായിരുന്നു. അനിഷയെ കണ്ട നിമിഷം തന്നെ അവളോട് പ്രണയം തോന്നി. പക്ഷേ പ്രണയം തുറന്നുപറഞ്ഞത് ഏതാനും തവണ കൂടി തമ്മിൽ കണ്ടശേഷമാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അപ്പോൾ അവൾ മറുപടി പറഞ്ഞില്ല. അവൾക്കാവശ്യമുളള സമയം എടുത്തശേഷമാണ് പോസിറ്റീവായി മറുപടി നൽകിയത്.” അനിഷയുമായുള്ള പ്രണയത്തെ കുറിച്ച് വിശാൽ വെളിപ്പെടുത്തുന്നു. തെലുങ്ക് നടിയാണ് അനിഷ. ‘അര്‍ജുന്‍ റെഡ്ഡി’, ‘പെല്ലി ചൂപ്പുലു’ എന്നീ ചിത്രങ്ങളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്.