ഗണേശ് രാജ് സംവിധാനം ചെയ്ത ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ് വിശാഖിന്റെ സിനിമാ ജീവിതത്തിനു തുടക്കമാകുന്നത്. ചിത്രത്തില്‍ വിശാഖ് അവതരിപ്പിച്ച ‘കുപ്പി’ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. കങ്കണ റണൗട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ എമര്‍ജന്‍സി’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിശാഖാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലത്തെ കഥപറയുന്ന ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയായാണ് വിശാഖ് വേഷമിടുന്നത്. ‘ഇത്രയും വലിയൊരു സിനിമയുടെ ഭാഗമായതില്‍ സന്തോഷമുണ്ട്’ എന്നു കുറിച്ചുകൊണ്ടാണ് വിശാഖ് തന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. നടന്മാരായ റോഷന്‍ മാത്യു, വിനീത് ശ്രീനിവാസന്‍, നടി അഹാന, സംഗീത സംവിധായകന്‍ ഹിഷാം എന്നിവരും വിശാഖിനു അഭിനന്ദനം അറിയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ആണ് വിശാഖിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘ എമര്‍ജന്‍സി’. റിതേഷ് ഷാ തിരക്കഥ എഴുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് കങ്കണ തന്നെയാണ്. അനുപം ഖേര്‍,കങ്കണ, മിലിന്ദ് സോമന്‍, മഹിമ ചൗധരി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജി വി പ്രകാശാണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.