രാജ്യത്തെ തന്നെ ഏറ്റവും പോപ്പുലറായ താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും. കഴിഞ്ഞ ദിവസം വൃന്ദാവനിലെ ആശ്രമം സന്ദർശിച്ചതിനു ശേഷം ക്രിക്കറ്ററായ വിരാട് തന്റെ സോഷ്യൽ മീഡിയയിലൂടെ ഒരു കുറിപ്പ് പങ്കുവച്ചു. ‘എല്ലാ അനുഗ്രഹങ്ങളും നൽകുന്ന ദൈവത്തിനു നന്ദി’ എന്നാണ് അതിൽ വിരാട് കുറിച്ചത്.
മകൾ വാമികയ്ക്കും അനുഷ്ക്കയ്ക്കുമൊപ്പമുള്ള ചിത്രമാണ് വിരാട് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.മകളുടെ കൈപിടിച്ച് കടൽ തീരത്തു കൂടി നടക്കുകയാണ് താരങ്ങൾ. “ദൈവം എനിക്ക് എല്ലാ അനുഗ്രഹങ്ങളും തന്നു. ഇനി എനിക്ക് ചോദിക്കാനായി ഒന്നുമില്ല പകരം നന്ദി പറയുകയാണ് ചെയ്യേണ്ടത്” വിരാട് ചിത്രത്തിനു താഴെ കുറിച്ചു.
യു എ ഇയിൽ അവധി ആഘോഷിക്കുന്നതിനിടയിൽ പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. ഇത്തവണയും മകളുടെ മുഖം ചിത്രത്തിൽ വ്യക്തമല്ല. ദുബായിലേക്ക് പോകുന്നതിനു മുൻപ് താരദമ്പതികൾ വൃന്ദാവനിലുള്ള ബാബ നീം കരോളി ആശ്രമം സന്ദർശിച്ചിരുന്നു. കൈകൂപ്പി പ്രാർത്ഥിക്കുന്ന ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. അനുഷ്കയുടെ മടിയിലിരിക്കുന്ന വാമികയെ വീഡിയോയിൽ കാണാം.
നാലു വർഷമായി സിനിമാജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്ക. ജുലാൻ ഗോസ്വാമിയായി എത്തുന്ന ‘ചക്ത എക്സ്പ്രസാ’ണ് അനുഷ്കയുടെ പുതിയ ചിത്രം. നെറ്റഫ്ലിക്സിലൂടെയായിരിക്കും ചിത്രം റിലീസ് ചെയ്യുക.