ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയും തമ്മിലുളള വിവാഹത്തിന്റെ വാര്‍ത്തകള്‍ വീണ്ടും സജീവമാവുകയാണ്. വരുന്നയാഴ്ച ഇരുവരും ഇറ്റലിയില്‍ വച്ച് വിവാഹിതരായേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെയാണ് അനുഷ്ക കുടുംബസമേതം ഇറ്റലിയിലേക്ക് വിമാനം കയറിയത്. വൈകാതെ തന്നെ കോഹ്‌ലിയും ഡല്‍ഹിയില്‍ നിന്നും പറന്നു.

ഇരുവരും നവദമ്പതികളായാണ് പുതുവത്സരം ആഘോഷിക്കുന്ന എന്ന റൂമറുകള്‍ ഇതോടെ ശക്തമാവുകയും ചെയ്തു. ഇരുവരുടേയും വിവാഹ ചടങ്ങില്‍ ആരൊക്കെയായിരിക്കും പങ്കെടുക്കുക എന്നാണ് പുതിയ സംസാരം. ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഏഴ് ബോളിവുഡ് സെലബ്രിറ്റികള്‍ വിവാഹത്തിന് ഇറ്റലിയിലെത്തും.

1. ഷാരൂഖ് ഖാന്‍: ഭാര്യ ഗൗരി ഖാനും മക്കള്‍ക്കും ഒപ്പമായിരിക്കും ഷാരൂഖ് വിവാഹത്തിന് എത്തുക. ബോളിവുഡില്‍ അനുഷ്കയ്ക്ക് ഏറെ അടുപ്പമുളളത് കിങ് ഖാനോടാണ്. റബ് നെ ബനാദി ജോഡി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനുഷ്ക യേ ദില്‍ ഹെ മുഷ്കില്‍ എന്ന ചിത്രത്തിലും ഷാരൂഖിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

2. ആമിര്‍ഖാന്‍: പികെ എന്ന ഒറ്റചിത്രത്തില്‍ മാത്രമാണ് അനുഷ്കയും ആമിറും ഒന്നിച്ചതെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. കൂടാതെ കോഹ്‌ലിയുമായും ആമിറിന് അടുപ്പമുണ്ട്.

3. ആദിത്യ ചോപ്ര: അനുഷ്കയെ ബോളിവുഡിലേക്ക് കൈപിടിച്ച് കയറ്റിയ സംവിധായകനാണ് ആദിത്യ ചോപ്ര. ഷാരൂഖിനൊപ്പമുളള ആദ്യ ചിത്രത്തിലൂടെ തന്നെ അനുഷ്ക ബോളിവുഡില്‍ മികവ് പുലര്‍ത്തി.

4. രണ്‍ബീര്‍ കപൂര്‍: ബോളിവുഡില്‍ ഏറെയൊന്നും സുഹൃദ്ബന്ധം ഇല്ലാത്ത അനുഷ്കയ്ക്ക് രണ്‍ബീറിനോട് ഏറെ അടുപ്പമാണ്. ബോംബെ വെല്‍വെറ്റ്, യേ ദില്‍ഹെ മുഷ്കില്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

5. കരണ്‍ ജോഹര്‍: കരണ്‍ ജോഹറിന്റെ യേ ദില്‍ ഹെ മുഷ്കില്‍ എന്ന ചിത്രത്തില്‍ മാത്രമാണ് അനുഷ്ക അഭിനയിച്ചിട്ടുളളത് എങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്.

6. കത്രീന കെയ്ഫ്: യാഷ് ചോപ്രയുടെ ജബ് തക് ഹെ ജാന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കത്രീന എന്നും അനുഷ്കയെ പരസ്യമായി പുകഴ്ത്തുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്.

7. മനീഷ് ശര്‍മ്മ: അനുഷ്കയുടെ ബന്ദ് ബജാ ഭാരത്, ലേഡിസ് വേഴ്സസ് വിക്കി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മനീഷ്. സംവിധായകക്കൂട്ടത്തില്‍ അനുഷ്ക ഏറെ സൗഹൃദം പുലര്‍ത്തുന്നത് മനീഷുമായിട്ടാണ്.

വിവാഹത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളൊന്നും തന്നെ പങ്കെടുത്തേക്കില്ല. ഇവര്‍ക്ക് വേണ്ടി ഇന്ത്യയില്‍ പിന്നീട് സത്കാരം ഒരുക്കും. ഡിസംബര്‍ 21ന് മുംബൈയിലായിരിക്കും സത്കാരം നടക്കുക. എന്നാല്‍ വിദേശ ടീമുകളിലെ താരങ്ങള്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook