അനുഷ്ക ശര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമായ ‘പാരി’യുടെ ടീസറിനെ കുറിച്ചാണ് ബോളിവുഡിലെ സംസാരം. യൂട്യൂബിലും സോഷ്യൽ മീഡിയയിലും ടീസര്‍ ഇതിനകം നിരവധി പേരാണ് കണ്ടത്. ആരാധകര്‍ ടീസര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ മറ്റൊരാള്‍ കൂടി അനുഷ്കയുടെ ഫാന്‍ ആയി മാറിയിരിക്കുകയാണ്. മറ്റാരുമല്ല, ഭര്‍ത്താവ് വിരാട് കോഹ്‌ലി തന്നെ.

നിലിവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിന മൽസരത്തിനായി കേപ്പ് ടൗണിലുളള കോഹ്‌ലി തന്റെ ട്വിറ്റര്‍ പേജിലൂടെ ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേരിനൊപ്പമുളള തലവാചകം തന്നെയാണ് കോഹ്‌ലിയും വീഡിയോയ്ക്ക് ഒപ്പം ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഇതൊരു മുത്തശ്ശിക്കഥ അല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു’ എന്നാണ് കോഹ്‌ലി കുറിച്ചിരിക്കുന്നത്. തനിക്ക് ഇത് ഇഷ്ടമായെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ഏകദിനത്തിന്റെ തിരക്കിനിടയിലും ഭാര്യയുടെ ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്ത കോഹ്‌ലിയെ ആരാധകര്‍ അഭിനന്ദിക്കുകയാണ്. പരംബ്രത ചാറ്റര്‍ജി, രജത് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് അനുഷ്ക ചിത്രത്തില്‍ അഭിനയിക്കുന്നത്. അനുഷ്ക തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 2ന് ചിത്രം റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ