തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയെ വിവാഹം ചെയ്യാൻ തീരുമാനിച്ച വിവരം ഏതാനും ദിവസം മുൻപാണ് വിശാൽ പുറത്തുവിട്ടത്. അനിഷ യെസ് പറഞ്ഞെന്നും വിവാഹ തീയതി ഉടൻ അറിയിക്കും എന്നുമായിരുന്നു വിശാലിന്റെ ട്വീറ്റ്. വിശാലിന്റെ വിവാഹ വാർത്ത ആരാധകർക്ക് അതിശയമാണുയർത്തിയത്. അനിഷയുമായി വിശാൽ പ്രണയത്തിലായത് എങ്ങനെയെന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. ഇപ്പോഴിതാ വിശാൽ തന്നെ ആരാധകർക്കായി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

ദിന തന്തി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അനിഷയുമായി താൻ പ്രണയത്തിലായതിനെക്കുറിച്ച് വിശാൽ മനസ്സ് തുറന്നത്. ”വിശാഖപട്ടണത്തുവച്ച് എന്റെ പുതിയ ചിത്രമായ അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്. അനിഷയും ഏതാനും പെൺകുട്ടികളും ചേർന്നാണ് എന്നെ കാണാൻ വന്നത്. അവർ മിഷേൽ എന്നൊരു സിനിമ ചെയ്തുവെന്നും അതിൽ അനിഷയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞു. ഈ സിനിമയിലെ ഒട്ടുമിക്ക ടെക്നീഷ്യൻസും സ്ത്രീകളാണെന്നും പറഞ്ഞു. കൃഷിയെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു അത്. അതിലെ ക്രൂ അംഗങ്ങൾ മുഴുവൻ കർഷ ക കുടുംബത്തിൽനിന്നുള്ളവരായിരുന്നു.”

Read: അവള്‍ ഒടുവില്‍ ‘യെസ്’ പറഞ്ഞു, സന്തോഷം അടക്കാനാകാതെ വിശാല്‍

”അനിഷയെ കണ്ട നിമിഷം തന്നെ അവളോട് പ്രണയം തോന്നി. പക്ഷേ പ്രണയം തുറന്നുപറഞ്ഞത് ഏതാനും തവണ കൂടി തമ്മിൽ കണ്ടശേഷമാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അപ്പോൾ അവൾ മറുപടി പറഞ്ഞില്ല. അവൾക്കാവശ്യമുളള സമയം എടുത്തശേഷമാണ് പോസിറ്റീവായി മറുപടി നൽകിയത്.”

അനിഷ തനിക്ക് ദൈവം തന്ന സമ്മാനമാണെന്നാണ് വിശാൽ പറയുന്നത്. നടിക്കു പുറമേ നാഷണൽ ലെവൽ ബാസ്കറ്റ് ബോൾ കളിക്കാരിയും സോഷ്യൽ ആക്ടിവിസ്റ്റുമാണ് അനിഷയെന്നും വിശാൽ അഭിമുഖത്തിൽ പറഞ്ഞു. വിവാഹശേഷം പല നടികളും അഭിനയം നിർത്തുമ്പോൾ അനിഷ അഭിനയം വിടേണ്ടതില്ലെന്നും തുടരാമെന്നുമാണ് വിശാൽ പറയുന്നത്.

നടികർ സംഘത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായശേഷം മാത്രമേ വിവാഹം നടക്കൂവെന്നും അതുവരെ അവളോട് കാത്തിരിക്കണമെന്നും ഞാൻ പറഞ്ഞു. അതിന് അവൾ സമ്മതിച്ചുവെന്നും അവളോട് അതിന് നന്ദിയുണ്ടെന്നും വിശാൽ അഭിപ്രായപ്പെട്ടു. നടികർ സംഘത്തിന്റെ സെക്രട്ടറിയാണ് വിശാൽ. തെലുങ്ക് നടിയാണ് അനിഷ. അര്‍ജുന്‍ റെഡ്ഡി, പെല്ലി ചൂപ്പുലു എന്നീ ചിത്രങ്ങളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook