ഏറെ ആരാധകരുള്ള ബോളിവുഡ് നായികമാരിൽ ഒരാളാണ് അനുഷ്ക ശർമ. അനുഷ്കയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാൾ ഭർത്താവ് വിരാട് കോഹ്ലി തന്നെ. അനുഷ്കയുടെ സിനിമകളിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രമേതെന്ന് തുറന്നു പറയുകയാണ് വിരാട് കോഹ്ലി. ‘യേ ദിൽ ഹെ മുസ്കിൽ’ ആണ് വിരാട് എടുത്തു പറഞ്ഞ ആ ചിത്രം. ഒരു അഭിമുഖത്തിനിടെയായിരുന്നു വിരാടിന്റെ വെളിപ്പെടുത്തൽ.
ചിത്രത്തിൽ അനുഷ്ക അവതരിപ്പിച്ച അലിസെ ഖാൻ എന്ന കഥാപാത്രമാണ് തനിക്കേറെ പ്രിയപ്പെട്ടതെന്നും ഇപ്പോഴും ഇടയ്ക്ക് യൂട്യൂബിൽ ആ സിനിമയിലെ സീനുകൾ കാണാറുണ്ടെന്നും വിരാട് വെളിപ്പെടുത്തി.
“യേ ദിൽ ഹെ മുസ്കിലിൽ അനുഷ്ക അവതരിപ്പിച്ച അലിസെ ഖാൻ. എന്നെ സംബന്ധിച്ചിടത്തോളം ആ കഥാപാത്രം എക്കാലത്തെയും എനിക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴും ഞാനാ കഥാപാത്രത്തെ കുറിച്ച് അവളോട് സംസാരിക്കാറുണ്ട്. ചിലപ്പോൾ ഞാൻ ഇരുന്ന് യൂട്യൂബ് തുറന്ന് അലിസെയെന്ന ആ കഥാപാത്രത്തിന് ക്യാൻസർ വരുന്നതും രൺബീർ തിരിച്ചെത്തുന്നതുമായ സീനുകൾ കാണാറുണ്ട്. ആ ഗാനം എന്റെ ഹൃദയത്തെ വേദനിപ്പിക്കാറുണ്ട്. അത് ഒരിക്കലും എവിടെയും പോകില്ല,” വിരാട് പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കോഹ്ലി.
അനുഷ്കയും രൺബീറും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘യെ ദിൽ ഹെ മുഷ്കിൽ’ എന്ന ചിത്രത്തിൽ ഐശ്വര്യാറായും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കരൺ ജോഹറായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ധര്‍മ്മാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹീരു യാഷ് ജോഹറും കരണ്‍ ജോഹറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം സാമ്പത്തികപരമായും വിജയം നേടിയിരുന്നു. 237 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.
താരദമ്പതിമാരിൽ എപ്പോഴും സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നവരാണ് ആരാധകർ വിരുഷ്ക എന്ന് സ്നേഹത്തോടെ വിളിക്കുന്ന വിരാട് കോഹ്ലി – അനുഷ്ക ശർമ്മ ദമ്പതികൾ. ഇന്ത്യൻ ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിലെ താരറാണിയും വിവാഹിതരാകുന്നത് 2017ലാണ്. നാലു വർഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
Read more: തെരുവ് നായ്ക്കളെ ലാളിച്ച് അനുഷ്കയും വിരാടും; ഭൂട്ടാൻ വെക്കേഷൻ ചിത്രങ്ങൾ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook