കങ്കണ റണാവത്തും കരൺ ജോഹറും തമ്മിലുളള വാക് പോര് തുടങ്ങിയിട്ട് നാളുകളേറെയായി. അടുത്തിടെയായി ഇരുവരും വാക് പോര് നിർത്തിയെങ്കിലും നേരിൽ കാണുന്നത് പരസ്പരം ഒഴിവാക്കുകയാണ് പതിവ്. വിരാട് കോഹ്‌ലി-അനുഷ്ക ശർമ്മ മുംബൈ വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയപ്പോൾ കരൺ ജോഹറുമായി പരസ്പരം കാണുന്നത് കങ്കണ തന്ത്രപരമായി ഒഴിവാക്കി.

ഗോൾഡൻ നിറത്തിലുളള സാരിയായിരുന്നു കങ്കണയുടെ വേഷം. ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതിനിടെയാണ് കങ്കണ ബോളിവുഡിന്റെ താരറാണിമാരായിരുന്ന രേഖയെയും മാധുരി ദീക്ഷിതിനെയും കണ്ടത്. പിന്നാലെ മൂവരും ഒന്നിച്ചുനിന്ന് ക്യാമറയ്ക്ക് പോസ് ചെയ്തു. ഏറെ നേരം രേഖയ്ക്കും മാധുരിയ്ക്കും ഒപ്പം കങ്കണ ചെലവഴിക്കുകയും ചെയ്തു. ഇതിനിടയിലാണ് സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പം കരൺ ജോഹർ അവിടെ എത്തിയത്. കരൺ ജോഹർ വരുന്നത് കങ്കണ രേഖയോടും മാധുരിയോടും യാത്ര പറഞ്ഞ് പെട്ടെന്ന് തന്നെ അവിടെനിന്നും പോയി. കങ്കണ പോയതിനുപിന്നാലെ രേഖയും മാധുരിയും കരണിന്റെ അടുത്തെത്തി അദ്ദേഹവുമായി സംസാരിച്ചു.

കരൺ ജോഹറിന്റെ ചാറ്റ് ഷോയായ കോഫി വിത്ത് കരണിൽ തുടങ്ങിയതാണ് ഇരുവരുടെയും വാക് പോര്. പരിപാടിയില്‍ വന്നപ്പോഴാണ് കങ്കണ ആദ്യം കരണ്‍ ജോഹറിനെതിരെ സംസാരിച്ചത്. കരണിന് പക്ഷപാതമാണെന്നും പെരുമാറ്റം ശരിയല്ല എന്നുമൊക്കെയായിരുന്നു കങ്കണ പറഞ്ഞത്.
ഇതിന് അനുപം ചോപ്രയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവേ കങ്കണയ്ക്ക് കരണ്‍ മറുപടി നൽകിയത്. എന്റെ സഹോദരങ്ങളെയും മരുമക്കളെയും വച്ചിട്ടല്ല സിനിമ ചെയ്യുന്നതെന്നു എനിക്കെന്തിനാണ് പക്ഷപാതമെന്നും ചോദിച്ചു. ഇഷ്ടമല്ലെങ്കില്‍ കങ്കണ ബോളിവുഡ് ഇന്റസ്ട്രി വിട്ട് പോകുന്നതാവും നല്ലതെന്നും കരൺ പറഞ്ഞു.

ഇതിന് കങ്കണയുടെ മറുപടി നല്ല കടുപ്പത്തിലായിരുന്നു. ഇന്ത്യന്‍ സിനിമ ഒരു ചെറിയ സ്റ്റുഡിയോ അല്ല എന്നും അത് കരണ്‍ ജോഹറിന്റെ അച്ഛന്റെ സംഭാവന അല്ല എന്നും കങ്കണ പറഞ്ഞു. ബോളിവുഡ് എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണ്. മറ്റുള്ളവരോട് ബോളിവുഡ് വിട്ട് പോകാന്‍ കരണിന് എന്ത് അധികാരമാണുള്ളത്. ഞാന്‍ എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ