നിപ്പ കാലത്ത് കോഴിക്കോട്ടെ ആതുരരംഗം കടന്നുപോയ പ്രതിസന്ധികളെയും ഭീതിദമായ നാളുകളെയും അതിജീവനയാത്രകളെയും അവലംബിച്ച് ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ തിയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. നിരവധി ‘റിയൽ ലൈഫ് ഹീറോകളെയാണ്’ ചിത്രത്തിലൂടെ ‘വൈറസ്’ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചത്. ആ കൂട്ടത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു പാർവ്വതി തിരുവോത്ത് അവതരിപ്പിച്ച ഡോ.അന്നു. കാലിക്കറ്റ് മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥിയായ ഡോ. സീതു പൊന്നു തമ്പിയാണ് യഥാർത്ഥ ജീവിതത്തിലെ അന്നു.

നിപ്പ കാലത്ത് കടന്നുപോയ ഭീതിയുടെ നാളുകളെ കുറിച്ചും നിപ്പ സെല്ലിലെ പ്രവർത്തനങ്ങളെ കുറിച്ചും ജീവിതം സ്ക്രീനിൽ കണ്ട അനുഭവത്തെ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് സംസാരിക്കുകയാണ് ഡോ. സീതു പൊന്നു തമ്പി.

Read Here: Virus Movie Review: നിപ പോരാളികൾക്ക് സല്യൂട്ട് അർപ്പിച്ച് ‘വൈറസ്’

വൈറസ്, virus, Virus Movie, വൈറസ് മൂവി, വൈറസ് സിനിമ, virus review, parvathy thiruvoth, parvathy in virus, dr seethu ponnu thampi, ഡോ. സീതു പൊന്നു തമ്പി,Nipah virus, നിപ വൈറസ്, നിപ്പ വൈറസ്, iemalayalam, ഐഇ മലയാളം

പാര്‍വ്വതി തിരുവോത്ത്, ഡോ. സീതു പൊന്നു തമ്പി

“നിപ്പ സമയത്ത് കാലിക്കറ്റ് മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ സെക്കൻഡ് ഇയർ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിനി ആയിരുന്നു ഞാൻ. അന്ന്, കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ ഞങ്ങളെയെല്ലാവരെയും നിപ്പ സെല്ലിൽ പോസ്റ്റ് ചെയ്തിരുന്നു. ഓരോരുത്തർക്കും ഓരോ തരം ജോലിയായിരുന്നു നൽകിയിരുന്നത്. FAQ തയ്യാറാക്കുക എന്നതായിരുന്നു എന്റെ ഡ്യൂട്ടി. നിപ്പയെ കുറിച്ചുള്ള സംശയങ്ങളുമായി കാൾ സെന്ററിൽ വരുന്ന കോളുകൾക്ക് മറുപടിയെന്നവണ്ണം FAQ തയ്യാറാക്കുക- അതായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്,” നിപ്പ കാലം ഓർത്തെടുത്തു ഡോ. സീതു പറഞ്ഞു തുടങ്ങി.

ഡോ. സീതുവിന്റെ ഭർത്താവ് ഡോ. ബിജിൻ ഇക്ര ഹോസ്‌പിറ്റലിലെ ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായിരുന്നു. സിസ്റ്റർ ലിനി അടക്കമുള്ള മൂന്നു നിപ്പ രോഗികള്‍ ആദ്യമെത്തുന്നത് ഇക്രയിലാണ്. ആ സമയത്ത് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ദേഹം മൂന്നു പേരെയും ശ്രുശ്രൂഷിക്കുകയും ചെയ്തിരുന്നു. അവിടെ നിന്നുമാണ് പിന്നീട് ബേബി മെമ്മോറിയലിലേക്കും മെഡിക്കൽ കോളേജിലേക്കുമൊക്കെ രോഗികളെ മാറ്റിയത്.

“ജോലി കഴിഞ്ഞു വരുമ്പോൾ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ, വളരെ ചെറുപ്പക്കാരനായ ഒരു പേഷ്യന്റ് വന്ന കാര്യവും സംസാരിച്ചു. 22 വയസ്സു മാത്രമുള്ള ഒരു പയ്യൻ, പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നു, കണ്ടപ്പോൾ വിഷമം തോന്നി എന്നൊക്കെ പറഞ്ഞു. പിന്നീടാണ് നിപ്പയാണ് രോഗമെന്ന് നിർണയിക്കുന്നതും ആ വന്ന മൂന്നു കേസുകളും നിപ്പയാണെന്ന് അറിയുന്നതും. അപ്പോഴേക്കും ഞങ്ങളാകെ ഷോക്ക് ആയി. ഭർത്താവും അതിൽ ഉൾപ്പെട്ടതുകൊണ്ട് എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു,” സീതു പറഞ്ഞു.

എന്താണ് നിപ്പ എന്നു പോലും അറിവില്ലാതിരുന്ന, കൂടുതൽ മനസ്സിലാക്കാൻ റഫറൻസ് പോലും ഇല്ലാത്ത അവസ്ഥയില്‍ ഗൂഗിളിൽ ഒക്കെ തിരഞ്ഞാണ് ആദ്യം നിപ്പയെ കുറിച്ച് ഡോ. സീതു അടക്കമുള്ളവര്‍  മനസ്സിലാക്കുന്നത്.

“അതിനിടയിൽ നിപ്പ ബാധിച്ചവർ മരിക്കുന്നു. അതോടെ ഭീതി കൂടി, മൂന്നു പേഷ്യൻസിനെയും ഒരു പ്രൊട്ടക്ഷനുമില്ലാതെ ചികിത്സിച്ചതുകൊണ്ട് ഭർത്താവിന് രോഗസാധ്യത കൂടുതലായിരുന്നു, മരണം ഉറപ്പിച്ചിരിക്കുകയായിരുന്നു ഞങ്ങൾ,” ഭീതിയുടെ നാളുകൾ സീതു ഓർക്കുന്നു.

വൈറസ്, virus, Virus Movie, വൈറസ് മൂവി, വൈറസ് സിനിമ, virus review, parvathy thiruvoth, parvathy in virus, dr seethu ponnu thampi, ഡോ. സീതു പൊന്നു തമ്പി,Nipah virus, നിപ വൈറസ്, നിപ്പ വൈറസ്, iemalayalam, ഐഇ മലയാളം

ഡോ. സീതുവും കുടുംബവും

മക്കളെ അച്ഛനമ്മമാരെ ഏൽപ്പിച്ചു

“കുട്ടികളെ കുറിച്ചായിരുന്നു ടെൻഷൻ. ഹോസ്‌പിറ്റലിൽ നിന്നും വരുമ്പോൾ കുട്ടികൾ ഓടി വന്ന് ശരീരത്തിലൊക്കെ ചാടി കയറും, ഫോൺ എടുത്തു കളിക്കും. അതു കൊണ്ട് നിപ്പ സ്ഥിതീകരിച്ചപ്പോൾ തന്നെ മക്കളെ കോടഞ്ചേരിയിലുള്ള എന്റെ പാരന്റ്സിന്റെ അടുത്താക്കി. ഇനി ഞങ്ങൾ രണ്ടു പേരും മാത്രമല്ലേ ഉള്ളൂ, എന്തു വന്നാലും കുഴപ്പമില്ല എന്നു വിചാരിച്ചു.”

ഇരുപത്തിയൊന്നു വരെയുള്ള ‘ഇന്‍ക്യുബേഷന്‍ പിരീഡ്’ ടെൻഷനോടെയാണ് അവര്‍ തള്ളി നീക്കിയത്. അൽപ്പം Anxiety കൂടുതലുള്ളതു കൊണ്ട് ചുമയുണ്ടോ തൊണ്ടവേദനയുണ്ടോ എന്നൊക്കെ ചോദിച്ച് താൻ ഭർത്താവിന് പിന്നാലെ നടക്കുമായിരുന്നു എന്നും ഡോ. സീതു ഓര്‍ത്തെടുത്തു.

“ഓരോ ദിവസവും കലണ്ടറിൽ വെട്ടി കളയും. അതിനിടയിൽ ഭർത്താവിനൊപ്പം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഡോക്ടർ സുഹൃത്തിന് നിപ്പയുടെ ലക്ഷണങ്ങൾ സംശയിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അതു വരെ സംഭരിച്ച ധൈര്യം ഒക്കെ വീണ്ടും ചോർന്നു. ടെൻഷനിന്റെ പാരമ്യം അതായിരുന്നു ആ മാനസികാവസ്ഥ. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്കളെ നോക്കണം എന്നൊക്കെ ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു. എല്ലാവരും പ്രാർത്ഥനയിലായിരുന്നു.”

 

ഓരോ മരണവാർത്തയും തളർത്തി

“ഓരോ മരണങ്ങളും ഞങ്ങളെയും ബാധിച്ചു തുടങ്ങിയിരുന്നു. ഇന്ന് നിപ്പ, നാളെ വേറെ വല്ല മാരകമായ അസുഖവും വരാം. നമ്മളിപ്പോൾ ഒളിച്ചോടാൻ നിന്നാൽ അതിനെ സമയം കാണൂ. നമുക്ക് വരുന്നിടത്ത് വെച്ചു കാണും. ഒന്നുമില്ലെങ്കിലും തേങ്ങ വീണോ, വണ്ടിയിടിച്ചോ ഒക്കെ മരിക്കുന്നതു പോലെയല്ലല്ലോ. ജോലി ചെയ്യുന്നതിനിടയിൽ, മറ്റൊരാളെ ശ്രുശൂഷിക്കുന്നതിനിടയിൽ മരിക്കുകയല്ലേ? നമുക്ക് അങ്ങനെ ആശ്വസിക്കാം. WHO യുടെ ലിസ്റ്റിലെങ്കിലും പേരു വരുമല്ലോ എന്ന് ഭർത്താവെനിക്ക് ധൈര്യം തരുന്നുണ്ടായിരുന്നു. അതിനിടയിൽ ഭർത്താവിനൊപ്പം ജോലി ചെയ്ത ആ സുഹൃത്തിന് നിപ്പ നെഗറ്റീവ് ആണെന്നു റിപ്പോർട്ടു വന്നപ്പോൾ സമാധാനമായി.”

നിപ്പ പേഷ്യന്റ് ഉള്ളതു കൊണ്ട് മെഡിക്കൽ കോളേജിലേക്കും ബേബിയിലേക്കും ആളുകൾ വരാൻ മടിച്ചു, അതോടെ ഇക്രയിലേക്കായി രോഗികളുടെ ഒഴുക്ക്. ആദ്യം ഒന്നു പതറിയിരുന്നെങ്കിലും പതിയെ അവര്‍ ജോലികളിൽ മുഴുകി.  ജോലി മാറ്റിയെടുക്കാൻ പോലും ആളില്ലാത്ത അവസ്ഥ, ലീവ് പോലും എടുക്കാതെ ജോലി ചെയ്യുകയായിരുന്നു ഡോ. സീതുവിന്റെ ഭർത്താവ് ആ സമയത്ത്. വിശ്രമമില്ലാത്ത ജോലിയും നൈറ്റ് ഡ്യൂട്ടിയുമൊക്കെ കാരണം അദ്ദേഹത്തിന്റെ ഇമ്മ്യൂണിറ്റി കുറയുമോ എന്നും അവര്‍ ഭയപ്പെട്ടു.

Read More: Virus Movie Release: സിനിമ അവര്‍ നന്നായി ചെയ്തിട്ടുണ്ട്, പക്ഷേ എനിക്കിത് വെറും സിനിമയല്ലല്ലോ: ലിനിയുടെ ഭര്‍ത്താവ് സജീഷ് പറയുന്നു

സിപി കിറ്റിന് അകത്തെ ജീവിതം

നിപ്പയുടെ പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുമായി ഇടപഴകുന്നവരെല്ലാം സിപി കിറ്റ് എന്ന Protective Gear ഇടണം എന്ന് നിര്‍ബന്ധമാണ്.

“ആറു മണിക്കൂർ കൂടുമ്പോൾ പുതിയ സിപി കിറ്റ് ഇടണം. ബാത്ത് റൂമിൽ പോവാൻ ബുദ്ധിമുട്ട്, സിപി കിറ്റ് ഇട്ടുകഴിഞ്ഞാൽ പിന്നെ ഫോണെടുക്കാൻ പറ്റില്ല. ഇൻഫെക്റ്റഡ് ആയ ഗ്ലൗസ് ഫോണിൽ സ്പർശിച്ചാൽ ഫോണും ഇൻഫെക്റ്റഡ് ആവും,” സിപി കിറ്റിനുള്ളില്‍ ജീവിച്ചു തീര്‍ത്ത ദിനങ്ങളെക്കുറിച്ച് ഡോ. സീതു പറഞ്ഞു.

സിഐഡി എന്ന് ആദ്യം വിളിച്ചത് കളക്ടർ

ഡോ. സീതു നിപ്പയെക്കുറിച്ച് കണ്ടെത്തിയ വിവരങ്ങള്‍ ആദ്യം നിപ്പ സെല്ലിന്റെ കോർ കമ്മറ്റി മീറ്റിംഗിൽ പ്രസന്റ് ചെയ്യപെട്ടു.  പിന്നീട് നടന്ന എല്ലാ കോർ കമ്മറ്റി മീറ്റിംഗിലും ഡോ സീതുവിന്റെ സാന്നിധ്യം കളക്ടറും ഡി എച്ച് എസും ആവശ്യപ്പെട്ടു.

“ആദ്യം നല്ല ടെൻഷനുണ്ടായിരുന്നു. കളക്ടർ, ഡി എച്ച് എസ്, ഗതാഗതവകുപ്പ് മന്ത്രി അങ്ങനെ കുറേ ഉയർന്ന ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നു. പ്രസന്റേഷൻ കഴിഞ്ഞപ്പോൾ മന്ത്രി അഭിനന്ദിച്ചു, നന്നായി വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിച്ചു എന്നൊക്കെ പറഞ്ഞു. ഇനി മുതൽ എല്ലാ കോർ കമ്മറ്റി മീറ്റിംഗിലും താൻ വരണമെന്ന് പറയുന്നത് കളക്ടറും ഡി എച്ച് എസും ചേർന്നാണ്.”

ഒരു ദിവസം ഫീൽഡ് വർക്കിന് പോയതു കൊണ്ട് ഡോ സീതുവിന് റിവ്യൂ മീറ്റിംഗിൽ പങ്കെടുക്കാൻ പറ്റിയില്ല. അന്ന് കളക്ടർ മീറ്റിംഗിനിടെ ചോദിച്ചു, ‘എവിടെ പോയി നമ്മുടെ സി ഐഡി?’ എന്ന്. പിന്നാലെ ആ വിളി അവിടെയുള്ള എല്ലാവരും ഏറ്റെടുത്തു. ഇപ്പോള്‍ മലയാള സിനിമയും ഏറ്റെടുത്തിരിക്കുന്നു ആ സിഐഡി വിളിയെ.

“സിനിമ കണ്ട് കഴിഞ്ഞ് കളക്ടർ ജോസ് സാർ വിളിച്ചു. എനിക്കാദ്യം അത്ഭുതമായിരുന്നു, ദേജാവു ആണോ എന്നൊക്കെ സംശയിച്ചു. ഞാനിട്ട പേര് ഹിറ്റായല്ലോ എന്നൊക്കെ പറഞ്ഞ് അഭിനന്ദിച്ചു,” ഡോ. സീതുവിന്റെ വാക്കുകളിലും സന്തോഷം നിറഞ്ഞു.

വൈറസ്, virus, Virus Movie, വൈറസ് മൂവി, വൈറസ് സിനിമ, virus review, parvathy thiruvoth, parvathy in virus, dr seethu ponnu thampi, ഡോ. സീതു പൊന്നു തമ്പി,Nipah virus, നിപ വൈറസ്, നിപ്പ വൈറസ്, iemalayalam, ഐഇ മലയാളം

നിപ്പ സെല്ലിന്റെ കോർ കമ്മറ്റി മീറ്റിംഗിൽ സംസാരിക്കുന്ന ഡോ. സീതു

പാർവ്വതിയെന്നെ ഞെട്ടിച്ചു

നിപ്പകാലത്തെ അനുഭവങ്ങൾ ചോദിച്ചറിയാൻ തിരക്കഥാകൃത്തുകൾ വന്നപ്പോഴും ഡോ സീതു കരുതിയിരുന്നില്ല, ഒരു  കഥാപാത്രമായി സിനിമയിൽ ഉണ്ടാകുമെന്ന്. ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേ ദിവസം പാർവ്വതി വന്നപ്പോഴാണ് അവര്‍ക്ക് മനസ്സിലായത്.

“അന്ന് എങ്ങനെയാണ് കാര്യങ്ങൾ മീറ്റിംഗിൽ പ്രസന്റ് ചെയ്തത്, എങ്ങനെയായിരുന്നു സംസാരിച്ചത് എന്നൊക്കെ പാർവ്വതി എന്നോട് കൃത്യമായി ചോദിച്ചു മനസ്സിലാക്കി. എന്റെ ഹെയർ സ്റ്റെൽ, ഡ്രസ്സിംഗ് സ്റ്റൈൽ, ഹാൻഡ് ബാഗ് അതിന്റെയൊക്കെ ഫോട്ടോ എടുത്തു. ഞാൻ സാധാരണ ഉപയോഗിക്കുന്ന നിറങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചു. എന്റെ അതേ ഹെയർ സ്റ്റൈലും അന്തംവിട്ടുള്ള നടത്തവും വെപ്രാളവുമൊക്കെ അതേപോലെ തന്നെ പാർവ്വതി അഭിനയിച്ചിരിക്കുന്നു എന്നാണ് ഫ്രണ്ട്സ് ഒക്കെ പറഞ്ഞത്. നീ വന്ന് സ്ക്രീനിൽ നിൽക്കുന്ന പോലെ തോന്നി, പാർവ്വതി ഇതെങ്ങനെ ഒപ്പിച്ചെടുത്തു എന്നൊക്കെ ചോദിച്ചു. ഒന്നര മണിക്കൂർ മാത്രമേ പാർവ്വതി എന്നെ കണ്ടുള്ളൂ, അതിനിടയിൽ എന്റെ മാനറിസങ്ങൾ വരെ ഒപ്പിയെടുത്തു എന്നു കണ്ട് ഞാനും ഞെട്ടിപ്പോയി.”

ഫോണിൽ കൂടിയായിരുന്നു ഡോ. സീതുവിന്റെ വിവരശേഖരണം കൂടുതലും നടന്നത്. ഓരോ ദിവസവും എണ്ണമില്ലാത്തത്രയും കോളുകൾ വിളിച്ചിട്ടുണ്ട് എന്ന് അവര്‍ പറയുന്നു.

“മൂന്നു ദിവസം കൊണ്ടൊക്കെയാണ് ചിലപ്പോൾ ഒരാളുടെ ഹിസ്റ്ററി മനസ്സിലാവുക. ഒരു ദിവസം മൊത്തം അന്വേഷിച്ചാലും ഒരു സ്റ്റോറിയുടെ പകുതിയെയൊക്കെയേ കിട്ടു. പിന്നെ നമ്മൾ ബ്ലാങ്ക് ആവും. പിന്നെ അയാൾ എവിടെയായിരിക്കും പോയതെന്നൊക്കെ ഓർത്തു കൊണ്ടിരിക്കുമ്പോഴായിരിക്കും മറ്റെന്തെങ്കിലും കണക്ഷൻ കിട്ടുക.”, ഡോ. സീതു പറഞ്ഞു നിര്‍ത്തി.

Read More: Best of Parvathy Thiruvoth: മലയാള സിനിമയുടെ പ്രതീക്ഷയായി മാറുന്ന പാര്‍വ്വതി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook